Cricket
Sanjus comeback with a century; India D in strong position in Duleep Trophy
Cricket

സെഞ്ച്വറിയുമായി സഞ്ജുവിന്റെ കംബാക്ക്; ദുലീപ് ട്രോഫിയിൽ ഇന്ത്യ ഡി ശക്തമായ നിലയിൽ

Sports Desk
|
20 Sep 2024 8:26 AM GMT

ദുലീപ് ട്രോഫി ടീം പ്രഖ്യാപിച്ചപ്പോൾ പരിഗണിക്കാതിരുന്ന സഞ്ജുവിനെ ഇഷാൻ കിഷന് പരിക്കേറ്റതോടെയാണ് ടീമിലെടുത്തത്.

അനന്ത്പൂർ: ദുലീപ് ട്രോഫി ടൂർണമെന്റിൽ സെഞ്ച്വറിയുമായി മലയാളി താരം സഞ്ജു സാംസണിന്റെ തകർപ്പൻ കംബാക്ക്. ഫോമിലല്ലെന്ന വിമർശകർക്കുള്ള മറുപടി കൂടിയായി താരത്തിന്റെ ഈ ഇന്നിങ്‌സ്. ഇന്ത്യ ഡിക്കായി ബാറ്റിങിനിറങ്ങിയ താരം 101 പന്തിൽ 106 റൺസെടുത്തു. ഇന്ത്യ ബിക്കെതിരെ ഇന്ത്യ ഡി ആദ്യ ഇന്നിങ്‌സിൽ 349 റൺസ് നേടി. ദുലീപ് ട്രോഫിയിലെ നാല് ടീമിലും ആദ്യം ഇടംപിടിക്കാതിരുന്ന മലയാളി താരം ഇഷാൻ കിഷൻ പരിക്കേറ്റ് പിൻമാറിയതോടെയാണ് ഇന്ത്യ ഡി സ്‌ക്വാർഡിലേക്കെത്തിയത്.

ദുലീപ് ട്രോഫി മൂന്നാം റൗണ്ട് മത്സരത്തിൽ 306-5 എന്ന നിലയിൽ രണ്ടാംദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഡിയുടെ പോരാട്ടം 349ൽ അവസാനിച്ചു. 12 ഫോറും മൂന്ന് സിക്‌സറും സഹിതം 106 റൺസെടുത്ത സഞ്ജുവിനെ നവ്ദീപ് സൈനി പുറത്താക്കി. മറുപടി ബാറ്റിങിനിറങ്ങിയ ഇന്ത്യ ബിക്ക് രണ്ട്‌വിക്കറ്റ് നഷ്ടമായി. 13 റൺസെടുത്ത അഭിമന്യു ഈശ്വരനും 16 റൺസെടുത്ത സുയാഷ് പ്രഭുദേശായിയുമാണ് പുറത്തായത്.

നേരത്തെ ടോസ് നേടിയ ഇന്ത്യ ബി നായകൻ അഭിമന്യു ഈശ്വരൻ ഇന്ത്യ ഡിയെ ബാറ്റിങിനയക്കുകയായിരുന്നു. ദേവ്ദത്ത് പടിക്കലും ശ്രീകാർ ഭരതും ചേർന്ന് മികച്ച തുടക്കമാണ് ഇന്ത്യ ഡിക്കായി നൽകിയത്. ഓപ്പണിങ് സഖ്യം നൂറു റൺസ് നേടി. പടിക്കൽ (50), ഭരത് (52) സഖ്യം പിരിഞ്ഞെങ്കിലും ഇന്ത്യ ബിയുടെ റണ്ണൊഴുക്ക് തുടർന്നു. മൂന്നാമനായി ക്രീസിലെത്തിയ റിക്കി ബുയി(56) അർധ സെഞ്ച്വറിനേടി. നാലാമനായി ഇറങ്ങിയ നിഷാന്ത് സിന്ധു(16) റൺസിലും ക്യാപ്റ്റൻ ശ്രേയസ് അയ്യർ പൂജ്യത്തിനും മടങ്ങി.

മറ്റൊരു മത്സരത്തിൽ ഇന്ത്യ എയുടെ ഒന്നാം ഇന്നിങ്‌സ് സ്‌കോറായ 297 പിന്തുടർന്ന് ഇറങ്ങിയ ഇന്ത്യ സി 99-4 എന്ന നിലയിലാണ്. ബാബ ഇന്ദ്രജിത്തും(20)അഭിഷേക് പൊറേലു(39)മാണ് ക്രീസിൽ. ക്യാപ്റ്റൻ ഋതുരാജ് ഗെയിക്വാദ് 17 റൺസെടുത്ത് പുറത്തായി

Similar Posts