മെൽബണിൽ ഇംഗ്ലീഷ് വസന്തം; പാകിസ്താനെ തകർത്ത് ഇംഗ്ലണ്ടിന് രണ്ടാം ടി20 ലോക കിരീടം
|ആദ്യ ഓവറിൽ തന്നെ ഹെയ്ൽസിനെ പുറത്താക്കി ഷഹീൻ ഷാ അഫ്രീദി ഇംഗ്ലണ്ടിനെ സമ്മർദത്തിലാഴ്ത്തി
മെൽബൺ: പാകിസ്താനെ തകർത്ത് ടി20 ലോകകപ്പിൽ മുത്തമിട്ട് ഇംഗ്ലണ്ട്. പാകിസ്താൻ ഉയർത്തിയ 138 റൺസ് വിജയലക്ഷ്യം 5 വിക്കറ്റും 6 പന്തും ബാക്കിനിർത്തിയാണ് ഇംഗ്ലണ്ട് മറികടന്നത്.സ്റ്റോക്സിന്റെ പ്രകടനമാണ് ഇംഗ്ലണ്ടിന് ജയം സമ്മാനിച്ചത്.
ആദ്യ ഓവറിൽ തന്നെ ഹെയ്ൽസിനെ പുറത്താക്കി ഷഹീൻ ഷാ അഫ്രീദി ഇംഗ്ലണ്ടിനെ സമ്മർദത്തിലാഴ്ത്തി. പിന്നീടെത്തിയ സാൾട്ട് 10 റൺസെടുത്ത് പുറത്തായതോടെ ടീം കൂടുതൽ സമ്മർദത്തിലാഴ്ത്തി.
സ്കോർ 45 ൽ എത്തിനിൽക്കെ ക്യാപ്റ്റൻ ജോസ് ബട്ലർ പുറത്തായതോടെ ടീം തകരുമെന്ന് തോന്നിയെങ്കിലും ഹാരി ബ്രൂക്കും ബെൻ സ്റ്റോക്സും ചേർന്ന് സ്കോർ പതുക്കെ ഉയർത്തി. സ്കോർ 84 ൽ എത്തിനിൽക്കെ ഹാരി ബ്രൂക് പുറത്തായതോടെ ടീം വീണ്ടും സമ്മർദത്തിലായി.
പാകിസ്താന്റെ കൃത്യതയാർന്ന ബൗളിങ് ഇംഗ്ലണ്ടിനെ വരിഞ്ഞ് മുറുക്കിയെങ്കിലും സ്റ്റോക്സും മോയിൻ അലിയും അവസാന ഓവറുകളിൽ നടത്തിയ വെടിക്കെട്ട് പ്രകടനം ഇംഗ്ലണ്ടിന് അനായാസ വിജയം സമ്മാനിച്ചു. സ്റ്റോക്സ് പുറത്താകാതെ 52 റൺസെടുത്തു. പാകിസ്താനായി ഹാരിസ് റൗഫ് രണ്ടും ശദബ് ഖാൻ, ഷഹീൻ ഷാ അഫ്രീദി എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
അതേസമയം, ആദ്യം ബാറ്റുചെയ്ത പാകിസ്താൻ നിശ്ചിത 20 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 137 റൺസെടുത്തു. ഒരു നിലയിലും പാക് ബാറ്റർമാരെ നിലയുറപ്പിക്കാൻ അനുവദിക്കാതെയായിരുന്നു ഇംഗ്ലണ്ടിന്റെ ബൗളിങ്. സ്കോർ 29 ൽ എത്തിനിൽക്കെയായിരുന്നു പാകിസ്താന് ആദ്യ വിക്കറ്റ് നഷ്ടമായത്.
മുഹമ്മദ് റിസ്വാനെ വിക്കറ്റിന് മുന്നിൽ കുടുക്കി സാം കറൺ പാകിസ്താന് ആദ്യ പ്രഹരമേൽപ്പിച്ചു. പിന്നീടെത്തിയ മുഹമ്മദ് ഹാരിസ് 8 റൺസാണ് എടുത്തത്. രണ്ട് വിക്കറ്റ് പോയതിന് പിന്നാലെ ശ്രദ്ധയോടെ ക്യാപ്റ്റൻ ബാബർ അസമും ഷാൻ മസൂദും ചേർന്ന് ഉയർത്താൻ ശ്രമിച്ചെങ്കിലും സ്കോർ 84 എത്തിനിൽക്കെ ബാബർ പുറത്തായി.
പിന്നീടെത്തിയ ബാറ്റർമാരെല്ലാം കൂറ്റനടിക്ക് ശ്രമിച്ച് പുറത്തായതോടെ സ്കോർ 137 ൽ ഒതുങ്ങി. ഇംഗ്ലണ്ടിനായി സാം കറൺ മൂന്ന് വിക്കറ്റെടുത്തു ആദിൽ റഷീദ്, ക്രിസ് ജോർദാൻ എന്നിവർ രണ്ടു വിക്കറ്റെടുത്തപ്പോൾ ബെൽ സ്റ്റോക്സ് ഒരു വിക്കറ്റ് നേടി.
ടി20 ലോകകപ്പിന്റെ കലാശപ്പോരിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. സെമി ഫൈനലിൽ കളിച്ച ടീമിൽ മാറ്റങ്ങളില്ലാതെയാണ് ഇംഗ്ലണ്ടും പാകിസ്താനും ഇറങ്ങിയത്.