'ഉപനായക പദവി ആസ്വദിക്കുന്നു, തന്നിൽ ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നു': അജിങ്ക്യ രഹാനെ
|ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ട്രേലിയയോട് തോറ്റെങ്കിലും 89ഉം 46ഉം റൺസെടുത്ത രഹാനെയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറർ
ആന്റിഗ്വ: തന്നിൽ ഒരുപാട് ക്രിക്കറ്റ് അവശേഷിക്കുന്നുണ്ടെന്ന് തുറന്ന് പറഞ്ഞ് അജിങ്ക്യ രഹാനെ. വെസ്‌റ്റ് ഇൻഡീസിനെതിരായ പരമ്പരയിൽ വൈസ് ക്യാപ്റ്റൻസി റോൾ കൂടിയുണ്ട് രഹാനെക്ക്. ഫോമിന് പുറത്തായ രഹാനെക്ക് ടീമില്‍ സ്ഥാനം നഷ്ടമായിരുന്നു. പിന്നീടായിരുന്നു ശക്തമായ തിരിച്ചുവരവ്.
ഐ.സി.സി ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ ആസ്ട്രേലിയയോട് തോറ്റെങ്കിലും 89ഉം 46ഉം റൺസെടുത്ത രഹാനെയായിരുന്നു ഇന്ത്യയുടെ ടോപ്പ് സ്‌കോറർ. ''എനിക്ക് ഈ റോൾ പരിചിതമാണ്. ഏകദേശം നാലോ അഞ്ചോ വർഷത്തോളം ഞാൻ വൈസ് ക്യാപ്റ്റനായിരുന്നു. പക്ഷേ ഇപ്പോൾ ടീമിൽ തിരിച്ചെത്തിയതിൽ ഞാൻ ശരിക്കും സന്തോഷവാനാണ്. വൈസ് ക്യാപ്റ്റനായി തിരിച്ചെത്തിയതിലും ഞാൻ ശരിക്കും സന്തോഷവാനാണ്. ഞാൻ ഈ വേഷം ശീലിച്ചു കഴിഞ്ഞു"- രഹാനെ പറഞ്ഞു.
"ഞാൻ ഇപ്പോഴും ചെറുപ്പമാണ്. എന്നിൽ ഇനിയും ഒരുപാട് ക്രിക്കറ്റ് ബാക്കിയുണ്ട്. ഐപിഎൽ സീസൺ മികച്ചതായിരുന്നു, ആഭ്യന്തര സീസണും മികച്ചതായിരുന്നു- രഹാനെ കൂട്ടിച്ചേര്‍ത്തു. ഏകദേശം 17 മാസത്തോളം ടെസ്‌റ്റ് ടീമിൽ നിന്ന് പുറത്തായ രഹാനെ, ആഭ്യന്തര സീസണില്‍ ഫോമിലേക്കുയര്‍ന്നിരുന്നു. ഈ വർഷം ചെന്നൈ സൂപ്പർ കിംഗ്സിനൊപ്പം ഐപിഎൽ 2023 കിരീടം നേടി. ഇതാണ് ഓവലിൽ ഓസ്‌ട്രേലിയയ്‌ക്കെതിരെ നടന്ന ലോക ടെസ്‌റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനുള്ള ടീമിന്റെ ഭാഗമാകാൻ മുംബൈ ബാറ്ററിന് വഴിയൊരുക്കിയത്.