Cricket
dk
Cricket

ഡി.കെ: രണ്ടക്ഷരത്തിനുള്ളിലെ രണ്ട് പതിറ്റാണ്ട് കാലം

Sports Desk
|
16 April 2024 3:33 PM GMT

പ്രതീക്ഷകളെല്ലാം നഷ്ടപ്പെട്ട ആരാധകര്‍ക്കിടയിലേക്കാണ് ദിനേശ് കാര്‍ത്തിക്ക് ബാറ്റിങ്ങിനിറങ്ങിയത്. തന്റെ ബാഗിലുള്ള എല്ലാ ഷോട്ടുകളും പുറത്തെടുത്തതോടെ

അസാധ്യമെന്ന് കരുതിയ റണ്‍മല അയാള്‍ക്ക് മുന്നില്‍ ഒരുവേള മുന്നില്‍ മുട്ടുകുത്തി നിന്നു. ചിന്നസ്വാമിയില്‍ തടിച്ചുകൂടിയ ജനം ആശേവത്താല്‍ ഇളകിമറിഞ്ഞ നിമിഷങ്ങള്‍.. പോയമാസം തന്റെ കൂടെ ബോക്‌സിലിരുന്ന് കമന്ററി പറഞ്ഞയാളാണ് ഇതെന്ന് സങ്കല്‍പ്പിക്കാനേയാകുന്നില്ലെന്നാണ് കെവിന്‍ പീറ്റേഴ്‌സണ്‍ പറഞ്ഞത്. മത്സരം തോറ്റിട്ടും തങ്ങളുടെ പ്രിയപ്പെട്ട ഡി.കെക്ക് സ്റ്റാന്‍ഡിങ് ഒവേഷന്‍ നല്‍കിയാണ് ആര്‍.സി.ബി ആരാധകര്‍ മടക്കിയയച്ചത്. 38ാം വയസ്സിലും തന്റെയുള്ളിലെ ഫയര്‍ അണഞ്ഞിട്ടില്ലെന്ന് ഡി.കെയും തെളിയിച്ചു. ചിന്നസ്വാമിയുടെ മേല്‍ക്കൂര ചുംബിച്ച ടൂര്‍ണമെന്റിലെ ഏറ്റവും വലിയ സിക്‌സും ആ ബാറ്റില്‍ നിന്നും പിറന്നു.

ഡി.കെ ഇന്ത്യന്‍ ക്രിക്കറ്റില്‍ റോളുകളിക്കാന്‍ തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ടായി. ഇന്ത്യയുടെ നീലകുപ്പായത്തിലും വെള്ളക്കുപ്പായത്തിലു്െമല്ലാം പല സമയങ്ങളിലായി അയാളെ കാണാറുണ്ട്. എന്നാല്‍ ഒരിക്കലും സ്ഥിരമായിരുന്നുമില്ല. ഐ.പി.എല്ലിലും വേഷങ്ങള്‍ മാറി മറിഞ്ഞു. ഡല്‍ഹിയിലും പഞ്ചാബിലും മുംബൈയിലും ഗുജറാത്തിലും കൊല്‍ക്കത്തയിലും ബെംഗളൂരുവിലുമെല്ലാം അയാള്‍ മാറി മാറിക്കളിച്ചു. പക്ഷേ ഒരിടത്തും ഉറച്ചുനില്‍ക്കാനായില്ല.

ധോണിക്കും മുമ്പേ ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞയാളാണ് കാര്‍ത്തിക് എന്നത് പലര്‍ക്കും കൗതുകമുള്ള കാര്യമായിരിക്കും. ഇന്ത്യന്‍ ടീമിന് വിശ്വസിക്കാവുന്ന ഒരു വിക്കറ്റ് കീപ്പറുമില്ലാത്ത കാലത്ത് പാര്‍ഥിവ് പട്ടേലിന് പകരക്കാരനായാണ് അയാള്‍ ടീമില്‍ വന്നത്. 2004 സ്‌പെ്റ്റംബറില്‍ ഇംഗ്‌ളണ്ടിനെതിരെ ഏകദിനത്തിലും നവംബറില്‍ ഓസ്‌ട്രേലിയക്കെതിരെ ടെസ്റ്റിലും ഇന്ത്യന്‍ കുപ്പായമണിഞ്ഞു. വിക്കറ്റിന് പിന്നിലുള്ള പ്രകടനത്തിന്റെ പേരില്‍ ഏറെ പ്രശംസിക്കപ്പെടുകയും ചെയ്തു. എന്നാല്‍ ബാറ്റിങ്ങില്‍ ശരാശരി പ്രകടനങ്ങള്‍ മാത്രമായിരുന്നു.

