Cricket
തലയില്‍ കയറി കളി വേണ്ട...; ക്രുണാലിന്‍റെ അതിരുവിട്ട ആഘോഷത്തിന് രൂക്ഷ വിമര്‍ശനം
Cricket

"തലയില്‍ കയറി കളി വേണ്ട..."; ക്രുണാലിന്‍റെ അതിരുവിട്ട ആഘോഷത്തിന് രൂക്ഷ വിമര്‍ശനം

Web Desk
|
25 April 2022 11:39 AM GMT

മുന്‍ ഇന്ത്യന്‍‌ താരങ്ങളും ആരാധകരുമടക്കം നിരവധി പേരാണ് ക്രുണാലിനെ വിമര്‍ശിച്ചു രംഗത്തെത്തിയത്

ഐ.പി.എല്ലിൽ തുടർച്ചയായ എട്ടാം തോൽവി ഏറ്റു വാങ്ങിയ മുംബൈ ഇന്ത്യൻസ് ഏറെക്കുറെ ഇക്കുറി സെമി കാണാതെ പുറത്താവുമെന്ന് ഉറപ്പായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസം ലക്‌നൗ സൂപ്പർ ജയന്‍റ്സിനെതിരെയാണ് മുംബൈ തോൽവി ഏറ്റുവാങ്ങിയത്. 36 റൺസിനായിരുന്നു ലക്‌നൗവിന്‍റെ ജയം. മത്സരത്തിനിടെ ചില നാടകീയ രംഗങ്ങളും അരങ്ങേറി.. മുംബൈ ഇന്ത്യൻസ് താരം കീറോൺ പൊള്ളാർഡിന്‍റെ വിക്കറ്റ് നേടിയ ശേഷം ലക്‌നൗ താരം ക്രുണാൽ പാണ്ഡ്യ വിക്കറ്റ് നേട്ടം ആഘോഷിച്ചത് പൊള്ളാർഡിന തന്നെ ചുമലിൽ ചാടിക്കയറിയായിരുന്നു. വിക്കറ്റ് വീണയുടൻ നിശബ്ദമായി പവലിയനിലേക്ക് മടങ്ങുകയായിരുന്ന പൊള്ളാർഡിന് അടുത്തേക്ക് ഓടിയെത്തിയ താരം പൊള്ളാർഡിന്റെ ചുമലിൽ ചാടിക്കയറി തലയിൽ ഉമ്മ വച്ചു. ക്രുണാലിന്‍റെ ഈ ആഘോഷം വലിയ വിമര്‍ശനങ്ങള്‍ ഏറ്റു വാങ്ങുകയാണിപ്പോള്‍.

ചില മുൻ ഇന്ത്യൻ താരങ്ങളും ആരാധകരും ക്രുണാലിന്‍റെ ആഘോഷത്തെ വിമര്‍ശിച്ചു രംഗത്തെത്തി. ക്രുണാലിന്‍റെ ആഘോഷം അതിരുകടന്നുവെന്ന് മുൻ ഇന്ത്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പാർഥിവ് പട്ടേൽ പറഞ്ഞു. "ക്രുണാലും പൊള്ളാർഡും അടുത്ത സുഹൃത്തുക്കളായിരിക്കാം. പക്ഷെ കളിക്കളത്തിൽ കാര്യങ്ങൾ വ്യത്യസ്തമാണ്. മുംബൈ തോൽവിയിലേക്ക് നീങ്ങുന്ന സന്ദർഭത്തിൽ അങ്ങനെയൊരു ആഘോഷം ഒഴിവാക്കണമായിരുന്നു. ഡ്രസ്സിങ് റൂമിൽ നിങ്ങൾക്ക് ഇത് ഇഷ്ടം പോലെ ചെയ്യാം.. എന്നാൽ മൈതാനത്ത് ഇത് അതിരുകടന്ന പ്രവർത്തിയാണ്" - പട്ടേല്‍ പറഞ്ഞു.

ക്രുണാലിന്റെ ആഘോഷത്തിനെതിരെ മുൻ ഇന്ത്യൻ ബൗളർ ആർ.പി സിങ്ങും വിമർശനവുമായി രംഗത്തെത്തി.. "ഒരു കളിക്കാരനും തോൽക്കാൻ ആഗ്രഹിക്കുന്നില്ല. അതിനിടയിൽ ഇങ്ങനെയുള്ള ആഘോഷങ്ങൾ തീർത്തും ഒഴിവാക്കപ്പെടേണ്ടതായിരുന്നു. പൊള്ളാര്‍ഡ് അപ്പോള്‍‌ ഏത് വൈകാരികാവസ്ഥയിലൂടെയാണ് കടന്നു പോവുന്നത് എന്ന് നിങ്ങൾക്കൊരിക്കലും അറിയില്ല. അദ്ദേഹം തിരിച്ചെത്തി പ്രതികരിച്ചിരുന്നെങ്കിൽ എന്തായേനെ. ടീം തോൽവിയിലേക്ക് കൂപ്പു കുത്തുമ്പോൾ യാതൊന്നും ചെയ്യാനാവാതെ മടങ്ങുന്ന കളിക്കാരന്റെ മാനസികാവസ്ഥ ക്രുണാൽ പരിഗണിക്കണമായിരുന്നു"- ആര്‍.പി സിങ്ങ് പറഞ്ഞു. ക്രുണാലിന്‍റെ ആഘോഷം അനവസരത്തിലായിപ്പോയെന്ന് നിരവധി ആരാധകര്‍ ട്വീറ്റ് ചെയ്തു.

മത്സരത്തിൽ ക്രുണാൽ പാണ്ഡ്യയുടെ വിക്കറ്റ് നേടിയത് പൊള്ളാർഡായിരുന്നു. തിരിച്ച് ക്രുണാൽ പൊള്ളാർഡിന്റെ വിക്കറ്റ് വീഴ്ത്തിയപ്പോള്‍ ക്രുണാലിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. "പൊള്ളാർഡിനെ പുറത്താക്കാനായിരുന്നില്ലെങ്കിൽ ജീവിതകാലം മുഴുവൻ അദ്ദേഹം അതും പറഞ്ഞ് എന്നെ കളിയാക്കിയേനെ.. ഇപ്പോൾ രണ്ടാളും 1-1 എന്ന നിലയിലാണ്"

summary: Disrespectful': Krunal Pandya Plants Kiss on Pollard During Sendoff, Criticised by former indian players

Similar Posts