സെഞ്ച്വറി നേടിയിട്ട് രണ്ടു വർഷം; വിരാട് കോഹ്‌ലിക്കെന്ത് പറ്റി?
|ക്യാപ്റ്റൻസിയുടെ ഭാരം ഇറക്കിവെച്ചാണ് കോഹ്‌ലി വിൻഡീസിനെതിരെ കളിക്കാനിറങ്ങിയത്. എന്നാൽ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ആകെ 24 റൺസാണ് താരം നേടിയത്
''സെഞ്ച്വറിയില്ലാത്ത 69 ഇന്നിംഗ്‌സുകൾ, അവസാന സെഞ്ച്വറി നേടിയത് 2019 നവംബർ 23 ന്. ശാക്കിബുൽ ഹസനും മുസ്തഫിസുറുമില്ലാത്ത ബംഗ്ലാദേശിനെതിരെ. ഈ സീരിസിലെ കോഹ്‌ലിയുടെ സ്‌കോർ: 8,18,0,17 എന്നിങ്ങനെ. അന്താരാഷ്ട്ര ക്രിക്കറ്റിൽ ആകെ 32 ഡക്കുകൾ... എക്കാലത്തെയും ഓവർറേറ്റഡ് ക്രിക്കറ്റർ' കോഹ്‌ലിക്കെതിരെയുള്ള ഒരു ട്വീറ്റിലെ വാക്കുകളാണിത്. വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലെ ഏറ്റവുമൊടുവിൽ നടന്ന ആദ്യ ടി-20 മത്സരത്തിൽ ടീം ഇന്ത്യ ഗംഭീര വിജയം നേടിയപ്പോഴും മുൻ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്‌ലിയുടെ പ്രകടനം അത്ര മികച്ചതായിരുന്നില്ല. 17 റൺസ് നേടിയ കോഹ്‌ലി ഫാബിയൻ അലന്റെ പന്തിൽ കീരൺ പൊള്ളാർഡിന് ക്യാച്ച് നൽകി പുറത്താകുകയായിരുന്നു. എന്നാൽ രോഹിത് ശർമ(40), ഇഷാൻ കിഷൻ(35), സൂര്യകുമാർ യാദവ് എന്നിവരുടെ മികവിൽ ടീം 157 എന്ന വിജയലക്ഷ്യം കടന്നു.
69 inns without an Int'l century for Kohli, last Int'l century was against Bangladesh without Shakib & Mustafizur, in India on 23rd November 2019. Kohli's scores this series are 8, 18, 🦆 & 17. Kohli also has 32 ducks in Int'l cricket. The most overrated cricketer ever. #Cricket
— Daniel Alexander (@daniel86cricket) February 16, 2022
കഴിഞ്ഞ രണ്ടു വർഷമായി സെഞ്ച്വറികൾ കണ്ടെത്താനാകാത്ത കോഹ്‌ലി ക്യാപ്റ്റൻസിയുടെ ഭാരം ഇറക്കിവെച്ചാണ് വിൻഡീസിനെതിരെ കളിക്കാനിറങ്ങിയത്. എന്നാൽ മൂന്നു മത്സരങ്ങളടങ്ങിയ ഏകദിന പരമ്പരയിൽ ആകെ 24 റൺസാണ് താരം നേടിയത്. ആദ്യ ട്വി20 യിലും നിറം മങ്ങി. ഈ സാഹചര്യത്തിൽ അധികം റൺസ് നേടും മുമ്പേ കോഹ്‌ലി പുറത്താകുന്നത് നിത്യമായിരിക്കുന്നുവെന്ന് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര നിരീക്ഷിച്ചു. ''അദ്ദേഹത്തെ പോലൊരു താരത്തിന് യോജിക്കാത്ത രീതിയിൽ ഔട്ടാകുന്നത് നല്ല കാര്യമല്ല. നല്ല താരങ്ങളായി വിലയിരുത്തപ്പെടുന്നത് റിസൽട്ടിന്റെ അടിസ്ഥാനത്തിലാണ്. ഞാൻ 40 റൺസ് നേടിയാലത് വിജയമാണ്. പക്ഷേ കോഹ്‌ലി 40 നേടുന്നത് പരാജയമാണ്'- ആകാശ് ചോപ്ര പറഞ്ഞു. 'അച്ചടക്കമാണ് കോഹ്‌ലിയെ ലോകത്തിലെ മികച്ച ബാറ്ററാക്കിയത്. എന്നാൽ സിക്‌സർ പറത്താൻ ശ്രമിച്ചാണ് ഈ കളിയിൽ കോഹ്‌ലി പുറത്തായത്. അത് സിക്‌സറായിരുന്നുവെങ്കിലും പ്രത്യേകിച്ച് ഒന്നും സംഭവിക്കുമായിരുന്നില്ല. അത് കൊണ്ട് കളി ജയിക്കുമായിരുന്നില്ല'' ചോപ്ര പറഞ്ഞു. സിക്‌സർ ആവശ്യമില്ലെങ്കിൽ സിംഗിളും ഫോറുകളുമായി കളിക്കുന്നതായിരുന്നു കോഹ്‌ലിയുടെ രീതിയെന്നും അപകടം നിറഞ്ഞ ഷോട്ടുകൾ കളിക്കുമായിരുന്നില്ലെന്നും എന്നാൽ ഇപ്പോൾ അങ്ങനെയല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
എന്നാൽ പുതിയ നായകൻ രോഹിത് ശർമയും ബാറ്റിങ് കോച്ച് വിക്രം റാത്തോറും കോഹ്‌ലിയെ പിന്തുണച്ച് രംഗത്തെത്തിയിരുന്നു. സമ്മർദഘട്ടങ്ങളെ എങ്ങനെ നേരിടാമെന്ന് കോഹ്‌ലിക്ക് നന്നായറിയാമെന്നും മാധ്യമങ്ങളാണ് ഇല്ലാത്ത പ്രശ്നങ്ങളെ ഊതിപ്പെരുപ്പിക്കുന്നത് എന്നും രോഹിത് ശർമ പറഞ്ഞിരുന്നു. 'മാധ്യമങ്ങളിൽ നിന്നാണ് ഈ പ്രശ്നങ്ങളൊക്കെ ആരംഭിക്കുന്നത്. നിങ്ങൾ ഒരൽപ്പം വായടക്കൂ. അതോടെ ഈ പ്രശ്നങ്ങളൊക്കെ അവസാനിക്കും. സമ്മർദഘട്ടങ്ങളെ എങ്ങനെ മറികടക്കാമെന്ന് കോഹ്‌ലിക്ക് നന്നായറിയാം. ഒരു പതിറ്റാണ്ടിലേറെക്കാലമായി അദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിന്റെ ഭാഗമാണ്. അത്രയും കാലമൊക്കെ ക്രിക്കറ്റ് ലോകത്ത് ഉണ്ടായ മനുഷ്യനെ സമ്മർദഘട്ടങ്ങളെ എങ്ങനെ അതിജയിക്കണം എന്ന് പഠിപ്പിച്ചു കൊടുക്കേണ്ട ആവശ്യമില്ല'- രോഹിത് ശർമ പറഞ്ഞു.
