പന്തിന് പകരം കാർത്തിക്; ഇന്ത്യയുടെ സൂപ്പർ ഫിനിഷറാകുമോ?
|രവീന്ദ്ര ജഡേജയും യൂസുവേന്ദ്ര ചാഹലുമാണ് സ്പിന്നർമാർ
ദുബൈ: ഏഷ്യാ കപ്പിലെ ഗ്ലാമർ പോരിൽ ടോസ് നേടിയ ഇന്ത്യ, പാകിസ്താനെ ബാറ്റിങിനയച്ചു. രോഹിത് ശർമ്മ നയിക്കുന്ന ടീമിൽ വിക്കറ്റ് കീപ്പർ ബാറ്ററായി ദിനേശ് കാർത്തികിനെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ദിനേശ് കാർത്തികും റിഷഭ് പന്തും അനുയോജ്യരായ കളിക്കാരാണെന്നും എന്നാൽ സന്ദർഭത്തിനനുസരിച്ച് കാർത്തികിനാണ് അവസരമെന്ന് രോഹിത് പറഞ്ഞു.
ഐപിഎല്ലിൽ ബാംഗ്ലൂരിന് വേണ്ടി ഫിനിഷിന് റോളിലുണ്ടായിരുന്ന കാർത്തിക് ഇന്ത്യയുടെയും സൂപ്പർ ഫിനിഷറാകുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. കാർത്തികിന് ഇന്ത്യയുടെ ഫിനിഷറാകാൻ സാധിക്കുമെന്ന് ഹർഷ ബോഗ്‌ലെയും അഭിപ്രായപ്പെട്ടു.
ഭുവനേശ്വർ കുമാറിനും അർഷദീപ് സിങിനും പുറമെ മൂന്നാം സീമറായി ആവേശ് ഖാനും അന്തിമ ഇലവനിൽ ഇടം നേടി. രവീന്ദ്ര ജഡേജയും യൂസുവേന്ദ്ര ചാഹലുമാണ് സ്പിന്നർമാർ. രോഹിതിന് പുറമെ ലോകേഷ് രാഹുൽ,സൂര്യകുമാർ യാദവ്, ഹാർദിക്പാണ്ഡ്യ, വിരാട് കോഹ്ലി എന്നിവരും ബാറ്റർമാരായി ഉണ്ട്. വിരാട് കോഹ്ലിയുടെ 1000 ടി20 മത്സരമാണ്.
അതേസമയം ടോസ് നഷ്ടപ്പെട്ടതിലെ നീരസം പാക് ക്യാപ്റ്റൻ ബാബറും പ്രകടമാക്കി.ടോസ് ലഭിച്ചിരുന്നുവെങ്കിൽ ബൗളിങ് തെരഞ്ഞെടുക്കുമായിരുന്നുവെന്ന് ബാബർ പറഞ്ഞു. മൂന്ന് ഫാസ്റ്റ് ബൗളർ, രണ്ട് സ്പിന്നർമാർ എന്നതാണ് പാകിസ്താന്റെ ടീം ഘടന. നസീം ഷാ എന്ന ഫാസ്റ്റ് ബൗളർക്ക് അരങ്ങേറാനും പാക് ടീം അവസരം കൊടുത്തു. ഇക്കഴിഞ്ഞ ലോകകപ്പിലാണ് ഇന്ത്യയും പാകിസ്താനും അവസാനമായി ഏറ്റുമുട്ടിയത്. അന്ന് ഇന്ത്യ പത്ത് വിക്കറ്റിനാണ് തോറ്റത്. അതിനുള്ള പ്രതികാരം ഇന്ത്യക്ക് വീട്ടാനുണ്ട്.