Cricket
abd
Cricket

അയാളെ പലരും അനുകരിക്കുന്നുണ്ടാകും; എ.ബി.ഡിക്ക് തുല്യം എ.ബി.ഡി മാത്രം

Sports Desk
|
15 May 2024 11:45 AM GMT

എ.ബി ഡിവില്ലിയേഴ്സോ അയാളാരാണ്?. ഇതൊക്കെ പറയാൻ അയാൾക്കെന്തവകാശം? സ്വന്തം സ്കോറുകൾക്കപ്പുറം ടീമിനായി അയാൾ എന്താണ് നേടിയത്? ഹാർദിക് പാണ്ഡ്യയെ വിമർശിച്ചെന്ന പേരിൽ എ.ബി ഡിവില്ലിയേഴ്സിനെതിരെ ഗൗതം ഗംഭീർ ഉയർത്തിയ വിമർശനങ്ങളാണിത്. ശരിയാണ്, അയാളുടെ പേരിനൊപ്പം ചാർത്താൻ കനക കിരീടങ്ങളോ കനപ്പെട്ട ട്രോഫികളോയില്ലായിരുന്നു. പക്ഷേ കിരീടത്തിളക്കമില്ലാത്തതിനാൽ മാഞ്ഞുപോകുന്ന കരിയറല്ല എബ്രഹാം ബെഞ്ചമിൻ ഡിവി​േ​ല്ലസി​ന്റേത്. ക്രീസിലൊരു കോമ്പനസിനെപ്പോലെ തിരിഞ്ഞ് 360 ഡിഗ്രിയിലും അത്രയും ആധികാരികമായി ഷോട്ടുകളുതിർക്കാനാകുന്ന അയാളെപ്പോലൊരാൾ ഇനിയും പിറവിയെടുത്തിട്ടില്ല. അയാളെ പലരും അനുകരിക്കുന്നുണ്ടാകും. പക്ഷേ അതൊന്നും അയാൾക്ക് തുല്യമാകില്ല.

മോശം പന്തുകളെ തെര​െ​ഞ്ഞെടുത്ത് പ്രഹരിക്കുന്ന ഉജ്ജ്വലമായ അനേകം പേർ ക്രിക്കറ്റിലുണ്ടായിട്ടുണ്ട്. പ​ക്ഷേ ഏത് നല്ല പന്തിനെയും മോശം പന്താക്കി മാറ്റുന്നതായിരുന്നു അയാളുടെ ശൈലി. ക്രീസിനെ ഒരു ഡാൻസിങ് ​​​േഫ്ലാറാക്കി ബൗളറുടെ ആത്മവിശ്വാസത്തെയൊന്നാകെ തകർത്തുകളയുന്ന അയാൾ എത്രയോ രാത്രികളിൽ പന്തെറിയുന്നവരുടെ ദുസ്വപ്നമായി മാറി. ഒരിക്കലൊരു രാവിൽ ഐ.പി.എല്ലിൽ ഉജ്ജ്വലമായി നിറഞ്ഞാടിയതിന് പിന്നാലെ ഇർഫാൻ പത്താൻ ട്വിറ്ററിലൊരു പരാതിക്കത്ത് പോസ്റ്റ് ചെയ്തു. അതിക്രൂരമായി ആക്രമിക്കുന്ന എ.ബി.ഡിക്കെതിരെ ബൗളർമാർ ഔദ്യോഗിക പരാതി നൽകണമെന്നായിരുന്നു ആ കത്തിന്റെ ഉള്ളടക്കം. തമാശയാണെങ്കിലും അതിൽ സത്യമുണ്ടായിരുന്നു. ഡെത്ത് ഓവറുകളിലയാൾ ബാറ്റുചെയ്യുമ്പോൾ ക്യാപ്റ്റൻ തന്റെ നേർക്ക് വിരൽ ചൂണ്ടരുതെന്ന് ആഗ്രഹിച്ച എത്രയോ ബൗളർമാരുണ്ടായിരുന്നു.


