Cricket
തോറ്റു തുടങ്ങുന്ന മുംബൈ ഇന്ത്യൻസിനെ പേടിക്കണം: കണക്കുകള്‍ ഇങ്ങനെ....
Cricket

തോറ്റു തുടങ്ങുന്ന മുംബൈ ഇന്ത്യൻസിനെ പേടിക്കണം: കണക്കുകള്‍ ഇങ്ങനെ....

Web Desk
|
28 March 2022 9:41 AM GMT

തോറ്റ് തുടങ്ങിയ മുംബൈ ആണ് അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയത് എന്നതാണ് ഏറെ കൗതുകകരം. മുംബൈ ഐപിഎൽ കിരീടം ആദ്യം നേടുന്നത് 2013ലാണ്. അന്ന് ആർസിബിയോട് തോറ്റ് തുടങ്ങി.

ദൈവത്തിന്റെ പോരാളികൾ തോറ്റുകൊണ്ടെ തുടങ്ങാറുള്ളൂ. മുംബൈ ഇന്ത്യൻസിനെ ബന്ധിപ്പിച്ചുള്ള പ്രചുരപ്രചാരം നേടിയ ട്രോൾ വാക്കാണിത്. മുംബൈ ഇന്ത്യൻസ് ഫാൻസുകാർ ഈ വാക്ക് ആഘോഷമാക്കുമ്പോൾ മറ്റു ഫാൻസുകാരാണ് ട്രോളുന്നത്. വെറുമൊരു ട്രോൾ വാക്കല്ലിത്. 2013 മുതലുള്ള കണക്കുകൾ പരിശോധിച്ചാൽ ഈ വാക്കിന് ചില അർത്ഥങ്ങളുണ്ട് താനും.

2013ൽ റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരിനോട് രണ്ട് റൺസിന് തോറ്റു തുടങ്ങിയ മുംബൈ 2022ൽ എത്തിയപ്പോൾ ഡൽഹി കാപ്പിറ്റൽസിനോട് നാല് വിക്കറ്റിന് തോറ്റ് എത്തിയിക്കുന്നു. ഇങ്ങനെ തോറ്റ് തുടങ്ങിയ മുംബൈ ആണ് അഞ്ച് തവണ ഐപിഎൽ കിരീടം ചൂടിയത് എന്നതാണ് ഏറെ കൗതുകകരം. മുംബൈ ഐപിഎൽ കിരീടം ആദ്യം നേടുന്നത് 2013ലാണ്. അന്ന് ആർസിബിയോട് തോറ്റ് തുടങ്ങി. ഫൈനലിൽ ചെന്നൈ സൂപ്പർകിങ്‌സിനെ തകർത്ത് ആദ്യ കിരീടം. ഒരു വർഷത്തെ ഇടവേളക്ക് ശേഷം രണ്ടാം ഐപിഎൽ കിരീടം.

2015ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിനോട് തോറ്റ് തുടങ്ങി. എന്നിട്ടും ഫൈനലിലെത്തി. ആ വർഷം കിരീടം നേടുമ്പോൾ ഫൈനലിലെ എതിരാളിയും ചെന്നൈ സൂപ്പർകിങ്‌സായിരുന്നു. ഒരു വർഷത്തെ ഇടവേളക്ക് ശേഷം 2017ൽ മൂന്നാം ഐപിഎൽ കിരീടം. ഒരു റൺസിന്റെ ത്രസിപ്പിക്കുന്ന ജയം നേടിയ ആ വർഷവും റൈസിങ് പൂനെ ജയന്റ്‌സിനോട് തോറ്റ് തുടങ്ങിയതായിരുന്നു. ഇതെ പൂനെ തന്നെയാണ് ഫൈനലിലും മുംബൈയുമായി മത്സരിച്ചതെന്നാണ് മറ്റൊരു കൗതുകം. പിന്നീട് കിരീടം നേടിയ 2019ലും 2020ലും മുംബൈ തോറ്റ് തന്നെയായിരുന്നു തുടങ്ങിയിരുന്നത്.

ഈ കണക്കുകൾ മുൻനിർത്തിയാണ് തോറ്റ് തുടങ്ങുന്ന മുംബൈയെ പേടിക്കണം എന്ന് പറയുന്നത്. ഈ കണക്കുകൾ മുൻനിർത്തി ഈ വർഷത്തെ ഡൽഹി കാപ്പിറ്റൽസിനോട് ഏറ്റ തോൽവി ആഘോഷമാക്കുകയാണ് മുംബൈ ഫാൻസുകാർ. വിജയമുറപ്പിച്ച ഘട്ടത്തിൽനിന്നും അയഞ്ഞ ബോളിങ്ങിലൂടെ മത്സരം കൈവിട്ട മുംബൈ, നാലു വിക്കറ്റിനാണ് ഡൽഹിയോടു തോറ്റത്. തുടർച്ചയായ പത്താം ഐപിഎൽ സീസണിലാണ് മുംബൈ തോറ്റ് തുടങ്ങിയത്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ മുംബൈ നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ നേടിയത് 177 റൺസ്. മറുപടി ബാറ്റിങ്ങിൽ ഡൽഹി 10 പന്തും നാലു വിക്കറ്റും ബാക്കിയാക്കി വിജയത്തിലെത്തി.

Similar Posts