Cricket
ipl 2023, Chennai Super Kings, Gujarat titans

 ഋതുരാജ് ഗെയിക്‌വാദും ഡെവന്‍ കോണ്‍വേയും മത്സരത്തിനിടെ 

Cricket

അർധ സെഞ്ച്വറിയുമായി ഗെയിക്‌വാദ്: ഗുജറാത്തിന് ജയിക്കാൻ വേണ്ടത് 173 റൺസ്‌

Web Desk
|
23 May 2023 4:00 PM GMT

20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ചെന്നൈ നേടിയത്

ചെന്നൈ: ഐ.പി.എൽ ആദ്യ ക്വാളിഫയറിൽ ചെന്നൈക്കെതിരെ ഗുജറാത്തിന് 173 റൺസ് വിജയലക്ഷ്യം. 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 172 റൺസാണ് ചെന്നൈ നേടിയത്. 60 റൺസ് നേടിയ ഋതുരാജ് ഗെയിക്‌വാദാണ് ചെന്നൈയുടെ ടോപ് സ്‌കോറർ.

ടോസ് നേടിയ ഗുജറാത്ത് ചെന്നൈയെ ബാറ്റിങിന് വിടുകയായിരുന്നു. മികച്ച തുടക്കമാണ് ചെന്നൈക്ക് വേണ്ടി ഋതുരാജ് ഗെയിക്‌വാദും ഡെവൻ കോൺവേയും ചേർന്ന് നൽകിയത്. എന്നാൽ റൺറേറ്റ് ഉയരാതെ നോക്കാൻ ഗുജറാത്ത് ബൗളർമാർക്കായി. ടീം സ്‌കോർ 87ൽ നിൽക്കെയാണ് ആദ്യ വിക്കറ്റ് വീണത്. 60 റൺസ് നേടിയ ഋതുരാജ് ഗെയിക്‌വാദിനെ മോഹിത് ശർമ്മയാണ് പറഞ്ഞയച്ചത്. ഡെവൻ കോൺവെ 40 റൺസ് നേടി. കൂറ്റനടിക്കാരൻ ശിവം ദുബെയ നേരിട്ട മൂന്നാം പന്തിൽ തന്നെ നൂർ അഹമ്മദ് പറഞ്ഞയച്ചു. അതോടെ സ്‌കോർബോർഡ് ഉയർത്താനുള്ള ചെന്നൈയുടെ ശ്രമങ്ങളെല്ലാം പാളി.

അമ്പാട്ടി റായിഡുവും അജിങ്ക്യ രഹാനെയും ചേർന്ന് മാധ്യഓവറുകളിൽ കളി കൊണ്ടുപോയെങ്കിലും റൺസ് ഒഴുക്കാനായില്ല. മഹേന്ദ്ര സിങ് ധോണിക്കായി ആരാധകർ ആർത്തുവിളിച്ചെങ്കിലും നേരിട്ട രണ്ടാം പന്തിൽ തന്നെ ഹാർദിക് പാണ്ഡ്യക്ക് ക്യാച്ച് നൽകി മടങ്ങി. മോഹിത് ശർമ്മയാണ് ധോണിയുടെ വഴിയിലും കല്ലിട്ടത്. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും മുഈൻ അലയും ചേർന്നാണ് സ്‌കോർ 170 കടത്തിയത്. രവീന്ദ്ര ജഡേജ 15 പന്തിൽ നിന്ന് 22 റൺസെടുത്തപ്പോൾ അലി നാല് പന്തിൽ 9 റൺസ് നേടി പുറത്താകാതെ നിന്നു.

ഗുജറാത്തിനായി മുഹമ്മദ് ഷമി, മോഹിത് ശർമ്മ എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ ദർശൻ നാൽക്കണ്ഡെ, റാഷിദ് ഖാൻ, നൂർ അഹമ്മദ് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്ത്തി. നാല് ഓവർ എറിഞ്ഞ നൂർ അഹമ്മദ് 29 റൺസ് മാത്രമാണ് വിട്ടുകൊടുത്തത്. ഇന്ന് ജയിക്കുന്നവർക്ക് ഞായറാഴ്ച നടക്കുന്ന ഫൈനലിന് നേരിട്ട് ടിക്കറ്റ് നേടാം. തോൽക്കുന്നവർക്ക് ഒരു അവസരം കൂടിയുണ്ട്.

Similar Posts