'' ഇയാളെ ഡി.എൻ.എ ടെസ്​റ്റിന്​ വിധേയമാക്കണമെന്ന്​ ഞാൻ ആവ​ശ്യപ്പെടുന്നു. കാരണം ഈ കളി മനുഷ്യർക്ക് മാത്രമുള്ളതാണ്​'' വിൻഡീസിനെതിരെ അതിവേഗത്തിൽ 150 റൺസ്​ കുറിച്ചതിന്​ പിന്നാലെ ആകാശ്​ ചോപ്ര പറഞ്ഞതാണിത്​. അമാനുഷികനെന്ന്​ തോന്നും വിധമുള്ള കളിചരിത്രവും ജീവിതവും തന്നെയാണ്​ അയാളുടെ പേരിലുള്ളത്​. കളിക്കാനായി ജനിച്ചതായിരുന്നു അയാൾ. കുട്ടിക്കാലത്തേ ടെന്നിസിലും നീന്തലിലും റഗ്ബിയിലുമെ​ല്ലാം ചാമ്പ്യനായി.

കരിയറിലെ ആദ്യവർഷങ്ങളിൽ പേരുകേട്ട ​ദക്ഷിണാഫ്രിക്കൻ സ്ക്വാഡി​ലെ ഒരു ഷോഡോ മാത്രമായിരുന്നു അയാൾ​.

ഗ്രയാം സ്​മിത്തും ഹെർഷൽ ഗിബ്​സും, കാലിസുമെല്ലാമടങ്ങിയ ബാറ്റിംഗ്​ നിരയിൽ കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല. സ്വയം പുതുക്കിയും പുതിയ ഗവേഷണങ്ങളിലേർപ്പെട്ടും സ്വന്തം കളിജീവിതത്തെ നിരന്തരം പുതുക്കി. പതിയെപ്പതിയെ ഉദിച്ചുപൊന്തി. ടീമിന്റെയാകെ കടിഞ്ഞാൺ ഏറ്റെടുത്തു. ജോണ്ടിറോഡ്​സ്​ ഒഴിച്ചിട്ടുപോയ ദക്ഷിണാഫ്രിക്കയുടെ മേജർ ഫീൽഡിംഗ്​ പൊസിഷനുകളിൽ സ്​ഥിരം സാനിധ്യമായി. റോഡ്​സിനെപ്പോലെ വായുവിൽ ശരീരം ബാലൻസ്​ ചെയ്യാനുള്ള മിടുക്കും ഉന്നം തെറ്റാത്ത ത്രോകളും അത്‍ലറ്റിക്സവും റോഡ്​സി​​​​​െൻറ പിൻഗാമിയാക്കി എബിയെ മാറ്റി.

2012 ലാണ് ദക്ഷിണാഫ്രിക്കയുടെ ഏകദിന ക്യാപ്​റ്റൻ എന്നമുൾക്കിരീടം ഏറ്റെടുത്തുക്കുന്നത്. കണ്ണീർകഥകളുടെ ഭൂതകാലം തിരുത്തിക്കുറിക്കാൻ വന്ന വിമോചകനായി ആരാധകർ കരുതി. എബിയുടെ ക്യാപ്റ്റൻസിയിൽപരമ്പരകളേറെ സ്വന്തമാക്കിയെങ്കിലും വിശ്വവേദികളിൽ പടിക്കൽ കലമുടക്കുന്നവരെന്ന ദക്ഷിണാഫ്രിക്കയുടെ ജാതകം തിരുത്താൻ അയാൾക്കുമായില്ല.2015 ലോകകപ്പിൽ ഓക്ലലൻഡ് മൈതാനത്ത് ന്യൂസിലൻറിനോട്​ സെമിയിൽ പരാജയപ്പെട്ട ശേഷം കരഞ്ഞുകലങ്ങിയ കണ്ണുകളുമായി മടങ്ങുന്ന ആ ചുവന്നമുഖം ഇന്നും മറക്കാത്തവരുണ്ട്​.

