'നേരത്തെ തീരുമാനിച്ചത്': രോഹിത് ശർമ്മ ഇനി ഇന്ത്യക്കായി ടി20 കളിച്ചേക്കില്ലെന്ന് റിപ്പോർട്ട്
|കഴിഞ്ഞ ടി20 ലോകകപ്പിൽ സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ രോഹിത് ശർമ്മ ഇന്ത്യക്കായി ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല.
മുംബൈ: അന്താരാഷ്ട്ര ടി20 മത്സരങ്ങളിൽ ഇനി രോഹിത് ശർമ്മ ഉണ്ടായേക്കില്ലെന്ന് റിപ്പോർട്ട്. ഏകദിന ലോകകപ്പിന് മുന്നോടിയായി തന്നെ ഇക്കാര്യത്തിൽ തീരുമാനമായിരുവെന്നാണ് ബി.സി.സി.ഐ കേന്ദ്രങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
രോഹിതിന്റെ തീരുമാനത്തെ കുറിച്ച് ബി.സി.സി.ഐ വൃത്തങ്ങള്‍ പറയുന്നതിങ്ങനെ... ''ഇത് പെട്ടന്നുണ്ടായ തീരുമാനമല്ല. ടി20 ലോകകപ്പിന് ശേഷം രോഹിത് ടി20 ക്രിക്കറ്റ് കളിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ശ്രദ്ധ മുഴുവന്‍ ഏകദിന ലോകകപ്പിലായിരുന്നു. ഇതുമായി ബന്ധപ്പെട്ട് രോഹിത് സെലക്ഷന് കമ്മിറ്റി ചെയര്മാന് അജിത് അഗാര്‍ക്കറുമായി നേരത്തെ സംസാരിച്ചിരുന്നു. എല്ലാം രോഹിത്തിന്റെ മാത്രം തീരുമാനമായിരുന്നു.'' ബി.സി.സി.ഐ വൃത്തങ്ങള്‍ വ്യക്തമാക്കി.
ഇതോടെ അടുത്ത വർഷം നടക്കുന്ന ടി20 ലോകകപ്പിന് പുതിയ നായകനെ പ്രഖ്യാപിക്കേണ്ടിവരും. ഹാർദിക് പാണ്ഡ്യക്കാണ് സാധ്യത കൂടുതൽ. കഴിഞ്ഞ ടി20 ലോകകപ്പിൽ സെമിയിൽ ഇംഗ്ലണ്ടിനോട് തോറ്റതിന് പിന്നാലെ രോഹിത് ശർമ്മ ഇന്ത്യക്കായി ടി20 മത്സരങ്ങൾ കളിച്ചിട്ടില്ല.
148 ടി20 മത്സരങ്ങളിൽ നിന്നായി 3853 റൺസാണ് താരം നേടിയത്. നാല് സെഞ്ച്വറികളും രോഹിതിന്റെ ബാറ്റിൽ നിന്ന് പിറന്നിട്ടുണ്ട്. രോഹിതിന്റെ അഭാവം ടി20 ടീമിൽ ഇന്ത്യയുടെ ബാറ്റിങിനെ ബാധിക്കില്ല. ശുഭ്മാൻ ഗിൽ, യശസ്വി ജയ്സ്വാൾ, ഇഷാൻ കിഷൻ, ഋതുരാജ് ഗെയിക് വാദ് എന്നിവർ ഓപ്പണിങിൽ മികവ് തെളിയിച്ചവരാണ്. ഐ.പി.എല്ലിൽ അടക്കം ഇവർ മിടുക്ക് തെളിയിച്ചിട്ടുണ്ട്.
ആസ്ട്രേലിയക്കെതിരായ ടി20 പരമ്പര നാളെയാണ് ആരംഭിക്കുന്നത്. സീനിയർ താരങ്ങൾക്ക് വിശ്രമം അനുവദിച്ചതിനാൽ സൂര്യകുമാർ യാദവാണ് ടീമിനെ നയിക്കുന്നത്. യുവതാരങ്ങൾക്കാണ് പ്രാമുഖ്യം നൽകിയിരിക്കുന്നത്. ഇവരെവെച്ചായിരിക്കും അടുത്ത ടി20 ലോകകപ്പിനും ടീം ഉണ്ടാക്കുക. അതേസമയം വിരാട് കോഹ്ലിയുടെ കാര്യത്തിലും തീരുമാനം ഉണ്ടാവേണ്ടതുണ്ട്. കോഹ്ലിയും ടി20യുടെ ഭാഗമാകുമോ എന്ന് വ്യക്തമല്ല.