ഒടുവിൽ ആ ബാഗി ഗ്രീൻതൊപ്പി വാർണറിന് തിരികെ ലഭിച്ചു; പരിശ്രമിച്ചവർക്ക് നന്ദിയറിയിച്ച് താരം
|നാല് ദിവസത്തിന് ശേഷമാണ് തൊപ്പി തിരികെ ലഭിച്ചത്.
സിഡ്‌നി: ഒടുവിൽ ആ ബാഗി ഗ്രീൻ തൊപ്പി തിരിച്ചുകിട്ടി. ആസ്‌ത്രേലിയൻ താരം ഡേവിഡ് വാർണറിന്റെ മോഷ്ടിക്കപ്പെട്ട തൊപ്പിയാണ് തിരികെ ലഭിച്ചത്. ഇൻസ്റ്റഗ്രാമിലൂടെ താരം തന്നെയാണ് ഇക്കാര്യം അറിയിച്ചത്. നാല് ദിവസത്തിന് ശേഷമാണ് തൊപ്പി തിരികെ ലഭിച്ചത്. ബാഗി ഗ്രീൻ തൊപ്പി തിരികെ കിട്ടിയതിൽ സന്തോഷമുണ്ടെന്നും ഇതിനായി പരിശ്രമിച്ചവർക്ക് നന്ദിയറിയിക്കുന്നതായും സമൂഹമാധ്യമ വീഡിയോയിൽ വാർണർ പറഞ്ഞു. എന്നാൽ തിരികെ ലഭിച്ചത് എങ്ങനെയെന്ന് വെളിപ്പെടുത്താൻ താരം തയാറായില്ല.
പാകിസ്താനെതിരായ സിഡ്‌നി ടെസ്റ്റിന് തൊട്ടുമുൻപായാണ് ഓസീസ് ഓപ്പണറുടെ തൊപ്പി മോഷണം പോയത്. മെൽബൺ എയർപോർട്ടിൽ നിന്ന് സിഡ്‌നിയിലേക്കുള്ള യാത്രയിലായിരുന്നു തൊപ്പിയടങ്ങിയ ബാഗ് മോഷ്ടിക്കപ്പെട്ടത്. ഇതോടെ താരം സമൂഹമാധ്യമങ്ങളിലൂടെ ഈ തൊപ്പിയെനിക്ക് വേണമെന്നും ഇത് ഏറെ വിലപ്പെട്ടതാണെന്നും വ്യക്തമാക്കിയത്.
ബാഗി ഗ്രീൻ തിരിച്ചുതരണമെന്നും ബാഗ് നിങ്ങൾക്കെടുക്കാമെന്നും താരം വീഡിയോ പോസ്റ്റിൽ പറഞ്ഞു. സംഭവം വലിയ ചർച്ചയായതോടെ തിരിച്ചുനൽകണമെന്ന് അഭ്യർത്ഥിച്ച് ഓസീസ് പ്രധാനമന്ത്രി ആന്റണി അൽബനീസും രംഗത്തെത്തിയിരുന്നു. നിലവിൽ പാകിസ്താനെതിരായ ടെസ്റ്റ് മത്സരത്തിലാണ് വാർണറുള്ളത്. അവസാന ടെസ്റ്റ് കളിക്കുന്ന താരം നേരത്തെ ഏകദിനത്തിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു