'അവിശ്വസനീയം'; ഷഹീൻ അഫ്രീദിയെ ഗ്യാലറിയിലെത്തിച്ച വാർണറുടെ സിക്‌സർ
|ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്താണ് ഫൈൻ ലെഗിലൂടെ വാർണർ ഗ്യാലറിയിലെത്തിച്ചത്.
പെർത്ത്: കരിയറിലെ അവസാന ടെസ്റ്റ് പരമ്പരയാണ് ആസ്‌ട്രേലിയൻ ഓപ്പണർ ഡേവിഡ് വാർണർ കളിക്കുന്നത്. എന്നാൽ അതൊന്നും താരത്തിനെ പതിവ് ശൈലിയിൽ കളിക്കാൻ പ്രേരിപിക്കാതിരിക്കുന്നില്ല. തന്റെ ആക്രമണ ബാറ്റിങ് തുടരുകയാണ് താരം. ഇത്തവണ ഇരയായത് പാകിസ്താൻ.
ആദ്യ ടെസ്റ്റിൽ ഏകദിന ശൈലിയിലാണ് വാര്‍ണര്‍ ബാറ്റുവീശുന്നത്. സെഞ്ച്വറി തികച്ച താരം ഇപ്പോഴും ക്രീസിൽ തുടരുകയാണ്. ഇന്നിങ്‌സിനിടെ പാക് പേസർ ഷഹീൻ അഫ്രീദിക്കെതിരെ നേടിയ ഒരു സിക്‌സറാണ് ക്രിക്കറ്റ് പ്രേമികളുടെ മനംകവരുന്നത്. ഇന്നിങ്‌സന്റെ 22ാം ഓവറിലാണ് അവിശ്വസനീയം എന്ന തോന്നിപ്പിക്കുന്ന സിക്‌സർ വാർണർ കണ്ടെത്തിയത്. ഓഫ് സ്റ്റമ്പിന് പുറത്തുവന്ന പന്താണ് ഫൈൻ ലെഗിലൂടെ വാർണർ ഗ്യാലറിയിലെത്തിച്ചത്.
പന്തിനെ അടിച്ചകറ്റുന്നതിനിടെ വാർണർ ക്രീസിൽ വീഴുകയും ചെയ്തു. പലരും പല വിശേഷണങ്ങൾ നൽകിക്കൊണ്ട് വീഡിയോ എക്‌സിൽ പങ്കുവെക്കുന്നുണ്ട്. മത്സരത്തിൽ വാർണറുടെ സെഞ്ച്വറിക്കരുത്തിൽ ആസ്‌ട്രേലിയ ശക്തമായ നിലയിലാണ്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ രണ്ട് വിക്കറ്റ് നഷ്ടത്തിൽ 200 റൺസെന്ന നിലയിലാണ് ആസ്‌ട്രേലിയ. ഡേവിഡ് വാർണർ(108) സ്റ്റീവൻ സ്മിത്ത്(18) എന്നിവരാണ് ക്രീസിൽ.
ഓപ്പണർമാരായ ഉസ്മാൻ ഖവാജയും വാർണറും ചേർന്ന് മിന്നൽ തുടക്കമാണ് ആസ്‌ട്രേലിയക്കായി നൽകിയത്. 126 റൺസിന്റെ കൂട്ടുകെട്ടാണ് ഓപ്പണിങ് വിക്കറ്റിൽ വന്നത്. ഉസ്മാൻ ഖവാജ 41 റൺസെടുത്തു പുറത്തായി. മാർനസ് ലബുഷെയിന് 16 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.