ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ ഇന്ത്യക്കായി അരങ്ങേറിയത് അഞ്ച് പേര്
|1996ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, പരാസ് മാംബ്രെ, വിക്രം റാത്തോഡ്, സുനില്‍ ജോഷി, വെങ്കടേഷ് പ്രസാദ് എന്നീ ആറ് താരങ്ങള്‍ അരങ്ങേറ്റം നടത്തി
ധരംശാല: ടെസ്റ്റ് ക്രിക്കറ്റില്‍ തലമുറ മാറ്റത്തിനൊരുങ്ങുകയാണ് ഇന്ത്യന്‍ ക്രിക്കറ്റ് ടീം. ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ ഇന്ത്യക്കായി അരങ്ങേറിയത് അഞ്ച് കളിക്കാര്‍. മലയാളികളെ സംബന്ധിച്ചിടത്തോളം ഇതില്‍ അഭിമാനിക്കാനൊരു വകയുണ്ട് താനും. മലയാളി താരവും കര്‍ണാടക ബാറ്ററുമായ ദേവ്ദത്ത് പടിക്കലാണ് അഞ്ചാമനായി പരമ്പരയില്‍ അരങ്ങേറിയത്.
ഇതിന് മുമ്പും ഒരു പരമ്പരയില്‍ അഞ്ചോ അതിലധികമോ താരങ്ങള്‍ ടീം ഇന്ത്യക്കായി അരങ്ങേറിയിട്ടുണ്ട്. 1996ലെ ഇംഗ്ലണ്ട് പര്യടനത്തില്‍ സൗരവ് ഗാംഗുലി, രാഹുല്‍ ദ്രാവിഡ്, പരാസ് മാംബ്രെ, വിക്രം റാത്തോഡ്, സുനില്‍ ജോഷി, വെങ്കടേഷ് പ്രസാദ് എന്നീ ആറ് താരങ്ങള്‍ അരങ്ങേറ്റം നടത്തി. 2020ലെ ആസ്ട്രേലിയന്‍ പര്യടനത്തില്‍ ശുഭ്മാന്‍ ഗില്‍, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി, വാഷിംഗ്ടണ്‍ സുന്ദര്‍, ടി നടരാജന് എന്നിവര്‍ അരങ്ങേറിയിരുന്നു.
അതിന് ശേഷം നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു പരമ്പരയില്‍ ഇന്ത്യക്കായി അഞ്ച് കളിക്കാര്‍ അരങ്ങേറുന്നത്. സര്‍ഫറാസ് ഖാന്, ധ്രുവ് ജുറെല്‍, ആകാശ് ദീപ്, രജത് പട്ടിതാര്‍ എന്നിവരാണ് ഇന്ത്യക്കായി ഈ പരമ്പരയിൽ അരങ്ങേറിയ മറ്റുള്ളവര്‍.
ഇതില്‍ പട്ടിതാറൊഴികെ ബാക്കിയുള്ളവര്‍ക്കെല്ലാം മികവ് പുറത്തെടുക്കാനായിട്ടുണ്ട്. ഇതില്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ജുറെലിനെ നാലാം ടെസ്റ്റില്‍ പരമ്പരയിലെ താരമായി തെരഞ്ഞെടുക്കുകയും ചെയ്തിരുന്നു. രാജ്കോട്ട് ടെസ്റ്റില്‍ രണ്ട് ഇന്നിങ്സിലുമായി അര്‍ധ സെഞ്ച്വറി കണ്ടെത്തി സര്‍ഫറാസ് ഖാനും മികവ് പുറത്തെടുക്കാനായി. ആകാശ് ദീപും പന്തെറിഞ്ഞ് തിളങ്ങിയിരുന്നു. അതേസമയം അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 3-1ന് സ്വന്തമാക്കിക്കഴിഞ്ഞു.