അനുഭവസമ്പത്തിന് ഏത് യുവനിരയെയും തകർക്കാനാവും: ഡ്വൈന്‍ ബ്രാവോ
|ചെന്നൈയുടെ പേര് മിസ്റ്റർ ചാംപ്യനില്‍ നിന്ന് സർ ചാംപ്യന്‍ എന്നാക്കി മാറ്റുകയാണെന്ന് ബ്രാവോ
അനുഭവസമ്പത്തിന് ഏത് യുവനിരയെയും തകർക്കാനാവുമെന്ന് ചെന്നൈ സൂപ്പർ കിങ്സ് ഓൾ റൗണ്ടർ ഡ്വൈന്‍ ബ്രാവോ. ഐ.പി.എൽ 14ാം സീസൺ കിരീടത്തിൽ ചെന്നൈയുടെ സുവർണ ചുംബനം വീണതിന് പുറകെയാണ് ബ്രാവോയുടെ പ്രതികരണം. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെ 27 റണ്ണിന് തകർത്താണ് ചെന്നൈ കിരീടത്തിൽ മുത്തമിട്ടത്
"അനുഭവസമ്പത്തിന് ഏത് യുവനിരയേയും എപ്പോൾ വേണമെങ്കിലും തകർക്കാനാവും. ചെന്നൈയുടെ പേര് മിസ്റ്റർ ചാംപ്യനില്‍ നിന്ന് സർ ചാംപ്യന്‍ എന്നാക്കി മാറ്റുകയാണ് ഞങ്ങൾ. കഴിഞ്ഞ സീസണിലെ ടീമിന്റെ മോശം പ്രകടനത്തില്‍ വലിയ നിരാശയിലായിരുന്നു ഞാന്‍. എന്നാല്‍ ചെന്നൈ മടങ്ങിയെത്തിരിക്കുന്നു. ഫാഫ് ഡുപ്ലെസിസും ഋതുരാജും മനോഹരമായ കളിയാണ് പുറത്തെടുത്തത്. ഇരുവരും റണ്ണെടുക്കാന്‍ മത്സരിക്കുകയാണ് എന്നാണെനിക്ക് തോന്നിയത്" ബ്രാവോ പറഞ്ഞു.
ചെന്നൈ സൂപ്പർ കിങ്സ് നിരയിൽ യുവതാരങ്ങൾ കുറവാണെന്നും ഐ.പി.എല്ലിലെ വയസൻ പടയാണ് ചെന്നൈ എന്നുമടക്കം നിരവധി വിമർശനങ്ങൾ ടീമിനെതിരെയുണ്ടായിരുന്നു. കഴിഞ്ഞ സീസണിൽ ഏഴാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ചെന്നൈയുടെ പ്രകടനത്തിൽ ആരാധകരും വലിയ നിരാശയിലായിരുന്നു. എന്നാൽ ഐ.പി.എൽ ചരിത്രത്തിൽ തങ്ങളുടെ നാലാം കിരീടത്തിൽ മുത്തമിട്ട് ചെന്നൈ ഉജ്ജ്വല തിരിച്ചുവരവാണ് നടത്തിയത്. ബാറ്റെടുത്തവരെല്ലാം വെളിച്ചപ്പാടായ മത്സരത്തിൽ കൊൽക്കത്തക്ക് മുന്നിൽ 193 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യമാണ് ചെന്നൈ ഉയർത്തിയത്.
86 റൺസോടെ മുന്നിൽ നിന്നു നയിച്ച ഡുപ്ലസിസാണ് ചെന്നൈ ബാറ്റിങ് നിരയുടെ നട്ടെല്ലായത്. ഗെയ്ക്വാദ് 27 പന്തിൽ 32 റൺസ് നേടിയപ്പോൾ വൺഡൌണായെത്തിയ ഉത്തപ്പ 15 പന്തിൽ മൂന്ന് പടുകൂറ്റൻ സിക്സർ ഉൾപ്പടെ 31 റൺസ് നേടി. മറുപടി ബാറ്റിംഗിൽ കൊൽക്കത്തക്ക് 165 റൺസെടുക്കാനെ കഴിഞ്ഞുള്ളൂ.