Cricket
Mahendra Singh Dhoni to lead CSK in 200th IPL match as captain today

Mahendra Singh Dhoni

Cricket

'തല'യായി 200 മത്സരം: ധോണിയ്ക്ക് ഇന്ന് വമ്പൻ ഐ.പി.എൽ റെക്കോർഡ്

Sports Desk
|
12 April 2023 8:05 AM GMT

സി.എസ്.കെക്കായി 200 സിക്‌സറുകൾ തികച്ച താരവും ധോണിയാണ്

ചെന്നൈ: മുൻ ഇന്ത്യൻ നായകനും ചെന്നൈ സൂപ്പർ കിംഗ്‌സ് ക്യാപ്റ്റനുമായ മഹേന്ദ്ര സിംഗ് ധോണിയ്ക്ക് ഇന്ന് ചരിത്രദിനം. രാജസ്ഥാൻ റോയൽസിനെതിരെയുള്ള സി.എസ്.കെയുടെ ഇന്നത്തെ മത്സരം ആരാധകരുടെ പ്രിയ 'തല'യുടെ ടീം നായകനായുള്ള 200ാമത് ഐ.പി.എൽ മത്സരമാണ്. അതോടൊപ്പം ഒരു ഐ.പി.എൽ ഫ്രാഞ്ചസിയെ 200 മത്സരങ്ങളിൽ നയിച്ച ആദ്യ നായകനായും അദ്ദേഹം മാറും. ഐ.പി.എല്ലിൽ ഏറ്റവും കൂടുതൽ മത്സരം കളിച്ച താരവും ധോണിയാണ്. സി.എസ്.കെക്കായി 200 സിക്‌സറുകൾ തികച്ച താരവും ധോണിയാണ്.

ടൂർണമെൻറിലാകെ നായകനായി ധോണി 213 മത്സരങ്ങളാണ് കളിച്ചിട്ടുള്ളത്. സി.എസ്.കെക്ക് പുറമേ റൈസിംഗ് പൂണെ സൂപ്പർ ജയൻറ്‌സിനെയും 41കാരനായ താരം നയിച്ചിട്ടുണ്ട്. ഈ മത്സരങ്ങളിൽ 58.96 ശതമാനമാണ് റാഞ്ചിക്കാരനായ താരത്തിന്റെയും സംഘത്തിന്റെയും വിജയം. ഐ.പി.എല്ലിൽ 125 മത്സരങ്ങൾ വിജയിച്ചപ്പോൾ 87 എണ്ണത്തിൽ പരാജയപ്പെട്ടു. ഒരോ ഫ്രാഞ്ചസിക്കായി കൂടുതൽ മത്സരങ്ങൾ കളിച്ച മറ്റൊരു താരം വിരാട് കോഹ്‌ലിയാണ്. ആർ.സി.ബിക്കായി 218 മത്സരങ്ങളാണ് താരം കളിച്ചിട്ടുള്ളത്.

ടൂർണമെൻറിൽ താരമെന്ന നിലയിൽ 237 മത്സരങ്ങളിൽ മഹേന്ദ്ര സിംഗ് ധോണി പങ്കെടുത്തു. 5004ലേറെ റൺസ് നേടി. 2008ൽ പഞ്ചാബ് കിംഗ്‌സിനെതിരെ പഞ്ചാബ് ക്രിക്കറ്റ് അസോസിയേഷന്റെ ഐ.എസ് ബിന്ദ്ര സ്‌റ്റേഡിയത്തിലാണ് മിസ്റ്റർ കൂൾ അരങ്ങേറ്റ ഐ.പി.എൽ മത്സരം കളിച്ചത്. 2023 സീസണിലാണ്‌ ധോണി ഐ.പി.എല്ലിൽ 5000 റൺസ് കടന്നത്. വിരാട് കോഹ്‌ലി, ശിഖർ ധവാൻ, വാർണർ, രോഹിത് ശർമ, സുരേഷ് റെയ്‌ന, എ.ബി. ഡിവില്ലേഴ്‌സ് എന്നിവരാണ് ഈ പട്ടികയിലെ ഇതര താരങ്ങൾ. എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനെതിരെ നടന്ന മത്സരത്തിലാണ് ധോണി ഏഴാമനായി ഈ നാഴികക്കല്ല് മറികടന്നത്. ചെപ്പോക്കിയിൽ ടി20യിൽ 1500 റൺസ് തികയ്ക്കാൻ 57 റൺസ് കൂടിയേ ധോണിയ്ക്ക് നേടേണ്ടതുള്ളൂ. നാലു പോയിൻറുമായി പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് സി.എസ്.കെ ഇപ്പോഴുള്ളത്.

