Cricket
ബേബി എബി ദക്ഷിണാഫ്രിക്കൻ ടീമിൽ:  ലക്ഷ്യം ഏകദിന ലോകകപ്പ്‌
Cricket

'ബേബി എബി' ദക്ഷിണാഫ്രിക്കൻ ടീമിൽ: ലക്ഷ്യം ഏകദിന ലോകകപ്പ്‌

Web Desk
|
15 Aug 2023 4:36 AM GMT

എ.ബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ശൈലിയാണ് ബ്രെവിസിനെ ഡിവില്ലിയേഴ്‌സിനോട് ഉപമിക്കുന്നത്

ജൊഹന്നാസ്ബര്‍ഗ്: 'ബേബി എബി' എന്ന് വിളിപ്പേരുള്ള ഡെവാൾഡ് ബ്രെവിസ് ദക്ഷിണാഫ്രിക്കൻ ടീമിൽ. ആസ്‌ട്രേലിയക്കെതിരെ ഈ മാസം അവസാനം ആരംഭിക്കുന്ന ഏകദിന-ടി20 ടീമിലേക്കാണ് ബ്രെവിസിനെ പരിഗണിച്ചത്.

സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന പരമ്പരയിലൂടെ ബ്രെവിസിന് ക്രിക്കറ്റ് ലോകത്ത് തന്റെ സ്ഥാനം മെച്ചപ്പെടുത്താനാകുമെന്നാണ് കണക്കാക്കുന്നത്. എ.ബി ഡിവില്ലിയേഴ്‌സിന്റെ ബാറ്റിങ് ശൈലിയാണ് ബ്രെവിസിനെ ഡിവില്ലിയേഴ്‌സിനോട് ഉപമിക്കുന്നത്. ആക്രമിച്ച് കളിക്കുന്ന ബ്രെവിസ് ക്രീസിൽ നിലയുറപ്പിച്ചാൽ ബൗളർമാർക്കാണ് തലവേദന.

57 പന്തില്‍ നിന്ന് 162 റൺസ് നേടിയ ബ്രെവിസിന്റെ പേരിലാണ് ദക്ഷിണാഫ്രിക്കയില്‍ ആഭ്യന്തര ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന സ്‌കോർ.2022ലെ അണ്ടർ 19 ലോകകപ്പിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും ബ്രെവിസാണ്. അതിന് ശേഷം ആദ്യമായാണ് ബ്രെവിസ് ദക്ഷിണാഫ്രിക്കന്‍ ടീമിലെത്തുന്നത്. മുംബൈ ഇന്ത്യൻസിനൊപ്പം ഇന്ത്യൻ പ്രീമിയർ ലീഗിൽ കളിച്ച പരിചയവുമുണ്ട് താരത്തിന്.

ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പ് കൂടി മുൻനിർത്തിയാണ് ബ്രെവിസിനെ ദക്ഷിണാഫ്രിക്ക ടീമിൽ എടുക്കുന്നത്. വിക്കറ്റ് കീപ്പർ-ബാറ്റർ ഡൊനോവൻ ഫെരേര, ഫാസ്റ്റ് ബൗളർ ജെറാൾഡ് കോറ്റ്‌സി, ബാറ്റർ മാത്യു ബ്രീറ്റ്‌സ്‌കെ എന്നിവരും ടി20 ടീമിലെ പുതുമുഖക്കാരാണ്. ആഗസ്റ്റ് 30 മുതൽ സെപ്തംബർ മൂന്ന് വരെ മൂന്ന് ടി20 മത്സരങ്ങൾക്കും സെപ്തംബർ 7 മുതൽ 17 വരെ അഞ്ച് ഏകദിനങ്ങൾക്കുമാണ് ആസ്ട്രേലിയ ദക്ഷിണാഫ്രിക്കയിലെത്തുന്നത്.

Similar Posts