Football
കിതക്കുന്ന ആർസനൽ, കുതിക്കുന്ന സിറ്റി, പൊരുതി ജയിക്കാൻ ലിവർപൂൾ
Football

കിതക്കുന്ന ആർസനൽ, കുതിക്കുന്ന സിറ്റി, പൊരുതി ജയിക്കാൻ ലിവർപൂൾ

Sports Desk
|
21 Oct 2024 11:02 AM GMT

ലണ്ടൻ: പ്രീമിയർലീഗ് ഒരു 100 മീറ്റർ ഓട്ടമത്സരമാണ്. സ്വപ്നങ്ങൾ വീണുടയാൻ സ്റ്റാർട്ടിങ്ങിലെ പാളിച്ചയോ ഫിനിഷിങ്ങ് ലൈനിലെ അബദ്ധമോ മാത്രം മതി. പ്രീമിയർ ലീഗിന്റെ എട്ടാം മാച്ച് ഡേ സമാപിക്കുമ്പോൾ അതിൽ ഏറ്റവും നിരാശയുള്ളത് ആർസനൽ ആരാധകർക്കാണ്. പോയ രണ്ടു തവണയും കൈവിട്ട കിരീടത്തിലേക്ക് ഓടിയെത്താൻ ഈ വർഷം ഒരു പാളിച്ചയും സംഭവിക്കരുതെന്ന് അവർ ഉറപ്പിച്ചിരുന്നു. പക്ഷേ പാളിച്ചകൾ ലീഗിലെ ആദ്യപാദത്തിലേ കണ്ടുതുടങ്ങുന്നുണ്ട്. ലീഗി​​ലെ പത്താംസ്ഥാനക്കാരായ ബേൺമൗത്തിനോട് എവേ മത്സരത്തിലേറ്റ തോൽവി പീരങ്കിപ്പടയുടെ ഉറക്കം കെടുത്താൻ പോന്നതാണ്. തൊട്ടുപിന്നാലെ മാഞ്ചസ്റ്റർ സിറ്റിയും ലിവർപൂളും വിജയിക്കുകയും ചെയ്തതോടെ ഗണ്ണേഴ്സ് ആരാധകരുടെ വീക്കെൻഡ് ആഘോഷങ്ങൾ നിരാശയിൽ മുങ്ങി.

ബേൺമൗത്തിനെതിരായ മത്സരത്തിന്റെ മുപ്പതാം മിനുറ്റിൽ തന്നെ സ്റ്റാർ ഡിഫൻഡർ വില്യം സാലിബ ചുവപ്പേറ്റ് പുറത്തുപോയതോണ് മത്സരഗതിയെ മാറ്റിയത്.അത് ചുവപ്പുകാർഡാണോ എന്നതിൽ പല പക്ഷങ്ങളുമുണ്ട്. പക്ഷേ തന്റെ താരങ്ങൾ നിരന്തരം ചുവപ്പുകാർഡേറ്റ് പുറത്തുപോകുന്നതിൽ ആർസനൽ പരിശീലകൻ ആർടേറ്റക്ക് ചിന്തിക്കാൻ ഏറെയുണ്ട്. ആഴ്സണലിന്റെ സീസണിലെ മൂന്നാം ചുവപ്പ് കാർഡാണ് സലിബക്ക് കിട്ടിയത്. 2019 ഡിസംബർ 26നാണ് ആർ​ടേറ്റ എമിറേറ്റസിൽ പരിശീലകനായെത്തുന്നത്. അതിന് ശേഷം പ്രീമിയർ ലീഗിൽ 18 ​​ചുവപ്പ് കാർഡുകളിലാണ് ആർസനൽ താരങ്ങളുടെ പേര് പതിഞ്ഞത്. മറ്റൊരു ടീമും ഇത്രയും റെഡ് കാർഡുകൾ ഏറ്റുവാങ്ങിയിട്ടില്ല. ഇക്കാര്യത്തിൽ രണ്ടാമതുള്ള എവർട്ടണും വോൾവ്സും 13 ചുവപ്പ് കാർഡുകളാണ് ഇക്കാലയളവിൽ നേടിയത്.


