Cricket
Delhi Capitals win over Kolkata Knight Riders in IPL was their first win of the 2023 season.
Cricket

ഒടുവിൽ ഡൽഹിയും ജയിച്ചു; കൊൽക്കത്തക്കെതിരെയുള്ള വിജയം നാലു വിക്കറ്റിന്

Sports Desk
|
20 April 2023 6:55 PM GMT

മുമ്പ് കളിച്ച അഞ്ച് മത്സരങ്ങളിലും വാർണറും സംഘവും പരാജയപ്പെട്ടിരുന്നു

ന്യൂഡൽഹി: ഐ.പി.എല്ലിന്റെ 2023 സീസണിൽ ഒടുവിൽ ഡൽഹിയും വിജയിച്ചു. ഇതിന് മുമ്പ് കളിച്ച അഞ്ച് മത്സരങ്ങളിലും പരാജയപ്പെട്ട ടീം ഇന്ന് കൊൽക്കത്തക്കെതിരെ വിജയം കാണുകയായിരുന്നു. വിജയത്തോടെ രണ്ട് പോയിൻറ് നേടാനായെങ്കിലും പട്ടികയിൽ ഏറ്റവും ഒടുവിലത്തെ സ്ഥാനത്ത് തന്നെയാണ് ഡൽഹിയുള്ളത്. ആറു മത്സരങ്ങളാണ് അവർ ആകെ കളിച്ചത്. മഴ പെയ്ത ഗ്രൗണ്ടിൽ ആദ്യം ബാറ്റ് ചെയ്ത കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനെ 127 റൺസിന് ഒതുക്കിയെങ്കിലും ഏറെ പണിപ്പെട്ടാണ് വിജയലക്ഷ്യം മറികടന്നത്. 19.2 ഓവറിൽ ആറു വിക്കറ്റ് നഷ്ടപ്പെടുത്തി ടീം 128 റൺസെടുക്കുകയായിരുന്നു.

41 പന്തിൽ നിന്ന് 57 റൺസെടുത്ത നായകൻ ഡേവിഡ് വാർണറാണ് നിർണായക പ്രകടനം നടത്തിയത്. 19 റൺസുമായി ടീമിനെ വിജയിപ്പിച്ച അക്‌സർ പട്ടേലും 21 റൺസ് നേടിയ മനീഷ് പാണ്ഡ്യയും 13 റൺസ് നേടിയ പൃഥ്വിഷായുമാണ് ഡൽഹി ബാറ്റിംഗ് രണ്ടക്കം കണ്ട ഇതര താരങ്ങൾ. കൊൽക്കത്തയ്ക്കായി ബൗളിംഗിൽ വരുൺ ചക്രവർത്തി, അനുകുൽ റോയ്, നിതീഷ് റാണ എന്നിവരാണ് തിളങ്ങിയത്. മൂവരും രണ്ട് വീതം വിക്കറ്റ് വീഴ്ത്തി.

നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ് നിരയെ എറിഞ്ഞൊതുക്കി ഡൽഹി ക്യാപിറ്റൽസ്

വിഖ്യാത കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് ബാറ്റിംഗ്നിരയെ ഡൽഹി ക്യാപിറ്റൽസ് ബൗളർമാർ എറിഞ്ഞൊതുക്കുകയായിരുന്നു. മഴ പെയ്തൊഴിഞ്ഞ ഗ്രൗണ്ടിൽ 10 വിക്കറ്റ് നഷ്ടത്തിൽ 127 റൺസാണ് നിതീഷ് റാണയും സംഘവും നേടിയത്. ഓപ്പണർ ജേസൺ റോയി (43 റൺസ്) ക്കും അവസാനത്തിൽ ആഞ്ഞടിഞ്ഞ ആൻഡ്രേ റസ്സലി(31 പന്തിൽ 38 റൺസ്)നും പുറമേ മറ്റൊരു ബാറ്റർക്കും പൊരുതാൻ പോലുമായില്ല.

മഴ മൂലം വൈകിത്തുടങ്ങിയ മത്സരത്തിൽ ടോസ് നേടിയ ഡൽഹി കൊൽക്കത്തയെ ബാറ്റിംഗിനയക്കുകയായിരുന്നു. ഓപ്പണർ ലിറ്റൺ ദാസ്(4), വെങ്കിടേഷ് അയ്യർ (0), നിതീഷ് റാണ (4), മൻദീപ് സിംഗ്(12), റിങ്കു സിംഗ് (6), സുനിൽ നരെയ്ൻ(4), അനുകുൽ റോയി(0), ഉമേഷ് യാദവ്(3) എന്നിവരൊക്കെ വന്ന പോലെ തിരിച്ചുനടന്നു.

റൺ വിട്ടുകൊടുക്കുന്നതിൽ കണിശത കാണിച്ച ഡൽഹി ബൗളർമാർ മുറ പോലെ വിക്കറ്റുകൾ വീഴ്ത്തുകയായിരുന്നു. നാലോവർ എറിഞ്ഞ ഇഷാന്ത് ശർമ 19 റൺസ് വിട്ടു നൽകി രണ്ട് വിക്കറ്റ് വീഴ്ത്തി. ആൻട്രിച്ച് നോർജെയും അക്സർ പട്ടേലും രണ്ട് വീതം പേരെ മടക്കിയയച്ചു. 15 ഉം 13 ഉം റൺസാണ് മൂന്നോവർ വീതമെറിഞ്ഞ ഇവർ വിട്ടുനൽകിയത്. കുൽദീപ് യാദവും രണ്ട് പേരെ പുറത്താക്കി. രണ്ട് ഓവറിൽ 12 റൺസാണ് നൽകിയത്. മുകേഷ് കുമാർ 13 റൺസ് വിട്ടുനൽകി ഒരു വിക്കറ്റ് വീഴ്ത്തി. വരുൺ ചക്രവർത്തിയെ റണ്ണൗട്ടാക്കി.

Similar Posts