ധോണി സി.എസ്.കെയുടെ മാത്രം ഇതിഹാസമല്ല, ഇന്ത്യൻ ക്രിക്കറ്റിന്റെ തന്നെ ഇതിഹാസമാണെന്നാണ് ഇന്നലെ മാധ്യമങ്ങളെ കണ്ടപ്പോൾ രവീന്ദ്ര ജഡേജ പറഞ്ഞത്.

രാജസ്ഥാൻ റോയൽസ് -ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടം: ജയിക്കാനൊരുങ്ങി ടീമുകൾ

ഐ.പി.എല്ലിൽ ഇന്ന് രാജസ്ഥാൻ റോയൽസ് ചെന്നൈ സൂപ്പർ കിംഗ്‌സ് പോരാട്ടം. ചെന്നൈയുടെ ഹോം ഗ്രൗണ്ടായ എം.എ ചിദംബരം സ്‌റ്റേഡിയത്തിൽ (ചെപ്പോക്ക്) വൈകീട്ട് ഏഴരയ്ക്കാണ് മത്സരം. ഇവിടെ അവസാനം നടന്ന 22 ഐ.പി.എൽ മത്സരങ്ങളിൽ സി.എസ്.കെ മൂന്നു തവണ മാത്രമാണ് പരാജയപ്പെട്ടത്. ഈ മൂന്നു തവണയും മുംബൈ ഇന്ത്യൻസാണ് ധോണിപ്പടയെ വീഴ്ത്തിയത്. ആകെ നടന്ന 57 ഐ.പി.എൽ മത്സരങ്ങളിൽ 41ലും സി.എസ്.കെയാണ് വിജയിച്ചത്. ഏകദേശം 72 ശതമാനമാണിത്. ഈ റെക്കോർഡ് മറികടക്കാൻ സഞ്ജുവിനും സംഘത്തിനും സാധിക്കുമോയെന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്.

അവസാനം നടന്ന മത്സരങ്ങളിൽ വിജയിച്ച ടീമുകൾ വിജയത്തുടർച്ച നേടാനാണ് ശ്രമിക്കുന്നത്. ഐ.പി.എല്ലിലെ തന്നെ ആദ്യ മത്സരത്തിൽ ചെന്നൈ ഗുജറാത്ത് ടൈറ്റൻസിനോട് തോറ്റിരുന്നു. എന്നാൽ പിന്നീട് ലഖ്‌നൗ സൂപ്പർ ജയൻറ്‌സിനോടും പിന്നീട് മുംബൈ ഇന്ത്യൻസിനോടും മഞ്ഞപ്പട ജയിച്ചുകയറി. ആദ്യ മത്സരത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനോട് വിജയിച്ച രാജസ്ഥാൻ രണ്ടാം മത്സരത്തിൽ പഞ്ചാബ് കിംഗ്‌സിനോട് അഞ്ച് റൺസിന് തോറ്റു. എന്നാൽ ശേഷം നടന്ന ഡൽഹി ക്യാപിറ്റൽസിനെതിരെയുള്ള മത്സരത്തിൽ 57 റൺസിന്റെ കൂറ്റൻ വിജയം നേടി തിരിച്ചുവന്നു. തന്റെ 200 മത്സരവും വിജയച്ചിരിയോടെ പൂർത്തിയാക്കാനാകും എം.എസ്. ധോണിയുടെ ആഗ്രഹം. എന്നാൽ ബട്‌ലറടക്കമുള്ള മികച്ച താരങ്ങളുള്ള രാജസ്ഥാനെ അത്രയെളുപ്പം കീഴടക്കാനാകില്ല.

