Cricket
എനിക്ക് ലോകകപ്പ് കളിക്കണം, ഇന്ത്യന്‍ ജഴ്സി ഇനിയുമണിയണം... - ദിനേശ് കാര്‍ത്തിക്
Cricket

''എനിക്ക് ലോകകപ്പ് കളിക്കണം, ഇന്ത്യന്‍ ജഴ്സി ഇനിയുമണിയണം...'' - ദിനേശ് കാര്‍ത്തിക്

Web Desk
|
18 April 2022 5:37 AM GMT

ഐ.പി.എല്ലില്‍ ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിനായി മിന്നും ഫോമില്‍ ബാറ്റ് വീശുകയാണ് ദിനേശ് കാര്‍ത്തിക്. എല്ലാവരും കളിയവസാനിപ്പിക്കുന്ന പ്രായത്തില്‍ അയാള്‍ ഇപ്പോഴും ടീമിന്‍റെ അഭിവാജ്യ ഘടകമാണ്. കളിച്ച ആറ് മത്സരങ്ങളില്‍ അഞ്ചിലും നോട്ടൌട്ട്. 197 റണ്‍സിന്‍റെ ഞെട്ടിക്കുന്ന ആവറേജ്. 209 റണ്‍സിന്‍റെ തട്ടുപൊളിപ്പന്‍ സ്ട്രൈക്ക് റേറ്റും. ഒരു 37 കാരന്‍റെ ഐ.പി.എല്‍ സ്റ്റാറ്റസാണ് ഈ നിരത്തിയിരിക്കുന്നതെന്ന് പറഞ്ഞാല്‍ വിശ്വസിക്കാന്‍ സാധിക്കുമോ? എല്ലാവരും കളി മതിയാക്കുന്ന പ്രായത്തില്‍ അയാള്‍ ടീമിന് ഏറ്റവും വിലപിടിപ്പുള്ള താരമായി മാറുകയാണ്.

ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്‍റെ ജഴ്സിയില്‍ ഏറ്റവും മികച്ച ഫിനിഷറെയാണ് ക്രിക്കറ്റ് ആരാധകര്‍ കണ്ടുകൊണ്ടിരിക്കുന്നത്. 2019ലാണ് കാര്‍ത്തിക് അവസാനമായി ഇന്ത്യന്‍ കുപ്പായമണിയുന്നത്. ഇപ്പോള്‍ ഒരു ലോകകപ്പ് പടിവാതില്‍ക്കല്‍ വന്നെത്തി നില്‍ക്കുമ്പോള്‍ യുവതാരങ്ങളേക്കാള്‍ ഇന്ത്യന്‍ സ്ക്വാഡിലേക്ക് അവകാശവാദം ഉന്നയിക്കുന്നത് ഈ 37 കാരനാണ്. കാര്‍ത്തിക് തന്‍റെ ഏറ്റവും വലിയ ആഗ്രഹത്തെക്കുറിച്ച് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇപ്പോള്‍.


"എനിക്കൊരു വലിയ ലക്ഷ്യമുണ്ട്. അതിനായി ഞാൻ കഠിനാധ്വാനം ചെയ്യുന്നുണ്ട്. രാജ്യത്തിനായി എനിക്ക് പലതും ചെയ്യാനുണ്ട്, ലോകകപ്പാണ് കണ്‍മുന്നില്‍, എനിക്ക് ലോകകപ്പ് കളിക്കണം, അതാണ് എന്‍റെ ഏറ്റവും വലിയ ലക്ഷ്യം. ഇതെന്‍റെ ജീവിത യാത്രയുടെ ഭാഗമാണ്. വീണ്ടും ഇന്ത്യൻ ജഴ്സിയണം, അതിനായി എല്ലാ പരിശ്രമങ്ങളും നടത്തുന്നുണ്ട്". ഡൽഹിക്കെതിരായ മത്സര ശേഷം കാര്‍ത്തിക് പറഞ്ഞു.

ഡൽഹിക്കെതിരായ മത്സരത്തില്‍ കാർത്തിക്കിന്‍റെ വെടിക്കെട്ട് പ്രകടനത്തിന്‍റെ മികവില്‍ ബാംഗ്ലൂർ 16 റൺസിനു വിജയിച്ചിരുന്നു. 34 പന്തിൽ 66 റണ്‍സ് നേടിയ കാര്‍ത്തിക് പുറത്താകാതെ നിന്നു. മത്സരശേഷം സഹതാരവും മുന്‍ ബാംഗ്ലൂര്‍ നായകനുമായ കോഹ്‍ലി കാർത്തിക്കിനെ പ്രശംസ കൊണ്ട് മൂടി. ഈ ഐ.പി.എലിന്‍റെ താരമെന്നായിരുന്നു കോഹ്‍ലി കാര്‍ത്തിക്കിനെ വിശേഷിപ്പിച്ചത്. ഐപിഎലിലെ മികച്ച പ്രകടനത്തിലൂടെ ഇന്ത്യൻ ടീമിലേക്കു തിരിച്ചെത്താൻ കാർത്തിക് ശക്തമായ അവകാശവാദം ഉന്നയിച്ചിരിക്കുകയാണെന്നും കോഹ്‍ലി ചൂണ്ടിക്കാട്ടി.

'ഈ ഐ.പി.എല്‍ സീസണിലെ ഏറ്റവും മികച്ച താരത്തിന്‍റെ കൂടെയാണ് ഞാനിവിടെ നിൽക്കുന്നത്. ഈ പ്രകടനം തുടരട്ടെയെന്നൊന്നും പ്രത്യേകം ആശംസിക്കേണ്ടതില്ല. കാരണം അദ്ദേഹത്തിന്‍റെ പ്രകടനം കാണുമ്പോഴറിയാം ഇതുകൊണ്ടൊന്നും കാര്‍ത്തിക് നിർത്താൻ പോകുന്നില്ല എന്ന്...'– കോഹ്‍ലി പറഞ്ഞു.

Similar Posts