മഴയെങ്കിൽ ഗുജറാത്ത് കൊണ്ടുപോകും; അല്ലെങ്കിൽ സൂപ്പർ ഓവർ
|നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത് ടൈറ്റൻസ്. കഴിഞ്ഞ സീസണിൽ അരങ്ങേറിയ ഗുജറാത്ത് അന്ന് കപ്പും കൊണ്ടാണ് മടങ്ങിയത്.
ചെന്നൈ: 2023 ഐപിഎല്ലിലെ ആദ്യ ക്വാളിഫയറിന് ടോസ് ഉയരാൻ ഏതാനും നിമിഷങ്ങൾ കൂടിയെ ഇനി ബാക്കിയുള്ളൂ. ചെന്നൈ സൂപ്പർ കിങ്‌സും ഗുജറാത്ത് ടൈറ്റൻസും പോരടിക്കുമ്പോൾ തീ പാറുമെന്നുറപ്പാണ്. നിലവിലെ ചാമ്പ്യന്മാരാണ് ഗുജറാത്ത് ടൈറ്റൻസ്. കഴിഞ്ഞ സീസണിൽ അരങ്ങേറിയ ഗുജറാത്ത് അന്ന് കപ്പും കൊണ്ടാണ് മടങ്ങിയത്.
രണ്ടാമതും ഫൈനലിൽ ഇടം നേടാൻ ശ്രമിക്കുകയാണ് ഹാർദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത്. എന്നാൽ മറുപക്ഷത്ത് ചെന്നൈയും കരുത്തരാണ്. ലോക ക്രിക്കറ്റ് കണ്ട ഏറ്റവും വലിയ നായകനായ മഹേന്ദ്ര സിങ് ധോണിക്ക് കീഴിലാണ് ചെന്നൈ എത്തുന്നത്. അത് തന്നെയാണ് അവരുടെ ആത്മവിശ്വാസം ഏറ്റുന്ന മുന്തിയ ഘടകവും. അതേസമയം മത്സരം നടക്കുന്ന ചെന്നൈയിലെ ചെപ്പോക്കിൽ മഴക്ക് സാധ്യതയുണ്ടോ എന്നും മഴ പെയ്താൽ ആർക്കാവും ഗുണകരമെന്ന തരത്തിലുള്ള ചർച്ചകളും സമൂഹമാധ്യമങ്ങളിൽ സജീവമാണ്.
മഴ മൂലം കളി തടസ്സപ്പെട്ടാൽ ഗുജറാത്തിനാണ് കാര്യങ്ങൾ അനുകൂലമാകുക. റിസർവ് ദിനം ഇല്ലാത്തതിനാൽ ഗ്രൂപ്പ് ഘട്ടത്തിലെ മികവിന്റെ അടിസ്ഥാനത്തിലാകും ഗുജറാത്ത് ഫൈനൽ ടിക്കറ്റ് നേടുക. എന്നാൽ സൂപ്പർ ഓവർ എന്നൊരു ഘട്ടം ബാക്കിയുണ്ട്. സൂപ്പർ ഓവറിനും കഴിയാതെ വന്നാൽ മാത്രമെ ഗുജറാത്ത് നേരിട്ട് ഫൈനൽ ടിക്കറ്റ് നേടൂ. ക്വാളിഫയർ രണ്ടിലും എലിമിനേറ്റർ റൗണ്ടിലും ഫൈനലിലുമെല്ലാം ഇതെ നിയമം തന്നെയാണ് നടപ്പിലാക്കുക. ഗ്രൂപ്പ് ഘട്ടത്തിൽ മഴ കളി തടസപ്പെടുത്തിയാല്‍ പോയിന്റ് തുലമ്യായി പങ്കുവെക്കാലായിരുന്നു. അതേസമയം ആദ്യ കാളിഫയറിന് നിലവിൽ മഴ ഭീഷണിയൊന്നും ഇല്ല. മഴ പെയ്യാൻ സാധ്യത വളരെ കുറവാണെന്നാണ് കാലാവസ്ഥാ റിപ്പോർട്ടുകൾ.
രണ്ടാം എലിമിനേറ്ററും ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ വെച്ചാണ്. ബുധനാഴ്ചയാണ് മത്സരം. രണ്ടാം ക്വാളിഫയറും ഫൈനലും അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കും. നിലവിൽ ടേബിൾ ടോപ്പർമാരാണ് ഗുജറാത്ത് ടൈറ്റൻസ്. ചെന്നൈ സൂപ്പർകിങ്‌സ് രണ്ടാം സ്ഥാനത്തും. ലക്‌നൗ സൂപ്പർ ജയന്റ്‌സ് മൂന്നും മുംബൈ ഇന്ത്യൻസ് നാലാം സ്ഥാനത്തും നിൽക്കുന്നു.