Cricket
Gautam Gambhir vs MS Dhoni, Sarfaraz Khan
Cricket

കൊൽക്കത്തക്കായി ഗംഭീർ, ചെന്നൈക്കായി ധോണി; ആര് എടുക്കും സർഫറാസിനെ? ആകാംക്ഷ

Web Desk
|
21 Feb 2024 12:44 PM GMT

കഴിഞ്ഞ ലേലത്തിൽ ആർക്കും വേണ്ടാത്ത സർഫറാസിന് വേണ്ടിയാണ് ഇപ്പോൾ പിടിവലി

മുംബൈ: അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിക്കുന്നതിന് വേണ്ടിയുള്ള 'വേദി'യാണ് ഇന്ത്യൻ പ്രീമിയർ ലീഗ്(ഐ.പി.എൽ).യുവതാരങ്ങൾ മുതൽ മുതിർന്നവര്‍ വരെ ഈ വേദിയെ ഫലപ്രദമായി ഉപയോഗിച്ച് ദേശീയ ടീമിലേക്കുള്ള വഴിയാക്കാറുണ്ട്. ഇങ്ങനെ ടീമിലേക്ക് കയറിയവരുടെ ഉദാഹരണം ഇന്ത്യന്‍ ക്രിക്കറ്റില്‍ മാത്രമല്ല, മറ്റു രാജ്യങ്ങളിലും കാണാം.

അതേസമയം ആഭ്യന്തര മത്സരങ്ങളിൽ മികവ് തെളിയിച്ചാണ് ഒരുപറ്റം യുവതാരങ്ങൾ തങ്ങളുടെ ഐ.പി.എൽ പരീക്ഷണത്തിന് കോപ്പ് കൂട്ടാറ്. എന്നാൽ ഐപിഎല്ലിൽ തിളങ്ങിയാലും ഒരുപക്ഷേ എല്ലാവർക്കും അവസരം കിട്ടിക്കൊള്ളണം എന്നില്ല. അത്തരത്തിലൊരു കളിക്കാരനാണ് സർഫറാസ് ഖാൻ. കഴിഞ്ഞ ഡിസംബറിലെ ലേലത്തിൽ സർഫറാസിനെ ആരും ടീമിലെടുത്തിരുന്നില്ല. എന്നാൽ ഇംഗ്ലണ്ടിനെതിരായ രാജ്കോട്ട് ടെസ്റ്റിൽ പകരക്കാരനായി വന്ന് ഏവരെയും അമ്പരപ്പിച്ച് നിൽക്കുകയാണ് സർഫാറാസ്. അവസരം ലഭിച്ച രണ്ട് ഇന്നിങ്‌സുകളിൽ അർധ സെഞ്ച്വറി നേടിയ താരം മികച്ച ഫോമിൽ നിൽക്കുകയാണ്.

ഈ ഫോമിലാണ് ഇപ്പോൾ ഐ.പി.എൽ ഫ്രാഞ്ചൈസികളും കണ്ണുവെക്കുന്നത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സ്, ചെന്നൈ സൂപ്പർകിങ്‌സ് എന്നീ ടീമുകളാണ് ഇപ്പോൾ സർഫറാസിന് മേൽ കണ്ണുവെക്കുന്നത്. അതേസമയം ഒരു ദേശീയ മാധ്യമത്തിന്റെ റിപ്പോർട്ട് പ്രകാരം മൂന്ന് ഫ്രാഞ്ചൈസികളാണ് സർഫറാസിന്റെ പിന്നാലെ കൂടിയിരിക്കുന്നത്. ഡിസംബറിലെ ലേലത്തിൽ 20 ലക്ഷമായിരുന്നു താരത്തിന്റെ അടിസ്ഥാന വില.

