ട്വന്റി20 ലോകകപ്പിലും ഡിആര്‍എസ്; സെമിയിലും ഫൈനലിലും മഴ കളി മുടക്കിയാല്‍ ഫലം ഇങ്ങനെ
|ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ട്വന്റി20 ലോകകപ്പ്
ഈ മാസം അവസാനത്തോടെ ആരംഭിക്കുന്ന ട്വന്റി20 ലോകകപ്പില്‍ ഡിആര്‍എസ് ഉപയോഗിക്കുമെന്ന് ഐസിസി. ട്വന്റി20 ലോകകപ്പില്‍ ആദ്യമായാണ് ഡിആര്‍എസ് ഉപയോഗിക്കുന്നത്.
2016 ട്വന്റി20 ലോകകപ്പില്‍ ഡിആര്‍എസ് ഉണ്ടായിരുന്നില്ല. 2018ലെ വനിതാ ട്വന്റി20 ലോകകപ്പിലാണ് ട്വന്റി20 ടൂര്‍ണമെന്റില്‍ ആദ്യമായി ഡിആര്‍സ് വന്നത്. 2020ലെ വനിതാ ട്വന്റി20 ലോകകപ്പിലും ഡിആര്‍എസ് ഉപയോഗിച്ചിരുന്നു.ഒക്ടോബര്‍ 17 മുതല്‍ നവംബര്‍ 14 വരെയാണ് ട്വന്റി20 ലോകകപ്പ്. രണ്ട് റിവ്യൂ ആയിരിക്കും ഓരോ ടീമുകള്‍ക്കും ഉണ്ടാവുക. ഗ്രൂപ്പ് ഘട്ടത്തില്‍ ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സര ഫലം കണക്കാക്കണം എങ്കില്‍ രണ്ട് ടീമും അഞ്ച് ഓവര്‍ എങ്കിലും ബാറ്റ് ചെയ്തിരിക്കണം.
എന്നാല്‍ സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങളില്‍ രണ്ടു ടീമും 10 ഓവര്‍ എങ്കിലും ബാറ്റ് ചെയ്താല്‍ മാത്രമാവും ഡക്ക് വര്‍ത്ത് ലൂയിസ് നിയമപ്രകാരം മത്സര ഫലം നിര്‍ണയിക്കാനാവുക.