ഇന്ത്യന്‍ ടീമിലപ്പോള്‍ മഹേന്ദ്ര സിങ് ധോണിയെന്ന പുതിയ വെടിക്കെട്ട് വിക്കറ്റ് കീപ്പറുടെ യുഗപ്പിറവിയുടെ സമയമായിരുന്നു. മറ്റൊരു വിക്കറ്റ് കീപ്പറെക്കുറിച്ചുള്ള ചിന്തപോലും വരാത്ത വിധം ധോണിയുഗം അവിടെ ആരംഭിച്ചു. ധോണി ഉദിച്ചുയരുന്തോറും കാര്‍ത്തിക് മങ്ങി മങ്ങി ഓരങ്ങളിലേക്ക് മാറി. മറ്റൊരു തരത്തില്‍ പറഞ്ഞാല്‍ കാര്‍ത്തിക് ബാറ്റ് കൊണ്ട് തിളങ്ങിയിരുന്നെങ്കില്‍ ധോണിയുടെ അരങ്ങേറ്റമെങ്കിലും ഒരു പക്ഷേ വൈകുമായിരുന്നു. ധോണിക്കോ മറ്റേതെങ്കിലും താരത്തിനോ പരിക്ക് പറ്റുമ്പോഴോ വിശ്രമം അനുവദിക്കുമ്പോഴോ മാത്രമായിരുന്നു പിന്നീട് ടീമില്‍ അവസരം കിട്ടിയിരുന്നത്്. 2006ല്‍ ദക്ഷിണാഫ്രിക്കക്കെതിരെ തങ്ങളുടെ ചരിത്രത്തിലെ ആദ്യത്തെ ട്വന്റി 20 മത്സരത്തില്‍ ഇന്ത്യ വിജയം നേടുമ്പോള്‍ മാന്‍ ഓഫ് ദി മാച്ചായത് കാര്‍ത്തിക്കാണ്. കാര്യമായ അവസരം കിട്ടിയില്ലെങ്കിലും 2007 ട്വന്റി 20 ലോകകപ്പ് നേടിയ ഇന്ത്യന്‍ സംഘത്തിലുമുണ്ടായിരുന്നു. ഐ.പി.എല്ലില്‍ ഏറ്റവുമധികം മത്സരം കളിച്ച രണ്ടാമത്തെ താരം കൂടിയാണ ഡി.കെ. ആദ്യ സീസണ്‍ മുതല്‍ ഐ.പി.എല്ലിലുള്ള താരം 249 മത്സരങ്ങളിലാണ് കളത്തിലിറങ്ങിയത്. അവിടെയും മുന്നിലുള്ളത് 256 മത്സരങ്ങള്‍ കളിച്ച ധോണി മാത്രം.

2019 ഏകദിന ലോകകപ്പ്, 2022 ട്വന്റി 20 ലോകകപ്പ് ടീമുകളിലും ഇടംപിടിച്ചു. എന്നാല്‍ ഈ ലോകകപ്പുകളിലെ േമാശം പ്രകടനത്തിന്റെ പേരില്‍ വലിയ വിമര്‍ശനങ്ങളാണ് കാര്‍ത്തിക്കിന് നേരിട്ടത്. ഐ.പി.എല്ലിലെ മികച്ച പെര്‍ഫോമന്‍സ് കണ്ട് വിശ്വസിച്ച സെലക്ടര്‍മാരെയും ഡി.കെയുടെ പ്രകടനം നിരാശപ്പെടുത്തി. അതുകൊണ്ടുതന്നെ എത്ര ഫോമിലാണെങ്കിലും ഒരിക്കല്‍ കൂടി ലോകകപ്പ് ടീമില്‍ ഉള്‍പ്പെടുത്തുമോ എന്ന കണ്ടറിയണം.

