ഐ.പി.എൽ വരുമാനത്തിന്റെ മൂന്നിരട്ടി: ജാർഖണ്ഡിലെ വലിയ നികുതിദായകന് ധോണി തന്നെ
|അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ധോണിയുടെ വാർഷിക വരുമാനത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് ഐ.ടി വകുപ്പ് വ്യക്തമാക്കുന്നത്
ചെന്നൈ: ജാർഖണ്ഡിലെ ഏറ്റവും വലിയ നികുതിദായകനായി ചെന്നൈ സൂപ്പർ കിംഗ്സ് (സി.എസ്.കെ) നായകന് എം.എസ് ധോണി. 38 കോടി രൂപ മുൻകൂർ നികുതിയായി ധോണി അടച്ചതായി ആദായനികുതി വകുപ്പ് വ്യക്തമാക്കുന്നു. കഴിഞ്ഞ വർഷത്തെ വരുമാനം അടിസ്ഥാനമാക്കിയാണ് ധോണി മുൻകൂർ നികുതിയായി നൽകിയത്. ഏകദേശം 130 കോടി രൂപയോടടുത്താണ് ധോണിയുടെ പ്രതീക്ഷിത വരുമാനം.
അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചിട്ടും ധോണിയുടെ വാർഷിക വരുമാനത്തെ തെല്ലും ബാധിച്ചിട്ടില്ലെന്നാണ് ഐ.ടി വകുപ്പ് വ്യക്തമാക്കുന്നത്. അന്താരാഷ്ട്ര കരിയർ ആരംഭിച്ചതു മുതൽ ജാർഖണ്ഡിലെ ഏറ്റവും ഉയർന്ന വ്യക്തിഗത നികുതിദായകനാണ് ധോണി. 2020 ഓഗസ്റ്റ് 15 നാണ് അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് ധോണി വിരമിക്കൽ പ്രഖ്യാപിച്ചത്. കഴിഞ്ഞ വർഷവും ധോണിയായിരുന്നു ജാർഖണ്ഡിനായി ഏറ്റവും വലിയ നികുതിദായകൻ. ഇതെ തുകയാണ് കഴിഞ്ഞ വര്‍ഷവും ധോണി അടച്ചിരുന്നത്.
ഐപിഎൽ 2023ന് മുന്നോടിയായി 12 കോടി രൂപയ്ക്കാണ് ചെന്നൈ സൂപ്പര്‍കിങ്സ് ധോണിയെ നിലനിർത്തിയത്. ഐ.പി.എൽ പ്രതിഫലത്തിന്റെ മൂന്നിരട്ടിയിലേറെയാണ് ധോണിയുടെ നികുതി. ബ്രാൻഡ് എൻഡോഴ്സ്മെന്റ് ഡീലുകളാണ് അദ്ദേഹത്തിന്റെ ഏറ്റവും വലിയ വരുമാന സ്രോതസ്. ധോണിയുടെ ആസ്തി ഏകദേശം 950 കോടിയാണ്. ഏറ്റവും സമ്പന്നരായ ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ ഇതിഹാസതാരം സച്ചിൻ ടെണ്ടുൽക്കറിന് പിന്നിൽ അദ്ദേഹം രണ്ടാം സ്ഥാനത്ത് തുടരുന്നു.
സ്റ്റാർട്ടപ്പ് കമ്പനികൾ, സെക്കൻഡ് ഹാൻഡ് കാറുകൾ, ഫിൻടെക് കമ്പനികൾ, സ്പോർട്സ് ടീം ഉടമസ്ഥത, അല്ലെങ്കിൽ ജൈവ കൃഷി എന്നിവയിലൊക്കെയാണ് വർഷങ്ങളായി സമ്പാദിച്ച തന്റെ വമ്പിച്ച ആസ്തി ധോണി പരമാവധി പ്രയോജനപ്പെടുത്തുന്നത്. 'ഹോംലെയ്ൻ' എന്ന പേരിലുള്ള ഇന്റീരിയർ ഡെക്കറേഷൻ ഉപകരണ നിർമ്മാണ കമ്പനിയിൽ അദ്ദേഹത്തിന് നിക്ഷേപമുണ്ട്. പുറമെ സ്പോർട്സ്, ഫിറ്റ്നസ് മേഖലകളിലും ധോണിക്ക് കാര്യമായ നിക്ഷേപമുണ്ട്.