Cricket
Former BCCI president and former India captain Sourav Ganguly has clarified that he has not removed Virat Kohli from the Indian captaincy.
Cricket

'കോഹ്‌ലിയെ നായക പദവിയിൽ നിന്ന് ഞാൻ നീക്കിയിട്ടില്ല'; വിശദീകരണവുമായി ഗാംഗുലി

Sports Desk
|
5 Dec 2023 3:17 PM GMT

മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കാൻ രോഹിത് ശർമയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്നു ഗാംഗുലി

സൂപ്പർ താരം വിരാട് കോഹ്‌ലിയെ ഇന്ത്യൻ നായകപദവിയിൽ നിന്ന് താൻ നീക്കിയിട്ടില്ലെന്ന വിശദീകരണവുമായി ബിസിസിഐയുടെ മുൻ പ്രസിഡൻറും മുൻ ഇന്ത്യൻ നായകനുമായ സൗരവ് ഗാംഗുലി. എന്നാൽ ടി20 നായകപദവിയിൽനിന്ന് മാറുകയാണെങ്കിൽ ഏകദിനത്തിൽനിന്നും മാറണമെന്ന് താൻ ആവശ്യപ്പെട്ടിരുന്നതായി ഗാംഗുലി സമ്മതിച്ചു.

2021ൽ ദുബായിൽ നടന്ന ടി20 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ പുറത്തായതിന് ശേഷമാണ്‌ കോഹ്‌ലി ടി20 നായക പദവി ഒഴിഞ്ഞത്. തുടർന്ന് അധികം വൈകാതെ അടുത്ത ഏകദിന പരമ്പരയിലേക്കുള്ള നായകനായി രോഹിത് ശർമയെ ബിസിസിഐ തിരഞ്ഞെടുത്തു. ഇതോടെ കോഹ്‌ലി ടെസ്റ്റ് നായക പദവിയും ഒഴിഞ്ഞു. കോഹ്‌ലി ടി20 നായക പദവി ഒഴിയാതിരിക്കാൻ ശ്രമിച്ചിരുന്നതായാണ് അന്ന് ഗാംഗുലി പറഞ്ഞിരുന്നത്. എന്നാൽ തന്റെ തീരുമാനം ബിസിസിഐ നന്നായി സ്വീകരിച്ചുവെന്നും ഏകദിന നായകപദവി സംബന്ധിച്ച് തീരുമാനമെടുക്കാനുള്ള ആദ്യ ആശയ വിനിമയം അവരുടെ യോഗത്തിന്റെ 90 മിനിട്ട് മുമ്പ് മാത്രമാണ് ലഭിച്ചതെന്നും കോഹ്‌ലി അന്ന് വെളിപ്പെടുത്തി. ഈ സംഭവത്തെ കുറിച്ചാണ് ഗാംഗുലി ഇപ്പോൾ വീണ്ടും പ്രതികരിച്ചത്.

'വിരാട് കോഹ്‌ലിയെ ഞാൻ ക്യാപ്റ്റൻസിയിൽ നിന്ന് നീക്കിയിട്ടില്ല. ഞാനിത് പലവട്ടം പറഞ്ഞതാണ് അദ്ദേഹം (കോഹ്‌ലി) അന്താരാഷ്ട്ര ടി20കളിൽ നായകനാകാൻ താൽപര്യപ്പെട്ടിരുന്നില്ല, അദ്ദേഹം ആ തീരുമാനമെടുത്തപ്പോൾ ടി20യിൽ താൽപര്യമില്ലെങ്കിൽ വൈറ്റ് ബോൾ ക്രിക്കറ്റിൽനിന്ന് മുഴുവൻ മാറുന്നതായിരിക്കും നല്ലതെന്ന് ഞാൻ പറഞ്ഞു. ഒരു വൈറ്റ് ബോൾ നായകനും ഒരു റെഡ് ബോൾ നായകനുമാകുന്നതാകും നല്ലതെന്ന് പറഞ്ഞു' ഗാംഗുലി പുതിയ വീഡിയോയിൽ പറഞ്ഞു.

മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കാൻ രോഹിത് ശർമയ്ക്ക് ഇഷ്ടമില്ലായിരുന്നുവെന്നും ഗാംഗുലി വെളിപ്പെടുത്തി. 'നായക പദവി ഏറ്റെടുക്കാൻ ഞാൻ രോഹിത് ശർമയെ നിർബന്ധിച്ചു. അദ്ദേഹം മൂന്നു ഫോർമാറ്റിലും ടീമിനെ നയിക്കാൻ ഇഷ്ടപ്പെട്ടിരുന്നില്ല. അതിനാൽ അതിൽ എനിക്ക് ചെറിയ പങ്കുജണ്ട്. പക്ഷേ ആര് ഭരിക്കുന്നുവെന്നതിൽ കാര്യമില്ല. കളിക്കാരാണ് കളത്തിൽ പ്രകടനം നടത്തുന്നത്. ഇന്ത്യൻ ക്രിക്കറ്റിന്റെ നന്മക്ക് വേണ്ടിയാണ് എന്നെ ബിസിസിഐ പ്രസിഡൻറാക്കിയത്. ഇത് അതിന്റെ ചെറിയ ഭാഗമാണ്' ഗാംഗുലി പറഞ്ഞു.

Similar Posts