ചെന്നൈ നിരയിലെ ഓൾറൗണ്ടർമാരായ ബെൻ സ്‌റ്റോക്‌സ്, മുഈൻ അലി എന്നിവർ പരിക്കിന്റെ പിടിയിലാണ്. മുംബൈ ഇന്ത്യൻസിനെതിരെയുള്ള മത്സരത്തിൽ ദീപക് ചാഹറിനും പരിക്കേറ്റിരുന്നു. താരത്തിന് ദീർഘ കാലത്തെ ഇടവേള ആവശ്യമാകുമെന്നാണ് വിവരം. എന്നാൽ സ്‌റ്റോക്‌സ് നാലഞ്ച് ദിവസത്തിനുള്ളിൽ തിരിച്ചെത്തുമെന്നാണ് ചൊവ്വാഴ്ച ജഡേജ സ്ഥിരീകരിച്ചത്. മുഈൻ അലിയും കളിക്കുമെന്നാണ് വിവരം. ചാഹറിന് പകരം ശ്രീലങ്കൻ ഓഫ് സ്പിന്നർ മഹേഷ് തീക്ഷണയെത്തിയേക്കുമെന്നാണ് കരുതപ്പെടുന്നത്. 2021 മുതൽ പവർപ്ലേകളിൽ 36 വിക്കറ്റ് നേടിയ മികച്ച ടി20 താരമാണ് തീക്ഷണ. അതേസമയം, സി.എസ്.കെക്കായുള്ള ആദ്യ മത്സരത്തിൽ അജിങ്ക്യ രഹാനെ 27 പന്തിൽ 61 റൺസുമായി വെടിക്കെട്ട് പ്രകടനം നടത്തിയിരുന്നു.

സി.എസ്.കെ ആദ്യം ബാറ്റ് ചെയ്താലുള്ള സാധ്യത ഇലവൻ: ഡിവോൺ കോൺവേ, റുതുരാജ് ഗെയ്ക്ക്‌വാദ്, അജിങ്ക്യ രഹാനെ/മുഈൻ അലി, അമ്പാട്ടി റായിഡു, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഡ്വയ്ൻ പ്രിറ്റോറിയസ്, എം.എസ് ധോണി (വിക്കറ്റ് കീപ്പർക്യാപ്റ്റൻ), മിച്ചൽ സാൻറനർ, മഹേഷ് തീക്ഷണ/ സിമാർജീത് സിംഗ്, തുഷാർ ദേശ്പാണ്ഡ്യ.

സി.എസ്.കെ ആദ്യം ബോൾ ചെയ്താലുള്ള സാധ്യത ഇലവൻ: ഡിവോൺ കോൺവേ, റുതുരാജ് ഗെയ്ക്ക്‌വാദ്, അജിങ്ക്യ രഹാനെ/മുഈൻ അലി, ശിവം ദുബെ, രവീന്ദ്ര ജഡേജ, ഡ്വയ്ൻ പ്രിറ്റോറിയസ്, എം.എസ് ധോണി (വിക്കറ്റ് കീപ്പർക്യാപ്റ്റൻ), മിച്ചൽ സാൻറനർ, മഹേഷ് തീക്ഷണ/ സിസിന്ദ മഗാല, സിമാർജീത് സിംഗ്, തുഷാർ ദേശ്പാണ്ഡ്യ.

രാജസ്ഥാൻ റോയൽസ് ആദ്യം ബാറ്റ് ചെയ്താലുള്ള സാധ്യത ഇലവൻ: യശ്വസി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ഷിമോൺ ഹിറ്റ്‌മെയർ, ധ്രുവ് ജുറേൽ, ജാസൺ ഹോൾഡർ, ആർ. അശ്വിൻ, എം. അശ്വിൻ, ട്രെൻറ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ.

രാജസ്ഥാൻ റോയൽസ് ആദ്യം ബോൾ ചെയ്താലുള്ള സാധ്യത ഇലവൻ: യശ്വസി ജയ്‌സ്വാൾ, ജോസ് ബട്‌ലർ, സഞ്ജു സാംസൺ(ക്യാപ്റ്റൻ വിക്കറ്റ് കീപ്പർ), റിയാൻ പരാഗ്, ഷിമോൺ ഹിറ്റ്‌മെയർ, ജാസൺ ഹോൾഡർ, ആർ. അശ്വിൻ, എം. അശ്വിൻ, ട്രെൻറ് ബോൾട്ട്, യുസ്‌വേന്ദ്ര ചാഹൽ, സന്ദീപ് ശർമ/ കെ.എം. ആസിഫ്.





Mahendra Singh Dhoni to lead CSK in 200th IPL match as captain today

Similar Posts