Cricket
Five batsmen scored half-centuries for India against the Netherlands
Cricket

അഞ്ച് ബാറ്റർമാർക്കും അർധ സെഞ്ച്വറി; ചരിത്ര റെക്കോർഡ് സ്വന്തമാക്കി ഇന്ത്യ

Web Desk
|
13 Nov 2023 5:13 AM GMT

കെഎൽ രാഹുൽ നേടിയത് ലോകകപ്പിലെ ഇന്ത്യൻ ബാറ്ററുടെ അതിവേഗ സെഞ്ച്വറി

ലോകകപ്പ് ക്രിക്കറ്റിൽ നെതർലൻഡ്‌സിനെതിരെ കളത്തിലിറങ്ങിയ ഇന്ത്യൻ ബാറ്റർമാരെല്ലാം മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഇന്ത്യൻ മുൻനിരയിലെ അഞ്ച് ബാറ്റർമാരും അർധ സെഞ്ച്വറി നേടിയത് ചരിത്ര റെക്കോഡായി. ആദ്യമായാണ് ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഒരു ടീമിന്റെ ആദ്യ അഞ്ച് ബാറ്റർമാരും 50ന് മുകളിൽ റൺസടിക്കുന്നത്. നായകൻ രോഹിത് ശർമ, ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ എന്നിവരാണ് അർധസെഞ്ച്വറി കടന്നത്. ഇവരിൽ അയ്യരും രാഹുലും സെഞ്ച്വറിയും തികച്ചു.

കെഎൽ രാഹുലിന്റെ സെഞ്ച്വറിക്ക് മറ്റൊരു റെക്കോർഡും ലഭിച്ചു. 62 പന്തിൽനിന്ന് സെഞ്ച്വറി നേടിയതിലൂടെ ലോകകപ്പിൽ ഇന്ത്യൻ ബാറ്ററുടെ അതിവേഗ ശതകമെന്ന നേട്ടമാണ് താരം കൊയ്തത്. ഇന്ത്യക്കായി ബാറ്റിങ്ങിനിറങ്ങിയവരല്ലാം അവരുടേതായ റോൾ കൃത്യമായി നിർവഹിച്ചതോടെയാണ് ഇന്ത്യൻ സ്‌കോർ 410ലെത്തിയത്. ബംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തിൽ കെഎൽ രാഹുലിന് പുറമേ ശ്രയസ് അയ്യരും സെഞ്ച്വറി നേടി.

ആദ്യം ശുഭ്മാൻ ഗില്ലും നായകൻ രോഹിത് ശർമയും മികച്ച തുടക്കമായിരുന്നു ടീം ഇന്ത്യക്ക് നൽകിയത്. 30 പന്തിൽ ഗിൽ ആദ്യ അർധ സെഞ്ച്വറി നേടി പുറത്തായി. പവർപ്ലേയിൽ തല്ലിത്തകർത്ത രോഹിത് 54 പന്തിൽ എട്ട് ഫോറും രണ്ട് സിക്സും ഉൾപ്പെടെ 61 റൺസെടുത്തു. ഈ ഈന്നിങ്ങസിൽ ഒരു കലണ്ടർ വർഷം ഏകദിനത്തിൽ ഏറ്റവും കൂടുതൽ സിക്‌സ് നേടുന്ന താരമെന്ന റെക്കോഡും ഇന്ത്യയുടെ ഹിറ്റ്മാൻ സ്വന്തമാക്കി. എബി ഡിവില്ലിയേഴ്‌സിനെയാണ് രോഹിത് മറികടന്നത്.

വിരാട് കോഹ്‌ലിയുടെ 50ാം സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നെങ്കിലും 56 പന്തിൽ 51 റൺസുമായി താരം മടങ്ങി. ഇതിന് ശേഷം നാലാം വിക്കറ്റിലാണ് ശ്രേയസ് അയ്യരുടെയും കെ.എൽ. രാഹുലിന്റെയും സെഞ്ച്വറി ഇന്നിങ്ങ്‌സുകൾ പിറക്കുന്നത്. 94 പന്തിൽ 128 റൺസുമായി ശ്രേയസ്സ് പുറത്താകാതെ നിന്നു. അഞ്ച് സിക്‌സറും 10 ഫോറുമടങ്ങുന്നതാണ് ഇന്നിങ്‌സ്. 11 ഫോറും നാല് സിക്‌സറുമാണ് രാഹുൽ അടിച്ചുകൂട്ടിയത്.

Five batsmen scored half-centuries for India against the Netherlands

Similar Posts