"എനിക്കൊരു വലിയ ലക്ഷ്യമുണ്ട്.. അതിനു വേണ്ടി കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കുന്നു"- ദിനേശ് കാര്‍ത്തിക്ക്
|ഡല്‍ഹിക്കെതിരായ മത്സരത്തിന് ശേഷമാണ് താരം മനസ്സുതുറന്നത്
ഐ.പി.എല്ലിൽ ഈ സീസണിൽ മികച്ച പ്രകടനമാണ് ഇന്ത്യൻ സീനിയർ താരം ദിനേശ് കാർത്തിക്ക് പുറത്തെടുക്കുന്നത്. കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ നേടിയ അർധസെഞ്ച്വറിയടക്കം ഇക്കുറി ബാംഗ്ലൂരിന്റെ പല വിജയങ്ങളിലും താരം നിർണ്ണായക സാന്നിധ്യമായി. ആറ് മത്സരങ്ങൾ പൂർത്തിയായപ്പോൾ രണ്ടു തവണയാണ് താരം പ്ലെയർ ഓഫ് ദ ടൂർണമെന്റ് അവാർഡിനർഹനായത്.
ഇന്ത്യയുടെ അടുത്ത ലോകകപ്പ് ടീമിൽ ദിനേശ് കാർത്തിക്ക് ഉണ്ടാവുമോ എന്ന തരത്തിലുള്ള ചർച്ചകൾ ഇതിനോടകം തന്നെ ക്രിക്കറ്റ് ലോകത്ത് ആരംഭിച്ചു കഴിഞ്ഞു. അതിനിടെ അടുത്ത ലോകകപ്പ് ടീമിൽ ഇടംപിടിക്കാൻ തനിക്കു കഴിയുമെന്ന ആത്മവിശ്വാസം പ്രകടിപ്പിച്ചിരിക്കുകയാണിപ്പോൾ താരം. കഴിഞ്ഞ മത്സരത്തിൽ കളിയിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ഏറ്റുവാങ്ങിയതിന് ശേഷമാണ് താരം മനസ്സു തുറന്നത്.
"എനിക്കൊരു വലിയ ലക്ഷ്യമുണ്ട്. ചിലപ്പോൾ നിങ്ങൾ വിശ്വസിക്കണമെന്നില്ല. അതിനായി ഞാൻ കഠിനാധ്വാനം ചെയ്തു കൊണ്ടേയിരിക്കുന്നുണ്ട്. രാജ്യത്തിനായി എന്തെങ്കിലും ചെയ്യുക എന്നതാണ് എന്‍റെ ഏറ്റവും വലിയ ആഗ്രഹം. ഇന്ത്യൻ ടീമിൽ ഇടം നേടാൻ കഴിയുമെന്നാണ് ഉറച്ച വിശ്വാസം"- കാർത്തിക്ക് പറഞ്ഞു.
കാർത്തിക്ക് അദ്ദേഹത്തിന്‍റെ തന്ത്രങ്ങളെ മൈതാനത്ത് കൃത്യമായി നടപ്പിലാക്കുന്ന താരമാണെന്നും അദ്ദേഹത്തെ പോലെയൊരു താരം തങ്ങളുടെ ടീമിലുള്ളത് വലിയ ഭാഗ്യമാണെന്നും കഴിഞ്ഞ മത്സരത്തിന് ശേഷം ബാംഗ്ലൂർ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിസ് പറഞ്ഞിരുന്നു. 34 പന്തിൽ നിന്ന് 66 റൺസെടുത്ത കാർത്തിക്കാണ് കഴിഞ്ഞ മത്സരത്തിൽ ഡൽഹിക്കെതിരെ ബാംഗ്ലൂരിനെ വിജയതീരമണച്ചത്.
ആറ് മത്സരങ്ങളിൽ നിന്ന് 197 റൺസാണ് ഈ സീസണിൽ താരം ആകെ നേടിയത്. അവസാന ഓവറുകളിൽ മാത്രം ഇറങ്ങാൻ അവസരം കിട്ടിയിട്ടും കഴിഞ്ഞ മൂന്ന് സീസണുകളിൽ കാർത്തിക്കിന്‍റെ ബാറ്റിങ് ആവറേജ് 37 ആണ്.
SUMMARY 'I have been doing everything I can to be part of the Indian team' - Dinesh Karthik