'ഇങ്ങനെയെങ്കില്‍ ഇനി ഐപിഎല്‍ കളിക്കേണ്ട'; വാർണറോട് കയർത്ത് സേവാഗ്
|വമ്പന്മാരുണ്ടെങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കാൻ നിലവിൽ ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസിക്കു കീഴിലുള്ള ടീമിന് സാധിച്ചിട്ടില്ല.
മുംബൈ: ഇത്തവണ ഐ.പി.എല്ലിൽ ഏറ്റവും നിരാശപ്പെടുത്തുന്ന ടീമായി മാറിയിരിക്കുകയാണ് ഡല്‍ഹി ക്യാപിറ്റല്‍സ്. കളിച്ച മൂന്ന് മത്സരത്തിലും ദയനീയ തോൽവിയാണ് ടീം ഏറ്റുവാങ്ങിയത്. ഏറ്റവുമൊടുവിൽ രാജസ്ഥാൻ റോയൽസിനോടായിരുന്നു ടീമിന്റെ പരാജയം. വമ്പന്മാരുണ്ടെങ്കിലും മികച്ച പോരാട്ടം കാഴ്ചവെക്കാൻ നിലവിൽ ഡേവിഡ് വാർണറുടെ ക്യാപ്റ്റൻസിക്കു കീഴിലുള്ള ടീമിന് സാധിച്ചിട്ടില്ല.
വാഹനാപകടത്തിൽ പരിക്കേറ്റ് വിശ്രമത്തിലുള്ള ഋഷഭ് പന്തിന്റെ അഭാവത്തിൽ ക്യാപ്റ്റൻ പട്ടം ലഭിച്ച വാർണർക്ക് ടീമിനെ വിജയതീരത്തെത്തിക്കാൻ കഴിയാത്തതിൽ ആരാധകർക്കിടയിൽ രോഷം ശക്തമാണ്. ടീം സ്‌കോറിനെ മുന്നോട്ടുനയിക്കാനോ ബാറ്റിങ്ങിലും ബൗളിങ്ങിലും മികവ് പുലർത്താനോ ടീമിലെ ആർക്കുമാവുന്നില്ല. മൂന്ന് മത്സരങ്ങളിലും വാർണർ ഭേദപ്പെട്ട സ്കോർ നേടിയെങ്കിലും വമ്പനടി ഉണ്ടാവുന്നില്ല. ടീമിനെ മുന്നില്‍ നിന്ന് നയിക്കാനാവുന്നില്ലെന്ന വിമർശനം നേരിടുന്ന വാര്‍ണറുടെ സ്‌ട്രൈക്ക് റേറ്റാണ് പ്രശ്‌നം.
ഇപ്പോഴിതാ വാര്‍ണർക്കെതിരെ രൂക്ഷ വിമർശനുവമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണറും മുൻ ഡൽഹി ഡെയർഡെവിൾസ് ക്യാപ്റ്റനുമായ വീരേന്ദര്‍ സേവാഗ്. ഇങ്ങനെയാണെങ്കിൽ ഇനി ഐ.പി.എൽ കളിക്കാൻ ഇറങ്ങേണ്ട എന്നാണ് സേവാഗ് പറഞ്ഞത്. വാർണർ രാജസ്ഥാൻ യുവ താരം യശസ്വി ജയ്സ്വാളിനെ കണ്ടുപഠിക്കണമെന്നും മുൻ ഇന്ത്യൻ താരം പറഞ്ഞു.
'നമ്മൾ അദ്ദേഹത്തോട് ഇംഗ്ലീഷിൽ കാര്യങ്ങൾ പറയേണ്ട സമയമായെന്ന് തോന്നുന്നു. വാർണർക്ക് അത് കേൾക്കുമ്പോൾ ചിലപ്പോൾ വേദനയും നിരാശയും തോന്നിയേക്കാം. ഡേവിഡ്, നിങ്ങൾ കേൾക്കുന്നുണ്ടെങ്കിൽ, ദയവായി നന്നായി കളിക്കൂ. 25 പന്തിൽ 50 റൺസെടുക്കൂ. ജയ്‌സ്വാളിൽ നിന്ന് പഠിക്കുക. അദ്ദേഹം 25 പന്തിൽ അത്രയും അടിച്ചു. അതിനു കഴിയുന്നില്ലെങ്കിൽ ഇനി ഐ.പി.എല്ലിൽ വന്ന് കളിക്കരുത്'- എന്നാണ് സേവാഗിന്റെ വിമർശനം.
