വെസ്റ്റ്ഇൻഡീസ് 'വിട്ടു': പൊള്ളാർഡ് ഇനി ഇംഗ്ലണ്ടിൽ, പുതിയ ചുമതല
|ടി20യില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 600ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന് വിപുലമായ അനുഭവസമ്പത്തുമുണ്ട്
ന്യൂഡല്‍ഹി: ഐ.സി.സി ടി20 ലോകകപ്പിനുള്ള അസിസ്റ്റന്റ് കോച്ചായി മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിനെ ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് നിയമിച്ചു.
വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും ജൂൺ നാലിന് ആരംഭിക്കുന്ന ലോകകപ്പിനുള്ള ഇംഗ്ലണ്ടിന്റെ കോച്ചിംഗ് സ്റ്റാഫിനൊപ്പം പൊള്ളാർഡ് ചേരും. നേരത്തെ ഇക്കാര്യത്തിൽ റിപ്പോർട്ടുകളുണ്ടായിരുന്നുവെങ്കിലും ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ലായിരുന്നു.
കഴിഞ്ഞ വർഷം മാത്രം അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച കരീബിയൻ ക്രിക്കറ്റ് താരം അന്താരാഷ്ട്ര ക്രിക്കറ്റിലെ തന്റെ ആദ്യ പരിശീലക വേഷമാണ് ഏറ്റെടുക്കുന്നത്. നിലവില്‍ മുംബൈ ഇന്ത്യൻസിന്റെ കോച്ചിംഗ് ഡിപ്പാർട്ട്‌മെന്റിന്റെ ഭാഗം കൂടിയാണ് താരം.
"മുൻ വെസ്റ്റ് ഇൻഡീസ് ക്യാപ്റ്റൻ കീറോൺ പൊള്ളാർഡിനെ അടുത്ത വർഷം വെസ്റ്റ് ഇൻഡീസിലും അമേരിക്കയിലും നടക്കുന്ന ഐ.സി.സി പുരുഷ ടി20 ലോകകപ്പിനുള്ള ഇംഗ്ലണ്ട് പുരുഷ പരിശീലക ടീമിലേക്ക് നിയമിച്ചിരിക്കുന്നു," ഇസിബി ഇറക്കിയ പ്രസ്താവനയില്‍ പറഞ്ഞു.
വെസ്റ്റ് ഇൻഡീസിന്റെ 2012 ലെ പുരുഷ ടി20 ലോകകപ്പ് വിജയത്തിന്റെ ഭാഗമായിരുന്നു പൊള്ളാർഡ്. ടി20യില്‍ വിവിധ ടൂര്‍ണമെന്റുകളിലായി 600ലധികം മത്സരങ്ങൾ കളിച്ചിട്ടുള്ള താരത്തിന് വിപുലമായ അനുഭവസമ്പത്തുമുണ്ട്.
അടുത്ത വര്‍ഷം അമേരിക്കയും വെസ്റ്റ് ഇന്‍ഡീസും സംയുക്തമായാണ് ടി20 ലോകകപ്പിന് ആതിഥ്യമരുളുന്നത്. വിന്‍ഡീസ് പിച്ചുകളില്‍ മറ്റു ടീമുകളേക്കാള്‍ മേല്‍ക്കോയ്മ നേടാന്‍ പൊള്ളാര്‍ഡിന്റെ സാന്നിധ്യം ഗുണകരമാകുമെന്നാണ് ഇംഗ്ലണ്ടിന്റെ വിലയിരുത്തല്‍. അതേസമയം, നിലവിലെ ടി20 ചാമ്പ്യന്‍മാരായ ഇംഗ്ലണ്ടിന് കാര്യങ്ങള്‍ അത്ര കണ്ട് പന്തിയല്ല. അവസാനം നടന്ന ടി20 പരമ്പരയില്‍ വിന്‍ഡീസിനോട് പരാജയപ്പെട്ടാണ് ഇംഗ്ലണ്ട് തലകുനിച്ചുനില്‍ക്കുന്നത്.
ഏകദിന ലോകകപ്പിൽ സെമി കാണാതെ പുറത്തും. ടീമിൽ വമ്പൻ അടിക്കാരുണ്ടെങ്കിലും വേണ്ട സമയത്ത് ഒന്നും ഉപകരിക്കുന്നില്ല.
Summary-England appoint Mumbai Indians' veteran as assistant coach for ICC T20 World Cup 2024 campaign