എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റ്; ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു
|നാല് ബൗളർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്
എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അഞ്ചാം മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിനയച്ചു. ബർമിങ്ഹാമിലെ എഡ്ജ് ബാസ്റ്റണിലാണ് മത്സരം നടക്കുന്നത്. ചേതേശ്വർ പൂജാരയും ശുഭ്മാൻ ഗില്ലും ചേർന്ന് ഇന്ത്യൻ ഇന്നിങ്‌സ് ഓപ്പൺ ചെയ്യും. കഴിഞ്ഞവർഷം ഓഗസ്റ്റ്–സെപ്റ്റംബർ മാസങ്ങളിലായി നടന്ന ഇന്ത്യ–ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഇന്ത്യൻ ടീം ക്യാംപിലെ കോവിഡ് വ്യാപനത്തെത്തുടർന്ന് അന്ന് റദ്ദാക്കിയിരുന്നു. ആ മത്സരമാണ് 298 ദിവസത്തെ ഇടവേളക്ക് ശേഷം വീണ്ടും നടക്കുന്നത്.
നാല് ബൗളർമാരെ ഉൾപ്പെടുത്തിയാണ് ഇന്ത്യ ടീമിനെ പ്രഖ്യാപിച്ചത്. ക്യാപ്റ്റൻ ജസ്പ്രീത് ബുംറക്ക് പുറമേ മുഹമ്മദ് സിറാജും ഷർദുൽ താക്കൂറും മുഹമ്മദ് ഷമിയും ടീമിൽ ഇടം നേടിയപ്പോള്‍ രവി ചന്ദ്ര അശ്വിന് ടീമില്‍ ഇടം നേടാനായില്ല.
മൂന്നര പതിറ്റാണ്ടിനിടെ ഇതാദ്യമായാണ് ഒരു ഫാസ്റ്റ് ബൗളർ ഇന്ത്യയെ ഒരു ടെസ്റ്റ് മത്സരത്തിൽ നയിക്കുന്നത്. ഇതിന് മുമ്പ് കപിൽദേവാണ് ഇന്ത്യയെ നയിച്ച ഫാസ്റ്റ് ബൗളർ . കപിൽ ദേവിന്റെ പിൻഗാമിയാകാനൊരുങ്ങുകയാണ് ബുംറ.1987 മുതൽ ഇന്ത്യൻ ടെസ്റ്റ് ഇലവന്റെ നായകനായി ഒരു പേസ് ബൗളർ ഉണ്ടായിരുന്നില്ല. സ്ഥിരം വൈസ് ക്യാപ്റ്റൻ കെ എൽ രാഹുൽ പരിക്കേറ്റ് പുറത്തായതിനാലാണ് ബുംറ ഉപനായകനായത്. താരതമ്യേന കുറഞ്ഞ കാലയളവിൽ തനിക്ക് നേരിടേണ്ടി വന്ന വ്യത്യസ്ത ക്യാപ്റ്റന്മാരുടെ എണ്ണത്തെക്കുറിച്ച് പരിശീലകൻ രാഹുൽ ദ്രാവിഡ് സൂചിപ്പിച്ചിരുന്നു.
ഇന്ത്യന്‍ ടീം
ശുഭ്മാൻ ഗിൽ, ചേതേശ്വർ പൂജാര, ഹനുമ വിഹാരി, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ, റിഷഭ് പന്ത്, രവീന്ദ്ര ജഡേജ, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ജസ്പ്രീത് ബുംറ