ക്രിസ്റ്റ്യാനോ മാതൃകയിൽ കോളക്കുപ്പി നീക്കി ഡേവിഡ് വാർണർ; അതു വേണ്ടെന്ന് ഐസിസി
|ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം
ദുബൈ: മേശപ്പുറത്തിരുന്ന കൊക്കകോള കുപ്പികൾ ക്രിസ്റ്റ്യാനോ റൊണാൾഡോ മാതൃകയിൽ മാറ്റാനുള്ള ഓസീസ് താരം ഡേവിഡ് വാർണറുടെ നീക്കത്തിന് തടയിട്ട് ഐസിസി. ടി20 ലോകകപ്പിൽ ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് ശേഷം നടന്ന വാർത്താ സമ്മേളനത്തിലായിരുന്നു സംഭവം.
മുമ്പിലുണ്ടായിരുന്ന കോളക്കുപ്പികൾ മാറ്റുന്നതിനിടെ വാർണറുടെ അടുത്തേക്ക് ഐസിസി അധികൃതരിൽ ഒരാൾ വന്ന് അതു തിരികെ വയ്ക്കാൻ അഭ്യർത്ഥിച്ചു. തനിക്ക് ഈ കുപ്പികൾ മാറ്റിവയ്ക്കാൻ സാധിക്കുമോ എന്ന് ചോദിച്ചാണ് വാർണർ അവ മാറ്റാൻ ഒരുങ്ങിയത്. എന്നാൽ ഐസിസി അധികൃതരിൽ ഒരാൾ താരത്തിന്റെ അടുത്തെത്തി എന്തോ പറഞ്ഞു. ഈ വേളയിൽ ഇതു ക്രിസ്റ്റ്യാനോക്ക് നല്ലതാണെങ്കിൽ തനിക്കും നല്ലതാണ് എന്നു പറഞ്ഞ് വാർണർ കുപ്പി തൽസ്ഥാനത്തു വയ്ക്കുകയായിരുന്നു. താരം ഇത് തമാശയ്ക്ക് ചെയ്തതാണോ എന്നതില്‍ വ്യക്തതയില്ല.
"If it's good enough for Cristiano, it's good enough for me" 😂 #DavidWarnerpic.twitter.com/2nwVOR95YE
— Ryan (@ryandesa_07) October 29, 2021
വാർണർ അർധ സെഞ്ച്വറി നേടിയ മത്സരത്തിൽ ഏഴു വിക്കറ്റിനായിരുന്നു ഓസീസിന്റെ ജയം. ശ്രീലങ്ക ഉയർത്തിയ 155 റൺസ് വിജയലക്ഷ്യം മൂന്നു വിക്കറ്റ് നഷ്ടത്തിലാണ് കങ്കാരുക്കൾ മറികടന്നത്. 65 റൺസ് നേടിയ ഡേവിഡ് വാർണറും 37 റൺസെടുത്ത ക്യാപ്റ്റൻ ആരോൺ ഫിഞ്ചും ആസ്ട്രേലിയക്ക് കരുത്തേകി. 28 റൺസെടുത്ത സ്റ്റീവ് സ്മിത്തും 16 റൺസെടുത്ത മാർകസ് സ്റ്റോണിസും പുറത്താകാതെ ടീമിനെ വിജയിപ്പിക്കുകയായിരുന്നു.
യൂറോകപ്പിൽ ഹംഗറിയും പോർച്ചുഗലും തമ്മിലുള്ള മത്സരത്തിന് മുമ്പാണ് ക്രിസ്റ്റ്യാനോ കോളക്കുപ്പികൾ മാറ്റിവച്ചിരുന്നത്. ഇതിന് പിന്നാലെ കോളയുടെ വിപണിമൂല്യത്തിൽ നാലു ലക്ഷം ഡോളറിന്റെ ഇടിവു രേഖപ്പെടുത്തിയിരുന്നു.