Cricket
ശ്രീലങ്കയില്‍ ഇന്ത്യയെ സഞ്ജു നയിക്കണമെന്ന് ഡാനിഷ് കനേരിയ
Cricket

ശ്രീലങ്കയില്‍ ഇന്ത്യയെ സഞ്ജു നയിക്കണമെന്ന് ഡാനിഷ് കനേരിയ

Web Desk
|
29 May 2021 9:41 AM GMT

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഏതെങ്കിലുമൊരു താരത്തെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്

ഇന്ത്യയുടെ ലങ്കയിലെ പരിമിത ഓവർ പരമ്പരയിൽ ഇന്ത്യയെ സഞ്ജു സാംസണ്‍ നയിക്കണമെന്ന് പാകിസ്ഥാന്‍ മുന്‍ സ്പിന്നര്‍ ഡാനിഷ് കനേരിയ. ഇന്ത്യയുടെ ടെസ്റ്റ് ടീം ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായും ഇംഗ്ലണ്ട് പര്യടനത്തിനുമായി അവിടേക്ക് യാത്രയാകുന്നതിനാൽ തന്നെ ശ്രീലങ്കയിലേക്ക് രണ്ടാം നിരയെ ആവും ഇന്ത്യ അയയ്ക്കുക എന്നാണ് അറിയുന്നത്. കോച്ചായി രാഹുൽ ദ്രാവിഡ് എത്തുമെന്ന് ബി.സി.സിഐ അറിയിച്ചപ്പോൾ ടീമിനെ നയിക്കുക ശിഖർ ധവാനോ ഹാർദ്ദിക് പാണ്ഡ്യയോ ആകും. ശ്രേയസ്സ് അയ്യരുടെ പരിക്കില്ലായിരുന്നുവെങ്കിൽ താരമായിരുന്നു ക്യാപ്റ്റനാകേണ്ടിയിരുന്നത്. എന്നാൽ രാജസ്ഥാൻ റോയൽസിനെ നയിച്ച സഞ്ജു സാംസണിന് ഇന്ത്യയെ നയിക്കുവാനുള്ള കഴിവുണ്ടെന്നും യുവതാരത്തിന് അവസരം നൽകണമെന്നാണ് തന്റെ അഭിപ്രായം എന്ന് കനേരിയ തന്റെ യൂട്യൂബ് ചാനലില്‍ വ്യക്തമാക്കി.

ഇന്ത്യയുടെ ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഏതെങ്കിലുമൊരു താരത്തെ ഇന്ത്യ വളര്‍ത്തിയെടുക്കേണ്ടത് വളരെ പ്രധാനമാണ്. കോഹ്‍ലി ഒഴിഞ്ഞാല്‍ അതു ഏറ്റെടുക്കാന്‍ ശേഷിയുള്ള ഒരാള്‍ വേണം. അതിനുള്ള തയ്യാറെടുപ്പുകള്‍ ഇന്ത്യ ഇപ്പോള്‍ തന്നെ തുടങ്ങേണ്ടതുണ്ട്. സഞ്ജുവാണ് ഈ സ്ഥാനത്തേക്കു വരേണ്ട താരമെന്നാണ് എന്റെ അഭിപ്രായം. ലങ്കന്‍ പര്യടനത്തില്‍ അദ്ദേഹത്തെ നായകസ്ഥാനമേല്‍പ്പിച്ച് ബിസിസിഐയ്ക്കു ഇപ്പോള്‍ തന്നെ ഇതിനുള്ള ശ്രമങ്ങള്‍ ആരംഭിക്കാവുന്നതാണ്.

ശിഖര്‍ ധവാന്‍ ഏകദിനം, ടി20 എന്നിവയില്‍ വളരെ സീനിയറായിട്ടുള്ള താരമാണ്. അതുകൊണ്ടു തന്നെ ഭാവിയില്‍ ഇന്ത്യയെ ദീര്‍ഘകാലത്തേക്കു നയിക്കാന്‍ അദ്ദേഹത്തിനാവില്ല. അതിനാല്‍ യുവതാരങ്ങളെയാവണം ഭാവി ക്യാപ്റ്റന്‍ സ്ഥാനത്തേക്കു ഉയര്‍ത്തിക്കൊണ്ടു വരേണ്ടത്. ഹാര്‍ദിക് പാണ്ഡ്യയുള്‍പ്പെടെയുള്ളവര്‍ ഉണ്ടെങ്കിലും ഞാന്‍ സഞ്ജുവിനെയാണ് തിരഞ്ഞെടുക്കുകയെന്ന് കനേരിയ വ്യക്തമാക്കി. ടി20യില്‍ ഇന്ത്യന്‍ കുപ്പായമണിഞ്ഞെങ്കിലും ഏകദിനത്തില്‍ സഞ്ജു ഇനിയും അരങ്ങേറിയിട്ടില്ല.

Similar Posts