55-60 എന്ന സ്കോറിനേക്കാൾ ഡേവിഡ് വാർണർ 30 റൺസിന് പുറത്താകുന്നതായിരുന്നു ടീമിന് നല്ലതെന്നും സേവാഗ് പറഞ്ഞു. റോവ്മാൻ പവൽ, ഇഷാൻ പോറൽ എന്നിവരെപ്പോലുള്ള കളിക്കാർക്ക് വളരെ നേരത്തെ ഇറങ്ങാമായിരുന്നു, ഒരുപക്ഷേ എന്തെങ്കിലും ചെയ്യാമായിരുന്നു. അവർക്ക് പന്തുകളൊന്നും അവശേഷിച്ചില്ല. അവർ ടീമിലെ വമ്പനടിക്കാരാണെന്നും സേവാഗ് കൂട്ടിച്ചേർത്തു.
രാജസ്ഥാനോടുള്ള കഴിഞ്ഞ കളിയിലെ തോൽവിയോടെ പോയിന്‍റ് പട്ടികയിൽ ഒമ്പതാമതാണ് ഡൽഹി. ഓപ്പണറായി ഇറങ്ങുന്ന വാര്‍ണര്‍ക്ക് സഹതാരങ്ങളുടെ പിന്തുണയില്ലാത്തതിനാലാണ് മെല്ലപ്പോക്ക് ബാറ്റിങ് നടത്തേണ്ടി വരുന്നതെന്ന വിലയിരുത്തലുമുണ്ട്. പൃഥ്വി ഷായും മിച്ചല്‍ മാര്‍ഷും പവര്‍പ്ലേക്കുള്ളില്‍ത്തന്നെ പുറത്താവുന്നതോടെ വാര്‍ണര്‍ക്ക് നിലയുറപ്പിച്ച് കളിക്കേണ്ടി വരികയും സ്‌ട്രൈക്കറേറ്റ് മോശമാവുകയും ചെയ്യുന്നു.
മൂന്ന് മത്സരങ്ങളില്‍ നിന്ന് 52.67 ശരാശരിയില്‍ 158 റണ്‍സാണ് വാര്‍ണറുടെ സമ്പാദ്യം. ഇതില്‍ രണ്ട് ഫിഫ്റ്റിയുമുണ്ട്. നിലവിലെ റണ്‍വേട്ടക്കാരില്‍ രണ്ടാം സ്ഥാനത്താണ് വാര്‍ണര്‍. എന്നാല്‍ സ്‌ട്രൈക്ക് റേറ്റ് 117.03 ആണെന്നതാണ് ദൗര്‍ഭാഗ്യകരമായ കാര്യം. അവസാന മത്സരത്തില്‍ ഇംപാക്ട് പ്ലയറായെത്തി ഗോള്‍ഡന്‍ ഡെക്കായാണ് പൃഥ്വി പുറത്തായത്. രാജസ്ഥാന്‍ റോയല്‍സിനെതിരേ മനീഷ് പാണ്ഡെയെ പരിഗണിച്ചപ്പോള്‍ താരം ഡെക്കിനാണ് പുറത്തായത്.
അന്താരാഷ്ട്ര ക്രിക്കറ്റിലെ വമ്പനടിക്കാരായ റില്ലി റൂസോ, മിച്ചല്‍ മാര്‍ഷ് എന്നിവർക്കും ഡൽഹി നിരയിൽ തിളങ്ങാനാവുന്നില്ല. ഇത് ടീമിനെ പ്രതികൂലമായി ബാധിക്കുന്നു. വെടിക്കെട്ട് ഫിനിഷറായ റോവ്മാന്‍ പവരിന്റെ പ്രകടനവും നിരാശാജനകം. ഖലീല്‍ അഹമ്മദ്, ആന്‍ റിച്ച് നോക്കിയേ, മുകേഷ് കുമാര്‍ എന്നിവര്‍ ഉള്‍പ്പെടുന്ന പേസ് നിരയും മോശം. അക്സർ പട്ടേല്‍ സ്പിന്നറെന്ന നിലയില്‍ നിരാശപ്പെടുത്തുമ്പോൾ കുല്‍ദീപ് യാദവിനും ശരാശരിക്ക് മേൽപ്പോട്ട് ഉയരാനാവുന്നില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മെച്ചപ്പെട്ടില്ലെങ്കിൽ ഡല്‍ഹിയുടെ കാര്യം കൂടുതൽ ദുരന്തമാവുമെന്നാണ് ആരാധകരും കായിക വിദഗ്ധരും പറയുന്നത്.