വെസ്റ്റിൻഡിസിനെതിരെ മികച്ച പ്രകടനം പുറത്തെടുക്കാനായില്ലെങ്കിലും കോഹ്‌ലി തിരിച്ചു വരുമെന്നും കഴിഞ്ഞ ദിവസങ്ങളിൽ നെറ്റ്സിൽ അദ്ദേഹം മികച്ച പ്രകടനമാണ് പുറത്തെടുത്തത് എന്നും ഇന്ത്യൻ ബാറ്റിംഗ് കോച്ച് വിക്രം റാത്തോർ പറഞ്ഞു. വിൻഡീസിനെതിരെയുള്ള ഇന്ത്യയുടെ അടുത്ത മത്സരം വെള്ളിയാഴ്ച ഈഡൻ ഗാർഡനിൽ തന്നെ നടക്കും.
👑 New number one T20I bowler
— ICC (@ICC) February 16, 2022
🚀 Rohan Mustafa launches into the top-10
⏫ Josh Hazlewood climbs four spots after an incredible performance against Sri Lanka
Some big movements in the latest @MRFWorldwide ICC Men's Player Rankings for T20Is.
Details 👉 https://t.co/YrLa53Ls5E pic.twitter.com/otGbDw3B0r
അതേസമയം, ഐ.സി.സി പുറത്തുവിട്ട ടി20 ബാറ്റർമാരുടെ ലോകറാങ്കിങിൽ കോഹ്‌ലി പത്താം സ്ഥാനത്തുണ്ട്. ആദ്യ പത്തിൽ നാലാം സ്ഥാനത്തുള്ള ലോകേഷ് രാഹുലാണ് ഇന്ത്യൻ താരമായുള്ളത്. ഏകദിന റാങ്കിംഗ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് വിരാട് കോഹ്‌ലിയുണ്ട്. നിലവിലെ ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ മൂന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തുള്ള കോഹ്ലിക്ക് 828 പോയിൻറും രോഹിത് ശർമക്ക് 807 പോയിന്റുമാണുള്ളത്. ബാറ്റിംഗ് റാങ്കിങിൽ പാക്കിസ്ഥാൻ ബാറ്റർ ബാബർ അസം 873 പോയിന്റുമായി ഒന്നാം സ്ഥാനം നിലനിർത്തിയിരുന്നു. ദക്ഷിണാഫ്രിക്കൻ ബാറ്റർ ക്വിൻറൺ ഡീക്കോക്കും ആസ്ട്രേലിയൻ ബാറ്റർ ആരോൺ ഫിഞ്ചുമാണ് ആദ്യ അഞ്ചിൽ ഇടം പിടിച്ച മറ്റു ബാറ്റർമാർ. ബൗളിങ് റാങ്കിംഗിൽ ആദ്യ പത്തിൽ ഒരു ഇന്ത്യൻ ബൗളർ മാത്രമാണ് ഇടം പിടിച്ചത്. 686 പോയിന്റുമായി പേസ് ബൗളർ ജസ്പ്രീത് ബുംറ ഏഴാം സ്ഥാനത്താണ്. ന്യൂസിലാന്റ് ബൗളർ ട്രെന്റ് ബോൾട്ടാണ് ബൗളർമാരിൽ ഒന്നാം സ്ഥാനത്ത് ഓൾറൗണ്ടർമാരുടെ കൂട്ടത്തിലും ഒരു ഇന്ത്യൻ താരത്തിന് മാത്രമാണ് ആദ്യ പത്തിൽ ഇടംപിടിക്കാനായത്. 229 പോയിന്റുമായി രവീന്ദർ ജഡേജ എട്ടാം സ്ഥാനത്താണ്. 416 പോയിന്റുമായി ബംഗ്ലാദേശ് ഓൾറൗണ്ടർ ശാകിബുൽ ഹസനാണ് ഓൾറൗണ്ടർമാരിൽ ഒന്നാം സ്ഥാനത്തുള്ളത്.
Former India captain Virat Kohli's performance in the first and final T20I match against the West Indies was not as impressive.