ക്രിയേറ്റിവായ മുന്നേറ്റങ്ങൾ സൃഷ്ടിക്കുന്നതിലും ഗണ്ണേഴ്സിന് പ്രശ്നങ്ങളുണ്ട്. മാർട്ടിൻ ഒഡേഗാർഡും ബുക്കായോ സാക്കയും പരിക്ക് മൂലം പുറത്തിരിക്കുന്നത് വലിയ ശൂന്യത സൃഷ്ടിക്കുന്നു. അതിനൊടൊപ്പം മാർട്ടിനേലിയുടെ ഫോമില്ലായ്മയും ചേരുമ്പോൾ പതനം പൂർത്തിയാകുന്നു.

ഇത്തിഹാദിലെ വാർത്തകളിലേക്ക് വന്നാൽ സിറ്റി ആരാധകർക്ക് സന്തോഷിക്കാനുള്ള വകയുണ്ട്. തുടർ സമനിലകൾക്ക് ശേഷം നേടിയ രണ്ട് തുടർവിജയങ്ങൾ നൽകുന്ന ഊർജം ചെറുതല്ല. വോൾവ്സിനെതിരെ പിന്നിൽ നിന്നും ര​ണ്ടുഗോൾ തിരിച്ചടിച്ചാണ് സിറ്റി വിലപ്പെട്ട 3 പോയന്റുകൾ നേടിയെടുത്തത്. 95ാം മിനുറ്റിൽ ജോൺ സ്റ്റോൺസ് തൊടുത്ത ഹെഡറിൽ നിന്നാണ് വിജയഗോൾ പിറന്നത്. അടങ്ങാത്ത വിജയദാഹവുമായി മത്സരത്തിന്റെ അവസാന നിമിഷം വരെ പൊരുതാനുള്ള സിറ്റിയുടെ മാനസികനിലക്ക് കൈയ്യടി കൊടുക്കണം. പക്ഷേ ​സീസണിൽ ഒരു മത്സരം പോലും വിജയിക്കാത്ത വോൾവ്സ് തങ്ങൾക്കെതിരെ ലീഡ് നേടിയതും അവസാന മിനിറ്റ് വരെ നെഞ്ചിടിപ്പ് കൂട്ടിയതും സിറ്റിക്ക് ചില മുന്നറിയിപ്പുകൾ നൽകുന്നുണ്ട്.

പൊതുവേ പെപ്പിന്റെ ടാക്റ്റിക്സുകളെക്കുറിച്ചും അറ്റാക്കിങ്ങിനെക്കുറിച്ചുമെല്ലാം സംസാരിക്കുമ്പോൾ എല്ലാവരും വിട്ടുകളയുന്ന ഒന്നായിരുന്നു സിറ്റിയുടെ പ്രതിരോധം. ‘Attack wins you games, defence wins you titles’ എന്നാണല്ലോ..സീസണിലെ എട്ടുമത്സരങ്ങൾ പരിഗണിക്കുമ്പോൾ സിറ്റി വഴങ്ങിയ ഗോളുകൾ വർധിച്ചുവരുന്നു. 2021-22 സീസണിൽ 0.68 ആയിരുന്ന സിറ്റിയുടെ conceded goal average തൊട്ടടുത്ത വർഷങ്ങളിലായി അധികരിക്കുന്നുണ്ട്. ഈ വർഷം ശരാശരി ഒരു മത്സരത്തിൽ ഒരു ഗോൾവീതമാണ് സിറ്റി കൺസീഡ് ചെയ്തത്. അതായത് എട്ടുമത്സരങ്ങളിൽ നിന്നും എട്ടുഗോളുകൾ. എതിരാളികളായ ആർസനൽ ആറെണ്ണവും ലിവർപൂൾ വെറും മൂന്നെണ്ണവും മാത്രമാണ് ഇതുവരെ കൺസീഡ് ചെയ്തതത്.എന്തായാലും വിഷയം ഗൗരവമായി പരിഗണിക്കുണ്ടെന്നാണ് പെപ് മാധ്യമങ്ങളോട് പ്രതികരിച്ചത്. റോഡ്രിയുടെ അഭാവം വിനയാകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആൻഫീഡുകാർക്ക് കോച്ചിലും താരങ്ങളിലും കൂടുതൽ വിശ്വാസം കൈവന്ന മത്സരമാണ് സമാപിച്ചത്. ക്ലോപ്പിന് പകരക്കാരനാകാൻ വന്ന സ്ളോട്ട് തുടർവിജയങ്ങൾ നൽകിയെങ്കിലും കോച്ചിനെ അധികമാരും വിശ്വാസത്തിലെടുത്തിരുന്നില്ല. കാരണം കടുത്ത വെല്ലുവിളികൾ ലിവർപൂൾ നേരിട്ടിട്ടില്ല എന്നതായിരുന്നു കാരണം. ഓൾഡ് ട്രാഫോഡിൽ എതിരില്ലാത്ത മൂന്ന് ഗോളിന് വിജയിച്ചെങ്കിലും യുനൈറ്റഡിന്റെ നിലവി​ലെ ഫോമിൽ അതൊരു വെല്ലുവിളിയായിരുന്നില്ല. എന്നാൽ ഫോമിലുള്ള ചെൽസിക്കെതിരെ കുറിച്ച വിജയം അവരെ സന്തോഷിപ്പിക്കുന്നു. 88 ശതമാനം പാസ് കപ്ലീഷൻ റേറ്റ് ചെൽസിക്കുണ്ടായിരുന്നു.

