ഇത്രയും പ്രതിഭകള്‍ ടീമിലുണ്ടായിട്ടും എന്തുകൊണ്ട് ധോണി? ഗൗതം ഗംഭീര്‍ പറയുന്നതിങ്ങനെ...
|ധോണിയെ എന്തുകൊണ്ട് ടീമിന്‍റെ ഉപദേശകനാക്കിയെന്നതില്‍ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ച ശേഷം ഏറ്റവും കൂടുതല്‍ ചര്‍ച്ചയായത് ഉപദേശക വേഷത്തില്‍ ധോണിയുടെ തിരിച്ചുവരവാണ്. നിരവധി ക്രിക്കറ്റ് നിരീക്ഷകരാണ് ബിസിസിഐയുടെ ഈ നീക്കത്തെ വിലയിരുത്തി രംഗത്തെത്തിയത്. ധോണിയെ എന്തുകൊണ്ട് ടീമിന്‍റെ ഉപദേശകനാക്കിയെന്നതില്‍ നിരീക്ഷണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ ഗൗതം ഗംഭീര്‍.
"തീര്‍ച്ചയായും ധോണിയെ ടീമിലെത്തിച്ചതിന് പിന്നില്‍ കൃത്യമായ കാരണങ്ങളുണ്ട്. ഇന്ത്യക്ക് ഒരു ഹെഡ് കോച്ചുണ്ട്, ബൌളിങ് കോച്ചുണ്ട്, ബാറ്റിങ് കോച്ചുണ്ട്. എന്നിരുന്നിട്ടും എന്തുകൊണ്ടാണ് വിരാട് കോഹ്‍ലിയും രവി ശാസ്ത്രിയും ധോണിയെ ഇന്ത്യന്‍ ക്യാമ്പിലെത്തിച്ചത്?" സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ പരിപാടിയില്‍ ഗംഭീര്‍ പറഞ്ഞു.
ഇന്ത്യക്കായി കളിക്കുന്ന സമയത്ത് ടീം സമ്മര്‍ദ്ദത്തിലാവുന്ന സാഹചര്യങ്ങളില്‍ ശാന്തനായി ടീമിനെ വിജയത്തിലേക്ക് നയിച്ച ചരിത്രം ധോണിക്കുണ്ടെന്നും ആ അനുഭവസമ്പത്ത് നോക്ക് ഔട്ട് മത്സരങ്ങളിലടക്കം ടീമിന് ഗുണം ചെയ്യുമെന്നും ഗംഭീര്‍ അഭിപ്രായപ്പെടുന്നു. ഇതുതന്നെയാണ് മുന്‍ ഇന്ത്യന്‍ നായകനെ ടീമിലെത്തിക്കാന്‍ പ്രധാന കാരണമെന്നും ഗംഭീര്‍ നിരീക്ഷിക്കുന്നു.
"ടീമില്‍ ഒരുപാട് യുവ താരങ്ങളുണ്ട്. ലോകകപ്പ് പോലുള്ള ഒരു വലിയ ടൂര്‍ണമെന്‍റ് ആദ്യമായി കളിക്കുന്നവര്‍. തീര്‍ച്ചയായും ധോണിയുടെ സാന്നിധ്യം അവര്‍ക്ക് കൂടുതല്‍ ആത്മവിശ്വാസം പകരും. നോക്ക് ഔട്ട് മത്സരങ്ങളില്‍ ഇന്ത്യ നിരന്തരം ഔട്ട് ആകുന്ന കാഴ്ച സമീപകാലങ്ങളില്‍ കണ്ടുവരുന്നുണ്ടായിരുന്നു. അത് ധോണിയുടെ അനുഭവ സമ്പത്തിലൂടെ മറികടക്കാന്‍ കോഹ്‍ലിക്കും കൂട്ടര്‍ക്കും കഴിയും. ഇതുമാത്രമാണ് ധോണിയെ ടീമിലേക്കെടുക്കാനുള്ള കാരണമെന്ന് തോനുന്നു. അതല്ലാത്ത പക്ഷെ ഇന്ത്യന്‍ ടീമിന് ധോണിയെ ആവശ്യമുണ്ടെന്ന് തോന്നുന്നില്ല." ഗംഭീര്‍ കൂട്ടിച്ചേര്‍ത്തു.