നഷ്ടമായ വരിക്കാരെ തിരിച്ചുപിടിക്കണം; ഏഷ്യാകപ്പും ലോകകപ്പും സൗജന്യമായി സംപ്രേക്ഷണം ചെയ്യാൻ ഹോട്സ്റ്റാർ
|ഏഷ്യാ കപ്പ് തുടങ്ങാന്‍ പത്ത് ദിവസം ബാക്കിയിരിക്കെയാണ് മത്സരം സൗജന്യമായിരിക്കുമെന്ന് ഹോട്സ്റ്റാര്‍ വ്യക്തമാക്കുന്നത്.
മുംബൈ: ഏഷ്യാകപ്പും ഏകദിന ലോകകപ്പും സൗജന്യമായി സംപ്രേക്ഷണം ചെയ്യാന്‍ ഡിസ്നി ഹോട്സ്റ്റാര്‍. ഏഷ്യാ കപ്പ് തുടങ്ങാന്‍ പത്ത് ദിവസം ബാക്കിയിരിക്കെയാണ് മത്സരം സൗജന്യമായിരിക്കുമെന്ന് ഹോട്സ്റ്റാര്‍ വ്യക്തമാക്കുന്നത്.
ഇതു സംബന്ധിച്ച പരസ്യം അവര്‍ നല്‍കിത്തുടങ്ങി. ലൈവ് സ്ട്രീമിംഗില്‍ ജിയോ സിനിമ ഉയര്‍ത്തുന്ന വെല്ലുവിളി മറികടക്കാനുറച്ചാണ് ഹോട്സ്റ്റാറിന്റെ നീക്കങ്ങള്‍. മൊബൈര്‍ ഫോണ്‍ ഉപയോക്താക്കള്‍ക്ക് മാത്രമായിരിക്കും സൗജന്യ സ്ട്രീമിംഗ് ലഭ്യമാകുക. ജിയോ സിനിമ മത്സരങ്ങള്‍ സൗജന്യമായി സ്ട്രീമിംഗ് ചെയ്യാന്‍ തുടങ്ങിയതോടെ ഹോട്‌സ്റ്റാറിനെ ലക്ഷക്കണക്കിന് വരിക്കാരെ നഷ്ടമായിരുന്നു. ഇതിനെ തുടര്‍ന്നാണ് ഇന്ത്യന്‍ ഓഡിയന്‍സിന്റെ പള്‍സ് മനസിലാക്കിയുള്ളതാണ് ഹോട്സ്റ്റാറിന്റെ നീക്കം.
2022 ഐ.പി.എല്‍ ഡിജിറ്റല്‍ സംപ്രേഷണവകാശം റിലയന്‍സ് ഇന്‍ഡസ്ട്രീസിന്‍റെ ഉടസ്ഥതതയിലുള്ള വയാകോം 18ന് ആയിരുന്നു. ഹോട്‌സ്റ്റാറില്‍ നിന്ന് വന്‍തുകക്കാണ് അവര്‍ സംപ്രേഷണവകാശം നേടിയത്. പിന്നാലെ ഐപിഎല്‍ മുഴുവന്‍ സൗജന്യമായി ജിയോ സിനിമയിലൂടെ സ്ട്രീം ചെയ്തു. ഇത് വന്‍ കാഴ്ചക്കാരെയാണ് വയാകോമിന് നേടിക്കൊടുത്തത്. ഇത് ഹോട്സ്റ്റാറിന് വന്‍ ക്ഷീണമായി.
ഐ.പി.എല്‍ സംപ്രേഷണവകാശം നഷ്ടമായതിനൊപ്പം കഴിഞ്ഞ ഒമ്പത് മാസത്തെ കാലയളവില്‍ ഡിസ്നി ഹോട്സ്റ്റാറിന് രണ്ട് കോടി പെയ്ഡ് ഉപയോക്താക്കളെ നഷ്ടമായതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. ഐപിഎല്ലില്‍ നഷ്ടമായതിലൂടെ കൈവിട്ടുപോയ വരിക്കാരെ തിരിച്ചുപിടിക്കാന്‍ ഏഷ്യാ കപ്പ്, ലോകകപ്പ് ടൂര്‍ണമെന്‍റുകളിലൂടെ കഴിയുമെന്നാണ് ഹോട്സ്റ്റാര്‍ പ്രതീക്ഷിക്കുന്നത്.
ഹൈബ്രിഡ് മോഡലിലാണ് ഇക്കുറി ഏഷ്യാകപ്പ് നടക്കുന്നത്. പാകിസ്താനും ശ്രീലങ്കയും വേദിയാകും. ഓഗസ്റ്റ് 31 മുതൽ സെപ്റ്റംബർ 17 വരെയാണ് മത്സരം നടക്കുക. ടൂർണമെന്റിലെ ഭൂരിഭാഗം മത്സരങ്ങളും ശ്രീലങ്കയിലാണ്. ആദ്യ നാലു കളികൾ പാക്കിസ്ഥാനിൽ നടത്തും. 13 മത്സരങ്ങളാണ് ടൂർണമെന്റില്‍ നടക്കുക. ഇന്ത്യ, പാക്കിസ്ഥാൻ, ശ്രീലങ്ക, ബംഗ്ലദേശ്, അഫ്ഗാനിസ്ഥാൻ, നേപ്പാൾ ടീമുകളാണ് ഏഷ്യാകപ്പില്‍ മത്സരിക്കുന്നത്.