'സഞ്ജു കഴിവുറ്റ താരം, പക്ഷേ ഷോട്ട് തിരഞ്ഞെടുപ്പ് പോര'; വിമർശനവുമായി ഗവാസ്‌കർ
|അടുത്ത രണ്ടു ടി20 മത്സരങ്ങളിലും സഞ്ജു സാംസൺ കളിക്കാനിടയുണ്ട്. താരം മികച്ച പ്രകടനം കാഴ്ചവെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ
മുംബൈ: ശ്രീലങ്കക്കെതിരെയുള്ള ആദ്യ ടി20യിൽ നിരാശപ്പെടുത്തിയ മലയാളി താരം സഞ്ജു സാംസണെതിരെ മുൻ താരങ്ങളായ സുനിൽ ഗവാസ്‌കറും ഗൗതം ഗംഭീറും. ക്യാപ്റ്റൻ രോഹിത് ശർമ, സൂപ്പർ താരം വിരാട് കോഹ്‌ലി എന്നിവരില്ലാതിരുന്ന ടീമിൽ സഞ്ജുവിന് നാലാം നമ്പറിൽ ഇടം കിട്ടിയിരുന്നു. എന്നാൽ ആറു പന്തിൽ അഞ്ചു റൺസ് മാത്രം നേടി താരം പുറത്തായി. ഇതോടെയാണ് മുൻ താരങ്ങൾ വിമർശനമുന്നയിച്ചത്.
'ഇക്കുറി, ഷോർട്ട് തേർഡ് മാനിലേക്കുള്ള ലീഡിംഗ് എഡ്ജ്... സഞ്ജു സാംസൺ മികച്ച താരമാണ്, നല്ല പ്രതിഭയുണ്ട്, പക്ഷേ ചിലപ്പോഴൊക്കെ ഷോട്ട് സെലക്ഷൻ പാളുന്നത് താരത്തെ താഴ്ത്തിക്കളയുന്നു. താരം നിരാശപ്പെടുത്തിയ മറ്റൊരു അവസരം കൂടി കഴിഞ്ഞുപോയിരിക്കുന്നു' ഗവാസ്‌കർ ചാനൽ ചർച്ചയിൽ കുറ്റപ്പെടുത്തി.
അവസരങ്ങൾ ഉപയോഗപ്പെടുത്താതിരുന്നതിൽ ഗംഭീറും താരത്തോടുള്ള അനിഷ്ടം പ്രകടിപ്പിച്ചു. 'അദ്ദേഹത്തിന് എന്തുമാത്രം പ്രതിഭയുണ്ടെന്ന് നമ്മളെല്ലാവരും സംസാരിക്കുന്നു, പക്ഷേ അദ്ദേഹം അവസരങ്ങൾ ഉപയോഗിക്കേണ്ടിയിരിക്കുന്നു' ബൈജൂസ് ക്രിക്കറ്റ് ലൈവ് ഷോയിൽ ഗംഭീർ പറഞ്ഞു.
'നമ്മൾ ബാറ്റ് കൊണ്ട് ഒരുപാട് പിഴവുകൾ വരുത്തിയിട്ടുണ്ട്. സഞ്ജു പുറത്തായത് മോശം ഷോട്ടിലാണ്, സഞ്ജുവിന്റെ ആരാധകർ എന്ത് ചിന്തിക്കുന്നുവെന്ന് എനിക്ക് അറിയില്ല. അത് മോശം ഷോട്ടായിരുന്നു. ആ സാഹചര്യത്തിൽ ഷോട്ട് വേണ്ടിയിരുന്നില്ല' മുൻ ഇന്ത്യൻ താരം ചോപ്ര യൂട്യൂബ് ചാനലിൽ പറഞ്ഞു.
ടി 20യിൽ സഞ്ജുവിന് ഏറ്റവും നല്ലത് നാലാം സ്ഥാനത്ത് കളിക്കുന്നതാണെന്ന് ഈയടുത്ത് രാജസ്ഥാൻ റോയൽസ് ഹെഡ് കോച്ചും മുൻ ശ്രീലങ്കൻ താരവുമായ കുമാർ സംഗക്കാര പറഞ്ഞിരുന്നു. എന്നാൽ ഈ സ്ഥാനത്താണ് കഴിഞ്ഞ മത്സരത്തിൽ താരം ഇറങ്ങിയത്. മത്സരത്തിൽ ഓപ്പണറായ ശുഭ്മാൻ ഗിൽ അഞ്ചു പന്തിൽ ഏഴും വൺഡൗണായിറങ്ങിയ സൂര്യകുമാർ യാദവ് 10 പന്തിൽ ഏഴും റൺസുമായി പുറത്തായിരുന്നു. സമീപ കാല മത്സരങ്ങളിൽ മികച്ച പ്രകടനം നടത്തുന്ന താരമാണ് സൂര്യയെങ്കിൽ ഗില്ലിന്റെ ടി 20 അരങ്ങേറ്റമായിരുന്നു ഇന്നലെ നടന്നത്. അടുത്ത രണ്ടു ടി20 മത്സരങ്ങളിലും സഞ്ജു സാംസൺ കളിക്കാനിടയുണ്ട്. താരം മികച്ച പ്രകടനം കാഴ്ച വെക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ.
