Cricket
പൂരന്റെയും മർക്രമിന്റെയും പോരാട്ടം വെറുതെയായി; ഡൽഹിക്ക് 21 റൺസ് വിജയം
Cricket

പൂരന്റെയും മർക്രമിന്റെയും പോരാട്ടം വെറുതെയായി; ഡൽഹിക്ക് 21 റൺസ് വിജയം

Sports Desk
|
5 May 2022 6:05 PM GMT

നേരത്തെ ഓപ്പണർ ഡേവിഡ് വാർണറുടെയും അഞ്ചാമനായിറങ്ങിയ റോവ്മാൻ പവലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഡൽഹി 207 റൺസ് നേടിയിരുന്നത്

വിക്കറ്റ് കീപ്പർ ബാറ്റർ നിക്കോളാസ് പൂരനും എയ്ഡൻ മർക്രമും നടത്തിയ പോരാട്ടം വെറുതെയായി. ഡൽഹി ക്യാപിറ്റൽസ് ഒരുക്കിയ 208 റൺസ് വിജയലക്ഷ്യം മറികടക്കാനിറങ്ങിയ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ പോരാട്ടം എട്ട്‌ വിക്കറ്റ് നഷ്ട്ടപ്പെടുത്തി 186 റൺസിൽ ഒതുങ്ങി. 34 പന്തിൽ 62 റൺസുമായി പൂരൻ വിജയതീരത്തേക്ക് ടീമിനെ കൊണ്ടുപോകുമെന്ന് തോന്നിപ്പിച്ചെങ്കിലും 18ാം ഓവറിൽ ഷർദ്ദുൽ താക്കൂറിന് മുന്നിൽ വീണു. പവലിന് ക്യാച്ച് നൽകിയായിരുന്നു മടക്കം. ആറു സിക്‌സും രണ്ടും ഫോറുകളുമാണ് അദ്ദേഹം അടിച്ചിരുന്നത്. പൂരന് മുമ്പിറങ്ങിയവരിൽ 25 പന്തിൽ 42 റൺസ് നേടിയ മർക്രമും 18 പന്തിൽ 22 റൺസ് നേടിയ രാഹുൽ ത്രിപാതിയുമാണ് രണ്ടക്കം കടന്നത്. ഓപ്പണർമാരായ അഭിഷേക് ശർമ(7), ക്യാപ്റ്റൻ കെയിൻ വില്യംസൺ(4) എന്നിവർ പാടേ നിരാശപ്പെടുത്തി. അഭിഷേക്, മർക്രം, സീൻ അബാട്ട് എന്നിവരുടെ വിക്കറ്റ് നേടിയത് ഖലീൽ അഹമ്മദായിരുന്നു. വില്യംസന്റെ വിക്കറ്റ് നോർജെയും ത്രിപാതിയുടെ വിക്കറ്റ് മിച്ചൽ മാർഷും നേടി. പൂരന് പുറമേ ശശാങ്ക് സിങ്ങിന്റെ വിക്കറ്റും ഷർദുലിനായിരുന്നു. കാർത്തിക് ത്യാഗിയുടെ വിക്കറ്റ് കുൽദീപ് യാദവും വീഴ്ത്തി.



നേരത്തെ ഓപ്പണർ ഡേവിഡ് വാർണറുടെയും അഞ്ചാമനായിറങ്ങിയ റോവ്മാൻ പവലിന്റെയും വെടിക്കെട്ട് ബാറ്റിങ്ങിലാണ് ഡൽഹി 207 റൺസ് നേടിയിരുന്നത്. മൂന്നു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തിയാണ് ഡൽഹി മികച്ച ബോളിങ് നിരയുള്ള ഹൈദരാബാദിനെതിരെ തകർപ്പൻ റൺവേട്ട നടത്തിയത്. 58 പന്തിൽ 12 ഫോറുകളും മൂന്നു സിക്സുമായി വാർണർ 92 റൺസ് നേടിയപ്പോൾ കേവലം 35 പന്തിൽ ആറു സിക്സും മൂന്നു ഫോറുമായി 67 റൺസാണ് പവൽ അടിച്ചുകൂട്ടിയത്.


