ടോസ് ഭാഗ്യം തുണക്കാതിരുന്നിട്ടും കിരീടം; പ്രചോദനമായത് 'തല'യും ചെന്നൈയും, മനസ്സ് തുറന്ന് ലങ്കന്‍ ക്യാപ്റ്റന്‍
|ടോസ് ഭാഗ്യം പലപ്പോഴും മത്സരങ്ങളുടെ വിധി നിർണയിച്ച ഏഷ്യാ കപ്പിൽ ടോസ് നഷ്ടമായിട്ടും കലാശപ്പോരിൽ ശ്രീലങ്ക വിജയതീരമണഞ്ഞു
ഏഷ്യാ കപ്പിൽ ശ്രീലങ്കയുടെ വിജയം ആരാധകർ ആഘോഷിച്ചു തീർന്നിട്ടില്ല. ടൂർണമെന്‍റിന് മുമ്പ് ഒരു സാധ്യതയും കൽപ്പിക്കാതിരുന്ന ശ്രീലങ്കയുടെ ഐതിഹാസികമായ പടയോട്ടത്തിന്‍റെ അമ്പരപ്പിലാണ് ഇപ്പോഴും ക്രിക്കറ്റ് ലോകം. വൻതാരനിരയുമായി വന്ന ഇന്ത്യയേയും പാകിസ്താനേയുമൊക്കെ തകർത്തെറിഞ്ഞാണ് ശ്രീലങ്ക ഏഷ്യാ കപ്പിൽ തങ്ങളുടെ ആറാം കിരീടത്തില്‍ മുത്തമിട്ടത്.
ടോസ് ഭാഗ്യം പലപ്പോഴും മത്സരങ്ങളുടെ വിധി നിർണയിച്ച ഏഷ്യാ കപ്പിൽ ടോസ് നഷ്ടമായിട്ടും കലാശപ്പോരിൽ വിജയതീരമണഞ്ഞ ശ്രീലങ്കക്ക് പ്രചോദനമായതത് മഹേന്ദ്ര സിങ് ധോണിയും ചെന്നൈ സൂപ്പർ കിങ്‌സുമാണെന്ന് പറയുകയാണിപ്പോൾ ശ്രീലങ്കൻ നായകൻ ദസുൻ ശനക. മത്സരത്തിന് ശേഷമാണ് ശ്രീലങ്കയുടെ ഐതിഹാസിക വിജയത്തിന് പിന്നിൽ ചെന്നൈ സൂപ്പർ കിങ്‌സും പ്രചോദനമായിട്ടുണ്ടെന്ന് താരം വെളിപ്പെടുത്തിയത്. 2021 ഐ.പി.എൽ കലാശപ്പോരിൽ ഇതേ വേദിയിൽ വച്ച് ടോസ് നഷ്ടമായിട്ടും ചെന്നൈ നേടിയ വിജയമാണ് തങ്ങൾക്കും വിജയിക്കാനാകുമെന്ന പ്രതീക്ഷ നൽകിയതെന്ന് ശ്രീലങ്കൻനായകൻ വെളിപ്പെടുത്തി.
''2021 ഐ.പി.എൽ ഫൈനലിൽ ടോസ് ഭാഗ്യം ധോണിയുടെ ചെന്നൈയെ തുണച്ചില്ല. എന്നാൽ ആദ്യം ബാറ്റ് ചെയ്യേണ്ടി വന്നിട്ടും ചെന്നൈയാണ് അന്ന് ജയിച്ചത്. ഈ കാര്യം ഞങ്ങളുടെ മനസ്സിലുണ്ടായിരുന്നു''- ശനക പറഞ്ഞു.
2021 ഐ.പി.എൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെതിരെ ചെന്നൈ 27 റൺസിന്‍റെ വിജയമാണ് നേടിയത്. ആദ്യം ബാറ്റ് ചെയ്ത ചെന്നൈ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 192 റൺസ് എടുത്തപ്പോൾ കൊൽക്കത്തക്ക് 165 റൺസെടുക്കാനേ കഴിഞ്ഞുള്ളൂ..
ലങ്കൻ ബൗളർമാരും ബാറ്റര്‍മാരും ഒരുപോലെ തിളങ്ങിയ ഏഷ്യാ കപ്പ് കലാശപ്പോരിൽ 23 റണ്‍സിനായിരുന്നു ശ്രീലങ്കയുടെ വിജയം. 171 റൺസ് എന്ന വിജയ ലക്ഷ്യവുമായി ഇറങ്ങിയ പാകിസ്താനെ 147 റൺസിലൊതുക്കിയാണ് ലങ്ക കിരീടം പിടിച്ചുവാങ്ങിയത്. ഇത് ആറാം തവണയാണ് ശ്രീലങ്ക ഏഷ്യകപ്പിൽ മുത്തമിടുന്നത്. നാല് വിക്കറ്റ് നേടിയ പ്രമോദ് മധുഷനും മൂന്നു വിക്കറ്റു നേടിയ ഹസരങ്കയുമാണ് പാക് ബാറ്റിങ് നിരയുടെ നട്ടല്ലൊടിച്ചത്.