ഏകദിന ലോകകപ്പ് നടക്കാനിരിക്കെ ശ്രീലങ്കക്കെതിരെ ടി 20 യിൽ മാത്രം താരത്തിന് അവസരം നൽകിയതും ആരാധകരുടെ വിമർശനത്തിനിടയാക്കിയിരുന്നു. മുമ്പ് ടി20 ലോകകപ്പ് നടക്കാനിരിക്കെ സഞ്ജുവിനെ ഏകദിന ടീമുകളിൽ മാത്രം പരിഗണിച്ചത് ചൂണ്ടിക്കാട്ടിയാണ് വിമർശനം. എന്നാൽ ഏകദിന ലോകകപ്പിനായി ബിസിസിഐ 20 താരങ്ങളുടെ പട്ടിക തയ്യാറാക്കിയതായി വാർത്തയുണ്ട്. എന്നാൽ ഈ സംഘത്തിൽ സഞ്ജുവുണ്ടാകുമോയെന്ന് വ്യക്തതയില്ല.
അവഗണനാരോപണങ്ങൾക്കിടെ സഞ്ജുവിന് ലഭിച്ച അവസരം
സഞ്ജുവിനെ നിരന്തരം ഇന്ത്യൻ ക്രിക്കറ്റ് ടീം അവഗണിക്കുന്നു എന്ന വാദങ്ങൾ ആരാധകർ ഉയർത്തുന്ന സാഹചര്യത്തിലാണ് താരത്തിന് ശ്രീലങ്കക്കെതിരായ ആദ്യ ടി20 മത്സരത്തിൽ അവസരം ലഭിച്ചത്. എന്നാൽ കിട്ടിയ അവസരം സഞ്ജുവിന് മുതലെടുക്കാൻ കഴിയാതെ പോകുകയായിരുന്നു. ടീം തകർച്ച നേരിടുമ്പോൾ ക്രീസിലെത്തിയ സഞ്ജുവിന് ഒരു ആങ്കർ റോൾ കളിക്കാനും നല്ലൊരു ഇന്നിങ്‌സ് കെട്ടിപ്പടുക്കാനും ലഭിച്ച സുവർണാവസരമാണ് താരം നഷ്ടപ്പെടുത്തിയത്. ഇന്ത്യ അഞ്ച് ഓവറിൽ 38ന് രണ്ട് എന്ന നിലയിൽ നിൽക്കുമ്പോഴാണ് സഞ്ജു ക്രീസിലെത്തുന്നത്. ആവശ്യത്തിന് സമയവും 15 ഓവറുകളും മുന്നിലുണ്ടായിട്ടും ഏവരേയും നിരാശപ്പെടുത്തിക്കൊണ്ട് അനാവശ്യമായി വിക്കറ്റ് വലിച്ചെറിഞ്ഞാണ് സഞ്ജു മടങ്ങിയത്. ധനഞ്ജയ ഡിസിൽവക്ക് വിക്കറ്റ് നൽകി മടങ്ങുകയായിരുന്നു.
ആദ്യം സഞ്ജു ഉയർത്തിയടിച്ച പന്ത് ശ്രീലങ്ക വിട്ടുകളഞ്ഞിരുന്നു. ധനഞ്ചയയുടെ പന്തിൽ സഞ്ജു നൽകിയ അവസരം അവസലങ്ക കൈക്കലാക്കിയെങ്കിലും ക്യാച്ചിന് മുമ്പ് പന്ത് നിലത്ത് കുത്തിയതായി തേഡ് അമ്പയർ കണ്ടെത്തുകയായിരുന്നു. അങ്ങനെ ലൈഫ് കിട്ടിയ താരത്തിന് പക്ഷേ അത് മുതലാക്കാൻ കഴിഞ്ഞില്ല. ആ രക്ഷപ്പെടലിന് ശേഷം രണ്ട് പന്തുകൾ മാത്രമാണ് സഞ്ജുവിന് തുടരാനായത്. ഒരു മോശം ഷോട്ടിലൂടെ മധുശങ്കക്ക് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്. ലെങ്ത് ജഡ്ജ് ചെയ്യുന്നതിൽ പിഴച്ച സഞ്ജുവിന്റെ ബാറ്റിൽ തട്ടിയുയർന്ന പന്ത് മധുശങ്ക അനായാസം കൈപ്പിടിയിലൊതുക്കുകയായിരുന്നു.
