Cricket
ക്രിക്കറ്റ് അക്കാദമി തർക്കം; ധോണിക്കെതിരെ മാനനഷ്ട കേസ് നൽകി മുൻ ബിസിനസ് പങ്കാളി
Cricket

ക്രിക്കറ്റ് അക്കാദമി തർക്കം; ധോണിക്കെതിരെ മാനനഷ്ട കേസ് നൽകി മുൻ ബിസിനസ് പങ്കാളി

Web Desk
|
17 Jan 2024 8:31 AM GMT

ബിസിനസിൽ പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ നേരത്തെ ധോണി ക്രിമിനൽ കേസ് നൽകിയിരുന്നു.

ന്യൂഡൽഹി: എം.എസ് ധോണിക്കെതിരെ മാനനഷ്ട കേസ് നൽകി മുൻ ബിസിനസ് പങ്കാളി. മിഹാർ ദിവാകറും ഭാര്യ സൗമ്യ ദാസുമാണ് മുൻ ഇന്ത്യൻ ക്യാപ്റ്റനെതിരെ ഡൽഹി ഹൈക്കോടതിയിൽ കേസ് ഫയൽ ചെയ്തത്. ബിസിനസിൽ പണം തട്ടിച്ചതുമായി ബന്ധപ്പെട്ട് ഇരുവർക്കുമെതിരെ നേരത്തെ ധോണി ക്രിമിനൽ കേസ് നൽകിയിരുന്നു. ക്രിക്കറ്റ് അക്കാദമി സ്ഥാപിക്കാനെന്ന പേരിൽ കരാറുണ്ടാക്കി തന്റെ 15 കോടി രൂപ തട്ടിയെടുത്തെന്നാണ് പരാതിയിൽ പറഞ്ഞത്.

അതേസമയം, ധോണിയിൽ നിന്ന് നഷ്ടപരിഹാരവും മുൻ പാർട്ടൺമാർ ആവശ്യപ്പെടുന്നു. തങ്ങൾക്കെതിരായ മോശം വാർത്തകൾ പ്രസിദ്ധീകരിക്കുന്നതിൽ നിന്ന് സമൂഹമാധ്യമ പ്ലാറ്റ്‌ഫോമുകളേയും മാധ്യമങ്ങളേയും നിയന്ത്രിക്കണമെന്നും ഹരജിയിൽ ചൂണ്ടിക്കാട്ടുന്നു. 2017ലാണ് ചെന്നൈ സൂപ്പർ കിങ്‌സ് താരവുമായി ആർക്ക സ്‌പോർട്‌സ് കരാറിലൊപ്പുവെച്ചത്. എന്നാൽ കരാറിൽ പറഞ്ഞിരുന്ന വ്യവസ്ഥകൾ പാലിക്കാൻ സ്ഥാപനം തയാറായില്ല. ഇതോടെ ബിസിനസ് രംഗത്ത് അഭിപ്രായഭിന്നത രൂപപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട് നിരവധി ചർച്ചകൾ നടന്നെങ്കിലും പ്രശ്‌ന പരിഹാരമായില്ല. ഇതോടെ 2021ൽ ആഗസ്റ്റ് 15ന് ആർക്ക സ്‌പോർട്‌സുമായുള്ള കരാർ ധോണി റദ്ദാക്കിയിരുന്നു.

ദേശീയ ടീമിൽ നിന്നും വിരമിച്ച 42കാരൻ നിലവിൽ ഐ.പി.എൽ ടീം ചെന്നൈ ടീം ക്യാപ്റ്റനാണ്. കഴിഞ്ഞ സീസണിൽ ടീമിനെ കിരീടത്തിലെത്തിക്കുകയും ചെയ്തു. 2019 ജൂലൈയിൽ ന്യൂസിലാൻഡിനെതിരെയാണ് അവസാന മത്സരം കളിച്ചത്. ഇന്ത്യക്കായി 350 ഏകദിനങ്ങളിൽ നിന്നായി 10,773 റൺസ് നേടിയിട്ടുണ്ട്. 2007 ട്വന്റി 20, 2011 എകദിന ലോകകപ്പ് മഹിക്ക് കീഴിൽ ഇന്ത്യ സ്വന്തമാക്കിയിരുന്നു.

Similar Posts