ഇതിനിടയില്‍ വ്യക്തിജീവിതത്തിലും ചില നഷ്ടങ്ങള്‍ അദ്ദേഹത്തിനുണ്ടായി. തമിഴ്‌നാട് ടീമിലെ തന്റെ സഹതാരം കൂടിയായ മുരളി വിജയുമായി തന്റെ ഭാര്യ നികിത വഞ്ജാരക്ക് ബന്ധമുണ്ടെന്ന് കണ്ട് വിവാഹമോചനം നേടി. സ്‌ക്വാഷ് താരവും മലയാളിയുമായ ദീപിക പള്ളിക്കലാണ് നിലവില്‍ കാര്‍ത്തികിന്റെ സഹധര്‍മിണി.

രണ്ടുപതിറ്റാണ്ടിലേറെക്കാലം ഇന്ത്യന്‍ ക്രിക്കറ്റിന്റെ മുഖ്യധാരയിലും ഓരത്തുമുണ്ടായിരുന്ന ഡി.കെ എന്ന രണ്ടക്ഷരങ്ങള്‍ ഇന്ത്യന്‍ ആരാധകര്‍ ഒരുപക്ഷേ ഓര്‍ത്തിരിക്കുക ഒരൊറ്റ മത്സരത്തിലെ പ്രകടനത്തിന്റെ പേരിലായിരിക്കും. 2018ലെ നിദാഹാസ് ട്രോഫി ഫൈനല്‍. കണ്ടവരൊന്നും മറക്കാത്ത ട്വന്റി 20 ചരിത്രത്തിലെ ഏറ്റവും മികച്ച മത്സരങ്ങളിലൊന്ന്. തോല്‍വിയിലേക്ക് നീങ്ങിക്കൊണ്ടിരുന്ന ഇന്ത്യയെ ഡി.കെ ഒറ്റക്ക് ചുമലിലേറ്റി. എട്ടുപന്തില്‍ നിന്നും അടിച്ചെടുത്തത് നിര്‍ണായകമായ 29 റണ്‍സ്. മത്സരത്തില്‍ അവസാന പന്തില്‍ അഞ്ചുറണ്‍സ് വേണ്ടിയിരിക്കേ ബംഗ്‌ളദേശിന്റെ ഹൃദയം തുളച്ച് ഒരു ഫ്‌ളാറ്റ് സിക്‌സ്. വിജയവും കിരീടവും ഇന്ത്യക്ക് സ്വന്തം. ഗാലറിയും ഇന്ത്യന്‍ ഡ്രസിങ് റൂമും തുള്ളിച്ചാടിയ നിമിഷങ്ങള്‍. യൂട്യൂബില്‍ 25 കോടിയിലധികം വ്യൂസുള്ള ഈ വിഡിയോ ഏറ്റവുമധികം പേര്‍ ക്രിക്കറ്റ് വിഡിയോകളില്‍ ഒന്നുകൂടിയാണ്.

പ്രതിഭയില്‍ ഒരുപാട് മുന്നിലായിട്ടും എവിടെയോ ചില ഭാഗ്യക്കേടുകളും അതല്ലെങ്കില്‍ കൃത്യമായ സമയത്ത് ഫോമാകാന്‍ സാധിക്കാതെ പോകുകയും ചെയ്യുന്നയാളാണ് ഡി.കെ. രണ്ടുപതിറ്റാണ്ട് കാലം കളത്തിലുണ്ടായിട്ടും അയാള്‍ ഒരിടത്തും ഒരുകാലത്തും അവിഭാജ്യ ഘടകം ആകാതെ പോയതും അതുകൊണ്ടാണ്. വീണ്ടുമൊരു ട്വന്റി 20 ലോകകപ്പ് കൂടി അടുത്തിരിക്കുന്നു. സെലക്ടര്‍മാര്‍ വീണ്ടും ഡി.കെയില്‍ വിശ്വസിക്കുമോ.. ഇനി വിശ്വസിച്ചാല്‍ അതിനൊത്തരീതിയില്‍ കളിക്കാനാകുമോ ആകുമോ?. ചോദ്യങ്ങളും ഉത്തരങ്ങളും ബാക്കി.

Similar Posts