തോൽക്കാനായി ശ്രീലങ്ക: വൈറ്റ് വാഷ് അടിച്ചത് ഇംഗ്ലണ്ട്
|ഇംഗ്ലണ്ടിനെതിരെ സമാപിച്ച ടി20 പരമ്പരയാണ് അവസാനമായി തോറ്റത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലീഷ് പട ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു.
ശ്രീലങ്ക ഇപ്പോൾ പഴയ ശ്രീലങ്കയൊന്നുമല്ല. കളിക്കുന്ന മത്സരങ്ങളൊക്കെ തോൽക്കുകയാണ് അതും പൊരുതുക പോലും ചെയ്യാതെ. ഇംഗ്ലണ്ടിനെതിരെ സമാപിച്ച ടി20 പരമ്പരയാണ് അവസാനമായി തോറ്റത്. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇംഗ്ലീഷ് പട ശ്രീലങ്കയെ വൈറ്റ് വാഷ് ചെയ്യുകയായിരുന്നു. മൂന്നാം മത്സരത്തിലെ തോൽവി ദയനീയമായിരുന്നു.
ഇംഗ്ലണ്ട് ഉയർത്തിയ 181 എന്ന വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ ശ്രീലങ്ക നേടിയത് 91 റൺസ്. 18.5 ഓവറിൽ എല്ലാവരും കൂടാരം കയറി. എട്ട് ബാറ്റ്സ്മാന്മാരാണ് രണ്ടക്കം കാണാതെ പുറത്തായത്. ലങ്കയുടെ മറുപടി തുടങ്ങിയത് തന്നെ തകർച്ചയോടെയായിരുന്നു. 61ന് അഞ്ച് എന്ന നിലയിൽ ഇടറിയ ശ്രീലങ്ക, 89 റൺസിലെത്തിയപ്പോഴേക്ക് ഒമ്പത് വിക്കറ്റുകൾ കൂടി നഷ്ടമാവുകയായിരുന്നു.
മൂന്ന് റൺസ് കൂടി കൂട്ടിച്ചേർക്കുന്നതിനിടെ എല്ലാവരും പുറത്ത്. ഡേവിഡ് മില്ലി മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ സാം കറൺ രണ്ട് വിക്കറ്റ് വീഴ്ത്തി പിന്തുണ കൊടുത്തു. ഇംഗ്ലണ്ടിനായി ഡേവിഡ് മലൻ 76 റൺസ് നേടി. ജോണി ബെയര്സ്റ്റോ 51 റൺസും സ്വന്തമാക്കി. ആദ്യ ടി20യിൽ എട്ട് വിക്കറ്റിനായിരുന്നു ഇംഗ്ലണ്ടിന്റെ ജയം. ഡക്ക് വർത്ത് ലൂയിസ് നിയമപ്രകാരം രണ്ടാം ടി20യിലെ വിജയിയെ നിശ്ചയിച്ചപ്പോൾ ഇംഗ്ലണ്ടിന്റെ വിജയം അഞ്ച് വിക്കറ്റിനായിരുന്നു.
ഇനി മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയാണ് ശ്രീലങ്കയ്ക്ക് കളിക്കാനുള്ളത്. ആദ്യ ഏകദിനം ഈ മാസം 29ന് നടക്കും. ടി20 പരമ്പരയിലെ ദയനീയ പ്രകടനം ശ്രീലങ്കൻ ക്രിക്കറ്റിൽ മാറ്റങ്ങൾകൊണ്ടുവരുമോ എന്ന ആകാംക്ഷയിലാണ് ക്രിക്കറ്റ് പ്രേമികൾ.