'നാണക്കേട്'; ഹഫീസിന്റെ 'കൈവിട്ട' പന്ത് സിക്സറിന് പറത്തിയ വാർണറെ വിമർശിച്ച് ഗംഭീർ
|കളിയുടെ എട്ടാം ഓവറിലായിരുന്നു സംഭവം
ദുബായ്: ടി20 ലോകകപ്പ് സെമിയിൽ പാക് താരം മുഹമ്മദ് ഹഫീസിന്റെ കൈയിൽ നിന്ന് നിയന്ത്രണം നഷ്ടപ്പെട്ടെത്തിയ പന്തിൽ സിക്സർ നേടിയ ഓസീസ് താരം ഡേവിഡ് വാർണറെ വിമർശിച്ച് ഗൗതം ഗംഭീർ. കളിയുടെ മാന്യതയ്ക്ക് നിരക്കാത്ത പണിയാണ് വാർണർ ചെയ്തതെന്ന് മുൻ ഇന്ത്യൻ ഓപണർ വിമർശിച്ചു. ട്വിറ്ററിലാണ് ഗംഭീറിന്റെ പ്രതികരണം.
കളിയുടെ എട്ടാം ഓവറിലായിരുന്നു സംഭവം. തന്റെ ആദ്യ ഓവർ എറിയാനെത്തിയ ഹഫീസിന്റെ ആദ്യ പന്തു തന്നെ 'കൈയിൽ നിന്നു പോയി'. എന്നാൽ പിച്ചിൽ രണ്ടു തവണ കുത്തിയെത്തിയ പന്തിനെ വാർണർ വെറുതെ വിട്ടില്ല. പന്ത് ഗ്യാലറിയിൽ. പന്ത് രണ്ടു തവണ പിച്ചു ചെയ്തതു കൊണ്ട് അംപയർ നോബോൾ വിളിച്ചു. അടുത്ത പന്തിൽ ഫ്രീഹിറ്റും. അടുത്ത പന്തിൽ വാർണർ ഡബ്ൾ നേടിയതോടെ ഓസീസിന് ആകെ കിട്ടിയത് ഒമ്പതു റൺസ്.
What an absolutely pathetic display of spirit of the game by Warner! #Shameful What say @ashwinravi99? pic.twitter.com/wVrssqOENW
— Gautam Gambhir (@GautamGambhir) November 11, 2021
കളിയുടെ വീര്യത്തിന് ചേരാത്ത രീതിയിൽ എന്ത് മോശം പ്രകടനമാണ് വാർണർ നടത്തിയത് എന്ന് ഗംഭീർ ചോദിച്ചു. ലജ്ജാകരമാണത്, എന്താണ് രവിചന്ദ്രൻ അശ്വിന്റെ അഭിപ്രായമെന്നും ഗംഭീർ ആരാഞ്ഞു.
YOUTUBE THUMBNAIL MATERIAL.
— Johnny#Aus🇦🇺🦘 (@JohnnySar77) November 11, 2021
🤝.#DavidWarner pic.twitter.com/dVC0jPcBNs
അതിനിടെ, മത്സരത്തിൽ വാർണർ പുറത്തായ രീതിയും ചർച്ചയായി. അർധസെഞ്ച്വറിക്ക് ഒരു റൺസ് മാത്രം അകലെ നിൽക്കവെ കീപ്പർ മുഹമ്മദ് റിസ്വാൻ പിടിച്ചാണ് താരം പുറത്തായത്. എന്നാൽ വാർണറുടെ ബാറ്റ് പന്തിൽ കൊണ്ടിട്ടില്ലെന്ന് റീ പ്ലേയിൽ വ്യക്തമായി. ഡിആർഎസ് റിവ്യൂ അവസരം ഉണ്ടായിട്ടും അതിനു കാത്തു നിൽക്കാതെ വാർണർ പവലിയനിലേക്ക് തിരിച്ചു നടക്കുകയായിരുന്നു.