2003-2004ന് ശേഷം ആൻഫീൽഡിൽ ഒരു എവേ ടീമിനും ഇത്രയും മികച്ച റെക്കോർഡില്ല. കൂടാതെ 57 ശതമാനം ബാൾ പൊസിഷനും ചെൽസിക്കുണ്ടായിരുന്നു. എങ്കിലും മത്സരത്തിൽ ലിവർപൂൾ കാര്യമായി ആശങ്കപ്പെട്ടിട്ടില്ല എന്നതാണ് സത്യം. കോപ്പിനെപ്പോലെ വശ്യമനോഹരമോ ചടുലതയുള്ളതോ അല്ല സ്ളോട്ടിന്റെ ​ശൈലി. പക്ഷേ മത്സരത്തേയും എതിരാളികളേയും കൃത്യമായി അളന്നാണ് സ്ളോട്ട് ചെങ്കുപ്പായക്കാരെ ഇറക്കുന്നത്. ചെൽസിക്കെതിരെയുള്ള മത്സരം സീസണിലെ ഏറ്റവും കടുപ്പമേറിയതായിരുന്നുവെന്നാണ് സ്ളോട്ട് പ്രതികരിച്ചത്.


ഫുട്ബോളിനെ ഡാറ്റകൾ കൊണ്ടും ടെസ്നോളജികൾ കൊണ്ടും സമീപിക്കുന്ന ഏജൻസിയാണ് ഓപ്റ്റ അനലിസ്റ്റ്. അവരുടെ സൂപ്പർ കമ്പ്യട്ടറിന്റെ പ്രവചനങ്ങൾ എട്ടാം മത്സരത്തോടെ മാറിയിരിക്കുന്നു. എട്ടാം മത്സരത്തിന് മുമ്പ് സിറ്റി കിരീടം നേടാനുള്ള സാധ്യത 69.4 ശതമാനമായിരുന്നു. ആർസനലിന് 19.6 ശതമാനവും. എന്നാൽ എട്ടാം മത്സരത്തിന് ശേഷം പീരങ്കിപ്പടയുടേത് എട്ട് ശതമാനം കുറഞ്ഞ് 11 ആയപ്പോൾ സിറ്റിയുടേത് 75 ശതമാനമായി മാറി. 10 ശതമാനം സാധ്യതയുണ്ടായിരുന്നു ലിവർപൂളാകട്ടെ 2 ശതമാനം വർധനവുമായി ഗണ്ണേഴ്സിനെ മറികടന്നിട്ടുണ്ട്.

Similar Posts