'റണ്ണിനായി നോ ബോളിന് പിന്നാലെ ഓടി, എന്നിട്ടും കിട്ടിയില്ല' കളിക്കളത്തില്‍ ചിരി പടര്‍ത്തി ഫിലിപ്സ്, വീഡിയോ
|ഏവരും ആകാംഷയോടെ കളി കാണുന്നതിനിടയിലാണ് ഏവരെയും ചിരിപ്പിച്ച ആ രസകരമായ സംഭവം നടക്കുന്നത്
രാജസ്ഥാന്‍ റോയല്‍സ് ചെന്നൈ സൂപ്പര്‍ കിങ്സ് മത്സരത്തിലെ പതിനേഴാം ഓവര്‍. പന്തെറിയാന്‍ വരുന്നത് സാം കറന്‍. സ്ട്രൈക്കില്‍ ഗ്ലെന്‍ ഫിലിപ്സ്. ഏവരും ആകാംഷയോടെ കളി കാണുന്നതിനിടയിലാണ് ഏവരെയും ചിരിപ്പിച്ച ആ രസകരമായ സംഭവം നടക്കുന്നത്.
രാജസ്ഥാന്‍റെ ന്യൂസീലന്‍ഡ് താരം ഗ്ലെന്‍ ഫിലിപ്‌സാണ് ഈ സംഭവത്തിന് പിന്നില്‍. ഐപിഎല്‍ അരങ്ങേറ്റത്തിന് ഇറങ്ങിയ ഗ്ലെന്‍ ഫിലിപ്‌സ് സാം കറന്റെ നോ ബോളില്‍ റണ്‍സ് കണ്ടെത്താന്‍ ശ്രമിക്കുന്നതാണ് സംഭവം
ഈ ഓവറിലെ ആദ്യ പന്ത് നേരിട്ട ശിവം ദുബെ സിംഗിളെടുത്ത് ഗ്ലെന്‍ ഫിലിപ്‌സിന് സ്‌ട്രൈക്ക് കൈമാറി. അപ്പോള്‍ രാജസ്ഥാന് വിജയിക്കാന്‍ വേണ്ടത് 23 പന്തില്‍ 19 റണ്‍സായിരുന്നു. സാം കറന്‍ എറിഞ്ഞ രണ്ടാം പന്ത് കൈയില്‍ നിന്ന് വഴുതി ഉയര്‍ന്നുപൊങ്ങി. ഇതോടെ ഈ പന്തില്‍ ഷോട്ടുതിര്‍ക്കാനായി ഗ്ലെന്‍ ഫിലിപ്‌സ് പിന്നിലേക്ക് ഓടുകയായിരുന്നു. എന്നാല്‍ ഫിലിപ്‌സ് എത്തും മുമ്പെ പന്ത് ഗ്രൗണ്ടില്‍ വീണു. ഏവരിലും ഈ നിമിഷങ്ങള്‍ ചിരി പടര്‍ത്തി.
ഷോട്ട് നഷ്ടപ്പെട്ടതോടെ ചെറു ചിരിയോടെ ഫിലിപ്‌സ് ക്രീസിലേക്ക് മടങ്ങി. തൊട്ടടുത്ത പന്ത് ഫോറടിച്ച് ഫിലിപ്‌സ് തന്റെ ആദ്യ ഐപിഎല്‍ ബൌണ്ടറി സ്വന്തമാക്കി. ഇതേ ഓവറിലെ അവസാന പന്തില്‍ സിക്‌സറും നേടി. മത്സരത്തില്‍ എട്ടു പന്തില്‍ 14 റണ്‍സുമായി കിവീസ് താരം പുറത്താകാതെ നിന്നു. ചെന്നൈയെ പരാജയപ്പെടുത്തി രാജസ്ഥാന്‍ തങ്ങളുടെ പ്ലേ ഓഫ് സാധ്യതകള്‍ നിലനിര്‍ത്തി.