ക്രിക്കറ്റിലെ മാന്യൻ ന്യൂസിലാൻഡുകാരൻ ഡാരിൽ മിച്ചൽ: പുരസ്‌കാരം
|കളിക്കളത്തില്‍ മാന്യത പുലര്‍ത്തുന്ന കളിക്കാര്‍ക്കാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം നല്‍കുന്നത്. ഈ അവാര്‍ഡ് നേടുന്ന നാലാമത്തെ ന്യൂസിലന്റ് താരമാണ് മിച്ചല്‍.
ഐ.സി.സി സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം ന്യൂസിലന്റ് താരം ഡാരില്‍ മിച്ചലിന്. കളിക്കളത്തില്‍ മാന്യത പുലര്‍ത്തുന്ന കളിക്കാര്‍ക്കാണ് സ്പിരിറ്റ് ഓഫ് ക്രിക്കറ്റ് പുരസ്കാരം നല്‍കുന്നത്. ഈ അവാര്‍ഡ് നേടുന്ന നാലാമത്തെ ന്യൂസിലന്റ് താരമാണ് മിച്ചല്‍. ഇതിനുമുന്‍പ് ഡാനിയല്‍ വെട്ടോറി, ബ്രണ്ടന്‍ മക്കല്ലം, കെയ്ന്‍ വില്യംസണ്‍ എന്നിവര്‍ ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.
2021 ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തിനിടെയുണ്ടായ മിച്ചലിന്റെ അഭിനന്ദനാര്‍ഹമായ പെരുമാറ്റമാണ് അവാര്‍ഡിനായി പരിഗണിച്ചത്. ഇംഗ്ലണ്ടിനെതിരായ സെമി ഫൈനല്‍ മത്സരത്തിനിടെയാണ് സംഭവം അരങ്ങേറിയത്. ആവേശകരമായ മത്സരത്തില്‍ അവസാന ഓവറുകളിലേക്ക് കളി കടുക്കുന്ന സമയത്താണ് സംഭവം.
ആദില്‍ റഷീദ് ചെയ്ത 18-ാം ഓവറിലെ ആദ്യ പന്ത് ന്യൂസീലന്‍ഡിന്റെ ജിമ്മി നീഷാമാണ് സ്‌ട്രൈക്ക് ചെയ്തത്. ഓരോ പന്തും വളരെ നിര്‍ണായകമായ സമയം. നീഷം പന്ത് തട്ടി സിംഗിളെടുക്കാന്‍ ശ്രമിച്ചു. ഇത് തടയാനായി ആദില്‍ റഷീദ് ഓടിയെത്തിയത് നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡിലുള്ള മിച്ചലിന്റെ ദേഹത്താണ്. മിച്ചലുമായി കൂട്ടിയിടിച്ച റഷീദിന് പന്ത് കൈയിലാക്കാനായില്ല. എന്നാല്‍ ഇതുകണ്ട മിച്ചല്‍ സിംഗിള്‍ എടുക്കാന്‍ അവസരമുണ്ടായിരുന്നിട്ടും അത് നിരസിച്ചു. താരത്തിന്റെ ഈ തീരുമാനം വലിയ കൈയടിയോടെ ആരാധകര്‍ സ്വീകരിച്ചു. മത്സരത്തില്‍ ന്യൂസീലന്‍ഡ് വിജയം നേടുകയും ചെയ്തു.
ഒരോവര്‍ ബാക്കിനില്‍ക്കേ മത്സരം ന്യൂസിലന്‍ഡ് വിജയിച്ചു. 47 പന്തില്‍ 72 റണ്‍സുമായി ഡാരില്‍ മിച്ചല്‍ പുറത്താകാതെ നിന്ന് മത്സരത്തിലെ ഹീറോയായി. മത്സരത്തില്‍ 11 പന്തില്‍ 27 റണ്‍സെടുത്ത നീഷാമിന്‍റെ പ്രകടനവും നിര്‍ണായകമായി. എന്നാല്‍ കലാശപ്പോരില്‍ ഓസീസിന് മുന്നില്‍ ന്യൂസിലന്‍ഡ് കീഴടങ്ങി.
A gesture that won the hearts of millions 🙌
— ICC (@ICC) February 2, 2022
Daryl Mitchell – the winner of the ICC Spirit of Cricket Award 2021 👏
Details 👉 https://t.co/pLfSWlfIZB pic.twitter.com/zq8e4mQTnz