ആഭ്യന്തര മത്സരങ്ങങ്ങളിൽ ഫോം തുടർന്നിട്ടും സർഫറാസിൽ ആരും താൽപര്യം കാണിച്ചില്ല. കൊൽക്കത്തക്കായി ഗംഭീറാണ് സർഫറാസിനായി രംഗത്ത് എത്തിയിരിക്കുന്നത്. 27കാരനായ താരത്തെ ടീമിലെത്തിച്ചാൽ മുതൽകൂട്ടാകുമെന്നാണ് ഗംഭീർ കൊൽക്കത്തയെ അറിയിച്ചിരിക്കുന്നത്. നിലവിൽ റിങ്കുസിങ്, നിതീഷ് റാണ, ശ്രേയസ് അയ്യർ, ജേസൺ റോയ്, ആൻഡ്രെ റസൽ എന്നിവർ കൊൽക്കത്തൻ നിരയിലുണ്ട്.

ഈ നിരയിലേക്കാണ് സർഫറാസിനെയും പരിഗണിക്കുന്നത്. അതേസമയം ധോണിയും സർഫറാസിൽ താൽപര്യം അറിയിച്ചിട്ടുണ്ട്. മറ്റൊന്ന് റോയൽ ചാലഞ്ചേഴ്‌സ് ബാംഗ്ലൂരാണ് സർഫറാസിനായി രംഗത്തുള്ളത്. 2015 മുതൽ 18 വരെയുള്ള സീസണുകളിൽ സർഫറാസ് ബാംഗ്ലൂരിന്റെ ഭാഗമായിട്ടുണ്ട്. എന്നാൽ കോഹ്ലിയും ഡിവില്ലിയേഴ്‌സും ഗെയിലും അടങ്ങിയ താരനിരയിൽ നിന്നും സർഫറാസിന് മതിയായ അവസരം ലഭിച്ചില്ല. എന്നാൽ കിട്ടിയ അവസരങ്ങളാകട്ടെ മുതലാക്കാനുമായില്ല.

50 ഐ.പി.എൽ മത്സരങ്ങളാണ് സർഫറാസിന്റെ കരിയറിലുള്ളത്. പഞ്ചാബ് കിങ്‌സ്, ഡൽഹി കാപിറ്റൽസ് എന്നീ ടീമുകളിലും സർഫറാസ് ഭാമായിട്ടുണ്ട്. ഒരൊറ്റ അർധ സെഞ്ച്വറിയുൾപ്പെടെ 585 റൺസാണ് 2015 മുതൽ 2023 വരെയുള്ള സീസണുകളിൽ നന്നായി താരത്തിന്റെ സമ്പാദ്യം.

ഇംഗ്ലണ്ടിനെതിരായ തന്റെ ഇന്ത്യന്‍ ടെസ്റ്റ് അരങ്ങേറ്റത്തില്‍ 62, 68* എന്നിങ്ങനെ രണ്ട് അര്‍ധ സെഞ്ചുറികളുമായി തിളങ്ങാന്‍ സര്‍ഫറാസിനായിരുന്നു. അരങ്ങേറ്റ ടെസ്റ്റില്‍ രണ്ടിന്നിങ്‌സുകളിലും ഫിഫ്റ്റി പ്ലസ് സ്‌കോറുകള്‍ നേടിയ ഇന്ത്യയുടെ നാലാമത്തെ താരമാകാനും സര്‍ഫറാസിനായിരുന്നു. ആഭ്യന്തര ക്രിക്കറ്റില്‍ മുംബൈയ്ക്കു വേണ്ടി കഴിഞ്ഞ മൂന്ന്-നാല് വര്‍ഷങ്ങളായി റണ്‍സ് വാരിക്കൂട്ടിയ സര്‍ഫറാസ് നീണ്ട കാത്തിരിപ്പിനൊടുവിലാണ് ഇംഗ്ലണ്ടുമായുള്ള പരമ്പരയിലൂടെ ആദ്യമായി ദേശീയ ടീമിലേക്കു വിളിക്കപ്പെടുന്നത് തന്നെ.

Similar Posts