ചെന്നൈ X കൊൽക്കത്ത കലാശപോര്; കണക്കുകൾ ആർക്കൊപ്പം ?
|ഐപിഎല്ലിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേർസും ഏറ്റുമുട്ടിയത് 25 തവണയാണ്
ഐപിഎൽ 14-ാം സീസണിൽ കലാശപ്പോരിൽ മഹേന്ദ്രസിങ് ധോണി നയിക്കുന്ന ചെന്നൈ സൂപ്പർ കിങ്‌സും ഓയിൻ മോർഗൻ നയിക്കുന്ന കൊൽക്കത്ത നൈറ്റ് റൈഡേർസും നാളെ ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ വച്ച് ഏറ്റുമുട്ടുമ്പോൾ കണക്കുകൾ ആരെ പിന്തുണക്കുന്നുവെന്ന് നോക്കാം.
ഐപിഎല്ലിൽ ഇതുവരെ ചെന്നൈ സൂപ്പർ കിങ്‌സും കൊൽക്കത്ത നൈറ്റ് റൈഡേർസും ഏറ്റുമുട്ടിയത് 25 തവണയാണ്. അതിൽ 16 പ്രാവശ്യവും വിജയിച്ചത് ധോണിയുടെ ചെന്നൈ പടയായിരുന്നു. 8 തവണ മാത്രമേ കൊൽക്കത്തയ്ക്ക് ചെന്നൈക്ക് മുകളിൽ വിജയം നേടാൻ സാധിച്ചുള്ളൂ. ഒരു മത്സരം ഫലമില്ലാതെ അവസാനിക്കുകയാണുണ്ടായത്.
തമ്മിൽ മത്സരിക്കുമ്പോൾ ഏറ്റവും ഉയർന്ന സ്‌കോർ നേടിയതും ചെന്നൈ സൂപ്പർ കിങ്‌സാണ്. 220 റൺസ് എന്ന റൺമല ചെന്നൈക്ക് ഉയർത്താൻ സാധിച്ചിരുന്നു. കൊൽക്കത്ത ചെന്നൈക്ക് എതിരേ നേടിയ ഉയർന്ന സ്‌കോർ 202 ആണ്.
പരസ്പരം ഏറ്റുമുട്ടിയപ്പോൾ ഏറ്റവും കുറഞ്ഞ സ്‌കോർ നേടിയതും കൊൽക്കത്തയായിരുന്നു-108 റൺസ്. കൊൽക്കത്തയ്‌ക്കെതിരേ ചെന്നൈ നേടിയ ഏറ്റവും കുറഞ്ഞ സ്‌കോർ 114 ആണ്.
ഈ സീസണിൽ പരസ്പരം ഏറ്റുമുട്ടിയപ്പോൾ രണ്ട് പ്രാവശ്യവും വിജയെ സിഎസ്‌ക്കെയ്ക്ക് ഒപ്പം നിന്നു. മാത്രമല്ല കഴിഞ്ഞ സീസണിൽ അവസാനമായി ഏറ്റുമുട്ടിയപ്പോഴും വിജയിച്ചത് ചെന്നൈയായിരുന്നു. അതുംകൂടി ചേർത്താൽ പരസ്പരം മത്സരിച്ച അവസാന മൂന്ന് മത്സരങ്ങളിലും ചെന്നൈയുടെ രാജാക്കൻമാരെ തോൽപ്പിക്കാൻ കൊൽക്കത്തയ്ക്ക് സാധിച്ചിരുന്നില്ല.
അതേസമയം ഐപിഎൽ ഫൈനലിൽ ഇതിന് മുമ്പ് 2012 ൽ ഏറ്റുമുട്ടിയപ്പോൾ കൊൽക്കത്തയ്ക്കായിരുന്നു വിജയം.
പ്ലേ ഓഫിൽ അവസാനസ്ഥാക്കാരായി കടന്നു കൂടി പ്ലേ ഓഫിലെ രണ്ട് മത്സരങ്ങളും വിജയിച്ച് ഫൈനലിലെത്തിയ ടീമാണ് കൊൽക്കത്ത. അതുകൊണ്ട് തന്നെ 2014ന് ശേഷം കിരീടം നേടിയിട്ടില്ലെന്ന കളങ്കം മായിക്കാൻ കൊൽക്കത്ത ഏതറ്റം വരെയും പോകും. ചെന്നൈയെ സംബന്ധിച്ചിടത്തോളം കഴിഞ്ഞ സീസണിലെ ദയനീയ പ്രകടനത്തിന്റെ കറ മായ്ക്കാൻ ഈ കപ്പ് കൂടിയേ തീരു. അതുകൊണ്ട് തന്നെ നാളെ ദുബൈ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ തീപാറുമെന്ന് ഉറപ്പാണ്.