ഇന്ത്യക്ക് നാടകീയ വിജയം
അവസാന പന്തിൽ ജയിക്കാൻ ലങ്കയ്ക്ക് വേണ്ടിയിരുന്നത് നാല് റൺസ്. പന്ത് എറിയുന്നത് അക്സർ പട്ടേൽ. എന്നാൽ അവസാന പന്തിൽ ഒരു റൺസെടുക്കാനെ ചമിക കരുണരത്നക്കായുള്ളൂ. ഇതോടെ ഇന്ത്യക്ക് രണ്ട് റൺസിന്റെ ത്രില്ലിങ് ജയം. സ്‌കോർബോർഡ് ചുരുക്കത്തിൽ: ഇന്ത്യ 20 ഓവറിൽ അഞ്ച് വിക്കറ്റിന് 162. ശ്രീലങ്ക 20 ഓവറിൽ 160 റൺസിന് എല്ലാവരും പുറത്തും.68ന് അഞ്ച് എന്ന നിലയിൽ തകർന്ന ലങ്കയെ വാലറ്റക്കാരാണ് എഴുന്നേൽപ്പിച്ചത്. അടിച്ചും ഓടിയും ലങ്ക റൺസ് കണ്ടെത്തിയപ്പോൾ മത്സരത്തിന്റെ അവസാനം ത്രില്ലർ രൂപത്തിലായി. എന്നിരുന്നാലും ലങ്കയ്ക്ക് ജയിക്കാനായില്ല. 45 റൺസെടുത്ത ദസുൻ ശനകയാണ് ലങ്കയുടെ ടോപ് സ്‌കോറർ. നാല് വിക്കറ്റ് വീഴ്ത്തിയ ശിവം മാവിയാണ് തുടക്കത്തിലെ ലങ്കയെ വീഴ്ത്തിയത്. ഉംറാൻ മാലിക്, ഹർഷൽ പട്ടേൽ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
നിശ്ചിത 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 162 റൺസാണ് ഇന്ത്യ നേടിയത്. മുൻനിര വീണുപോയിടത്ത് അവസാന ഓവറുകളിൽ തകർപ്പനടിയുമായി രക്ഷാദൌത്യം ഏറ്റെടുത്ത് അക്‌സർ പട്ടേലും ദീപക് ഹൂഡയും ചേർന്നാണ്. അഞ്ചിന് 94 എന്ന നിലയിൽ തകർന്ന ഇന്ത്യൻ ഇന്നിങ്‌സിനെ ആറോവറിൽ 68 റൺസടിച്ചെടുത്ത് 150 കടത്തിയാണ് ഈ സഖ്യം വലിയൊരു തകർച്ചയിൽ നിന്ന് ടീമിനെ കരകയറ്റിയത്. ഹൂഡ 23 പന്തിൽ 41 റൺസെടുത്ത് പുറത്താകാതെ നിന്നപ്പോൾ അക്‌സർ പട്ടേൽ 20 പന്തിൽ 31 റൺസുമായി പുറത്താകാതെ നിന്നു.അതേസമയം മികച്ച തുടക്കം ലഭിച്ചെങ്കിലും ആദ്യ രണ്ടോവർ കഴിഞ്ഞതോടെ കളി ഇന്ത്യയുടെ കൈയ്യിൽ നിന്ന് വഴുതി മാറുന്ന കാഴ്ചക്കാണ് വാംഖഡെ സ്റ്റേഡിയം സാക്ഷിയായത്. രണ്ടോവറിൽ സ്‌കോർബോർഡിൽ 23 റൺസ് അടിച്ചെടുത്ത ഓപ്പണിങ് സഖ്യം മഹീഷ് തീക്ഷണയാണ് പിരിച്ചത്. ടി20യിൽ അരങ്ങേറ്റം കുറിച്ച ഗില്ല് ഏഴ് റൺസോടെ പവലിയനിലെത്തി. വൺഡൌണായെത്തിയ സൂര്യകുമാർ യാദവിനും അധികനേരം പിടിച്ചുനിൽക്കാനായില്ല. പത്ത് പന്തിൽ ഏഴ് റൺസെടുത്ത സൂര്യകുമാർ യാദവിനെ കരുണരത്‌നയാണ് മടക്കിയത്. ഇതിന് ശേഷമായിരുന്നു സഞ്ജുവിന്റെ വരവ്. പക്ഷേ കാത്തിരിപ്പുകൾക്കൊടുവിൽ ലഭിച്ച അവസരത്തിൻറെ ആഘോഷാരവങ്ങൾ അടങ്ങും മുൻപേ മലയാളി താരം നിരാശപ്പെടുത്തി.
Former cricketers Sunil Gavaskar and Gautam Gambhir against Sanju Samson, who disappointed in the first T20 against Sri Lanka.