ടോസ് നേടി ബോളിങ് തിരഞ്ഞെടുത്ത ഹൈദരാബാദ് ക്യാപ്റ്റൻ കെയിൻ വില്യംസണിന്റെ തീരുമാനം ശരിവെക്കുന്നതായിരുന്നു ഭുവനേശ്വർ കുമാറിന്റെ ആദ്യ ഓവർ. ഡൽഹിയുടെ സ്‌കോർബോർഡ് ശൂന്യമായിരിക്കെ ഓപ്പണർ മൻദീപ് സിങിനെ ഭുവി വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരന്റെ കൈകളിലെത്തിച്ചു. വൺഡൗണായെത്തിയ മിച്ചൽ മാർഷ് രണ്ടു ഫോറുകളിച്ച് മടങ്ങി. ഏഴു ബോളിൽ 10 റൺസായിരുന്നു താരത്തിന്റെ സമ്പാദ്യം. എന്നാൽ പിന്നീട് വന്ന ക്യാപ്റ്റൻ റിഷബ് പന്ത് വെടിക്കെട്ട് നടത്തുന്ന സൂചനകൾ കാണിച്ചു. ശ്രേയസ് ഗോപാലിന്റെ ഒരു ഓവറിൽ തുടർച്ചായി മൂന്നു സിക്സറും ഒരു ഫോറുമായി 23 റൺസാണ് താരം അടിച്ചു കൂട്ടിയത്. എന്നാൽ കളിയിലാകെ 16 പന്തുകൾ നേരിട്ട താരത്തിന്റെ സമ്പാദ്യമായ 26 റൺസിൽ ഭൂരിപക്ഷവും നേടിയ ഓവറിൽ തന്നെ പുറത്തായി. ശ്രേയസ് ഗോപാൽ ഓവറിലെ അവസാന പന്തിൽ കുറ്റി തെറിപ്പിക്കുകയായിരുന്നു. മിച്ചൽ മാർഷിനെ തന്റെ തന്നെ ബോളിൽ ഷോൺ അബോട്ട് ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു.


14 വട്ടം പൂജ്യത്തിന് പുറത്തായി; രോഹിത് ശർമയുടെ 'റെക്കോഡി'നൊപ്പം മൻദീപ് സിങ്ങും

ഐ.പി.എല്ലിൽ 14 വട്ടം പൂജ്യത്തിന് പുറത്തായ മോശം രോഹിത് ശർമയുടെ 'റെക്കോഡി'നൊപ്പം ഡൽഹി ക്യാപിറ്റൽസ് ഓപ്പണർ മൻദീപ് സിങ്ങും. ഇന്ന് രാത്രി സൺറൈസേഴ്‌സിനെതിരെ നടന്ന മത്സരത്തിലാണ് അദ്ദേഹം ഓർക്കാനിഷ്ട്ടപ്പെടാത്ത റെക്കോർഡ് പേരിനൊപ്പം ചേർന്നത്. സിസിഐ ബ്രാബോൺ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിന്റെ ആദ്യ ഓവറിൽ ടീം സ്‌കോറും വ്യക്തിഗത സ്‌കോറും പൂജ്യത്തിലിരിക്കെ മൻദീപിനെ ഭൂവനേശ്വർ കുമാർ പുറത്താക്കുകയായിരുന്നു. വിക്കറ്റ് കീപ്പർ നിക്കോളാസ് പൂരന്റെ കയ്യിലെത്തിച്ചാണ് മൻദീപിന് മറ്റൊരു ഡക്ക് കൂടി ഭുവി സമ്മാനിച്ചത്.



ഏപ്രിൽ 21ന് ചെന്നൈ സൂപ്പർ കിങ്‌സിനെതിരെയുള്ള മത്സരത്തിലാണ് രോഹിത് തന്റെ 14ാം ഡക്ക് ഏറ്റുവാങ്ങേണ്ടിവന്നിരുന്നത്. ഇരുവർക്കും പിറകിലായി 13 ഡക്കുകളുമായി കുറേപേരുണ്ട്. അജിങ്ക്യ രഹാനെ, അമ്പാട്ടി റായിഡു, ദിനേഷ് കാർത്തിക്, പിയൂഷ് ചാവൽ, ഹർഭജൻ സിങ്, പാർഥീവ് പട്ടേൽ എന്നിവരെല്ലാം 13 ഡക്കുകൾ സ്വന്തം പേരിലുള്ളവരാണ്.

Delhi capitals won by 21 runs against sun risers Hyderabad

Similar Posts