Cricket
ഫിഞ്ചോ അതോ വില്യംസണോ?  ആരാകും ടി20 ലോകകപ്പിന്റെ പുതിയ അവകാശി?  നാളെ കലാശപ്പോര്‌
Cricket

ഫിഞ്ചോ അതോ വില്യംസണോ? ആരാകും ടി20 ലോകകപ്പിന്റെ പുതിയ അവകാശി? നാളെ കലാശപ്പോര്‌

Web Desk
|
13 Nov 2021 1:50 AM GMT

കൈവിട്ട മത്സരത്തെ തിരിച്ചുപിടിച്ചാണ് ആസ്‌ട്രേലിയയും ന്യൂസിലൻഡും കലാശപ്പോരിന് യോഗ്യത നേടിയത്. ഇതുവരെയും സ്വന്തമാക്കാത്ത കിരീടമാകുമ്പോൾ ഇരുകൂട്ടർക്കും വാശി കൂടും.

ടി20 ലോകകപ്പിൽ നാളെ കലാശപ്പോര്. ഫൈനലിൽ ആസ്‌ട്രേലിയ ന്യൂസിലൻഡിനെ നേരിടും. വൈകിട്ട് ഏഴരയ്ക്ക് ദുബൈയിലാണ് മത്സരം.കൈവിട്ട മത്സരത്തെ തിരിച്ചുപിടിച്ചാണ് ആസ്‌ട്രേലിയയും ന്യൂസിലൻഡും കലാശപ്പോരിന് യോഗ്യത നേടിയത്. ഇതുവരെയും സ്വന്തമാക്കാത്ത കിരീടമാകുമ്പോൾ ഇരുകൂട്ടർക്കും വാശി കൂടും. ഏത് സാഹചര്യത്തിലും അടിസ്ഥാന പാഠങ്ങൾ മറക്കാത്തതും ഇവരുടെ ഫൈനൽ പ്രവേശനത്തിന് സഹായകരമായി.

ഐപിഎല്ലിലെ ഫോമില്ലായ്മയുടെ പേരിൽ സൺറൈസേഴ്സ് ഹൈദരാബാദ് തഴഞ്ഞ ഡേവിഡ് വാർണറാണ് ആസ്ട്രേലിയയുടെ തുറുപ്പ്ചീട്ട്. നായകന്‍ ആരോണ്‍ ഫിഞ്ചും മാക്‌സ്‌വെല്ലും മിച്ചൽ മാർഷുമെല്ലാം ഫോമിൽ. സെമിയിൽ ഹീറോ മാത്യൂ വെയ്ഡ് ഒന്നുകൂടി കത്തിക്കയറിയാൽ കങ്കാരുക്കൾക്ക് കിരീടം നേടാം. സാമ്പയും ഹെയ്സൽവുഡും കമിൻസും സ്റ്റാർക്കും ചേരുന്ന ബൗളിങ് നിരയും സജ്ജമാണ്.

മറുവശത്ത് കിരീടത്തിൽ കുറഞ്ഞൊന്നും കിവീസും ലക്ഷ്യമിടുന്നില്ല. ഗപ്റ്റിലും മിച്ചലും മികച്ച തുടക്കം നൽകിയാൽ നീഷാമും കോൺവെയുമൊക്കെ കത്തിക്കയറും. കളമറിഞ്ഞ് കളിക്കാൻ മിടുക്കനായ വില്യംസണെയും ഓസീസിന് പേടിക്കണം. സാന്റ്നറും ഇഷ്സോദിയും ചേരുന്ന സ്പിൻ കൂട്ടുകെട്ട് കറക്കിവീഴ്ത്താൻ മിടുക്കരാണ്. ബോൾട്ട്, സൗത്തി, മിൽനെ എന്നിവർക്കും പിടിപ്പത് പണിയുണ്ടാകും.

ആര് ജയിച്ചാലും ഈ ലോകകപ്പിന് പുതിയ അവകാശികളാകും. ഏകദിന ലോകകപ്പുകൾ ഏറെ നേടിയിട്ടുണ്ടെങ്കിലും കുട്ടിക്രിക്കറ്റിൽ ഇതുവരെ വിലാസമുണ്ടാക്കാൻ കംഗാരുപ്പടയ്ക്ക് ആയിട്ടില്ല. അത് നേടാനുള്ള സുവർണാവസരമാണ് എത്തിയിരിക്കുന്നത്. എന്നാൽ ന്യൂസിലാൻഡാകാട്ടെ ഐസിസി ടെസ്റ്റ് ചാമ്പ്യൻഷിപ്പ് കിരീടം നേടിയാണ് എത്തുന്നത്. ടി20 കിരീടം കൂടി നേടിയാൽ വില്യംസണും ടീമിനും ഇരട്ടിമധുരമാകും.

Similar Posts