Cricket
വില്ലനല്ല, ഇനി സാംസ് നായകന്‍... മുംബൈയുടെ സസ്പെന്‍സ് ത്രില്ലര്‍ ഹീറോ
Cricket

വില്ലനല്ല, ഇനി സാംസ് നായകന്‍... മുംബൈയുടെ സസ്പെന്‍സ് ത്രില്ലര്‍ ഹീറോ

Web Desk
|
7 May 2022 1:20 PM GMT

ഒറ്റ മത്സരം കൊണ്ട് പ്രതിനായകനില്‍ നിന്ന് നായകനിലേക്ക്... അവസാന ഓവറിലെ സസ്പെന്‍സ് ത്രില്ലറിലൂടെ മുംബൈക്ക് നാടകീയ ജയം സമ്മാനിച്ച ഡാനിയല്‍ സാംസ് എന്ന ഓള്‍റൌണ്ടറാണ് ഇപ്പോള്‍ ഐ.പി.എല്‍ വാര്‍ത്തകളിലെ താരം

ഒറ്റ മത്സരം കൊണ്ട് പ്രതിനായകനില്‍ നിന്ന് നായകനിലേക്ക്... അവസാന ഓവറിലെ സസ്പെന്‍സ് ത്രില്ലറിലൂടെ മുംബൈക്ക് നാടകീയ ജയം സമ്മാനിച്ച ഡാനിയല്‍ സാംസ് എന്ന ഓള്‍റൌണ്ടറാണ് ഇപ്പോള്‍ ഐ.പി.എല്‍ വാര്‍ത്തകളിലെ താരം. ഗുജറാത്ത് ടൈറ്റൻസിനെതിരായ മത്സരത്തിലാണ് അത്യന്തം നാടകീയമായ അവസാന ഓവര്‍ ട്വിസ്റ്റില്‍ സാംസ് മുംബക്ക് വിജയം പിടിച്ചുവാങ്ങിക്കൊടുത്തത്.

അവസാന ഓവറില്‍ വെറും ഒന്‍പത് റണ്‍സ് മാത്രം ജയിക്കാന്‍ ആവശ്യമായിരിക്കെ മൂന്ന് റണ്‍സ് മാത്രമാണ് സാംസ് വഴങ്ങിയത്. ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നീ പേരുകേട്ട പവര്‍ഹിറ്റര്‍മാരെ അനങ്ങാന്‍ പോലും വിടാതെയാണ് സാംസ് മുംബൈക്ക് വിജയം സമ്മാനിച്ചത്.

ഇതിനുമുമ്പ് കൊല്‍ക്കത്തക്കെതിരായ മത്സരത്തില്‍ ഒരോവറില്‍ 35 റണ്‍സ് വഴങ്ങിയതിന് പഴിയേറെ കേട്ട താരമാണ് സാംസ്. 162 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ കൊൽക്കത്തക്ക് 15ാമത്തെ ഓവർ അവസാനിക്കുമ്പോൾ ലക്ഷ്യം 30 പന്തിൽ 35 റൺസ്. ഡാനിയൽ സാംസ് എറിഞ്ഞ 16ാമത്തെ ഓവർ കഴിയുമ്പോഴേക്കും കൊൽക്കത്ത കളി ജയിച്ചു കഴിഞ്ഞിരുന്നു. പാറ്റ് കമ്മിന്‍സാണ് സാംസിനെ നിലംതൊടാതെ പറത്തിയത്. ഇതോടെ വിവാദ നായകനായ സാംസ് കടുത്ത മുംബൈ ആരാധകരെ പോലും ഞെട്ടിക്കുന്ന പ്രകടനം കാഴ്ചവെച്ചാണ് തിരിച്ചുവന്നിരിക്കുന്നത്.

ഐ.പി.എല്ലിലെ ഈ സീസണിലെ തന്നെ ഏറ്റവും അപകടകാരികളായ ഡേവിഡ് മില്ലർ, രാഹുൽ തെവാട്ടിയ, റാഷിദ് ഖാൻ എന്നീ ബാറ്റര്‍മാരെയാണ് സാംസ് അവസാന ഓവറില്‍ പ്രതിരോധിച്ചത്. വിട്ടുകൊടുത്തതാകട്ടെ മൂന്ന് റണ്‍സും.

സാംസിന്‍റെ വേഗത കുറഞ്ഞ ഫുൾ ലെങ്ത് പന്തുകളാണ് ബാറ്റർമാരുടെ സകല കണക്കുകൂട്ടലും തെറ്റിച്ചത്. ആദ്യ പന്തില്‍ ഡേവിഡ് മില്ലർ ഒരു റൺസ് നേടി. രണ്ടാം പന്തിൽ‍ ഷോട്ടെടുത്ത രാഹുൽ തെവാട്ടിയക്ക് പിഴച്ചു, മൂന്നാം പന്തിൽ ഇല്ലാത്ത റണ്ണിനായി ഓടിയ തെവാട്ടിയ റണ്ണൗട്ടുമായി. നാലാം പന്തില്‍ പന്തിൽ ടൈമിങ് തെറ്റിയ റാഷിദ് ഖാന്‍റെ ഷോട്ട് ഉയർന്നു പൊങ്ങി ആളില്ലാത്ത സ്ഥലത്ത് വീണു. അവസാന രണ്ട് പന്തിൽ ഡേവിഡ് മില്ലർ സ്ട്രൈക്കില്‍ നില്‍ക്കെ ഗുജറാത്തിനു വേണ്ടിയിരുന്നത് ആറ് റൺസ്. മില്ലര്‍ സിക്സര്‍ തൂക്കി മത്സരം ജയിപ്പിക്കുമെന്ന് വിചാരിച്ചവരെയെല്ലാം ഞെട്ടിച്ച് സാംസിന്‍റെ രണ്ട് സ്ലോ ബോളുകള്‍. ഡാനിയല്‍ സാംസെന്ന് ഓള്‍റൌണ്ടര്‍ കളി തിരിച്ചുപിടിച്ചിരിക്കുന്നു. അവസാന രണ്ട് പന്തുകളും കില്ലര്‍ മില്ലര്‍ക്ക് തൊടാന്‍ പോലും കിട്ടിയില്ല.

മുംബൈയുടെ ബൌളിങ് കുന്തമുനയായ ജസ്പ്രീത് ബുമ്ര നാലോവറിൽ ഒരു വിക്കറ്റു പോലും നേടാതെ 48 റൺസ് വഴങ്ങിയിടത്താണ് സാംസിന്‍റെ അവസാന ഓവര്‍ ട്വിസ്റ്റ്.

Similar Posts