വിക്കറ്റ്​ കീപ്പറായി, മൂന്നാമനായി, മധ്യനിരക്കാരനായി, ഫിനിഷറായി പലവേഷങ്ങളിൽ നിറഞ്ഞാടി​. കരിയറിൽ വില്ലനായെത്തിയ പരിക്കിനോടും വിമർശനങ്ങളോടും പടവെട്ടി 114 ടെസ്​റ്റുകളിൽ നിന്നും 22 സെഞ്ചുറികളടക്കം 50.66 ശരാശരിയിൽ 8765 റൺസും 228 ഏകദിനങ്ങളിൽ നിന്നും 25 സെഞ്ചുറിയടക്കം 53.50 ശരാശരിയിൽ 9577 റൺസും, 78 ട്വൻറികളിൽ നിന്നും 1672 റൺസും കുറിച്ചിട്ടുണ്ട്​. ഏകദിനത്തിലെ മികച്ച കളിക്കാരനുള്ള ​െഎസിസി അവാർഡ്​ 2010, 2014, 2015 വർഷങ്ങളിൽ സ്വന്തമാക്കിയതോടൊപ്പം ഏകദിനത്തിലും ടെസ്​റ്റിലും ഏറെക്കാലം ഒന്നാമനായിരുന്നു. 2015ൽ വാണ്ടറേഴ്സിൽ വെസ്​റ്റ്​ ഇൻഡീസിനെതിരെ 31പന്തിൽ നേടിയ റെക്കോർഡ്​ സെഞ്ചുറി ആ ​പ്രതിഭയുടെ മൂർത്തീഭാവമായിരുന്നു.


മാന്യൻമാരുടെ കളിയായ ക്രിക്കറ്റിലെ അത്രമാന്യരല്ലാത്ത കാണികളെന്നറിയപ്പെടുന്നവരാണ്​ ഇന്ത്യക്കാർ. ദേശീയതക്കപ്പുറം ക്രിക്കറ്റിനെ കാണാനാകാത്ത ഇൗ ആരാധകക്കൂട്ടത്തി​ന്റെ ദേഷ്യം പോണ്ടിംഗും ഫ്​ളി​േൻറാഫും സൈമണ്ട്സുമെല്ലാം അറിഞ്ഞിട്ടുണ്ട്. പക്ഷേ എബിഡി അങ്ങനെയായിരുന്നില്ല. ഇന്ത്യക്കെതിരെ തകർത്തടിക്കുമ്പോൾ പോലും ആളുകൾ അയാൾക്കായി അലറിവിളിച്ചു. ഗാലറിയിൽ തിരമാലയുടെ ഇരമ്പലുപോലുയരുന്ന എ.ബി.ഡി വിളികളുടെ അന്തരീക്ഷത്തിൽ ശാന്തനായി മൈതാനത്തിറങ്ങുന്ന ഡിവില്ലേഴ്​സ്സ് ലോകക്രിക്കറ്റിലെ മനോഹരദൃശ്യങ്ങളിലൊന്നായിരുന്നു. െഎ.പിഎൽ രാവുകളിലെ പ്രകടനങ്ങളും കളിക്കളത്തിലെ ശാന്തതയുമാണ്​ എബിയെ ഇന്ത്യക്കാരുടെ പ്രിയങ്കരനാക്കിയത്​. 2010 വരെ ഡെൽഹി ഡെയർഡെവിൾസ്​ താരമായിരുന്ന എബി 2011ൽ ബാംഗ്ലൂർ റോയൽ ചാല​ഞ്ചേഴ്​സ് ജഴ്​സിയണിഞ്ഞതോടെയാണ്​ ത​​​​​ന്റെവിശ്വരൂപം പുറത്തെടുത്തത്​. എല്ലാം തകർന്നെന്നു കരുതുമ്പോൾ അവിശ്വസനീയമായി മുളക്കുന്ന അയാളുടെ ചിറകിലേറി മാത്രം ബെംഗളൂരു​ റാഞ്ചിയെടുത്ത മത്സരങ്ങൾ ഏറെയാണ്​. അയാളുടെ സേവനങ്ങൾക്കുള്ള ആദരമായി ബെംഗളൂരു നഗരത്തിലെ ഉൾറോഡുകളിലൊന്നിന് ആരാധകർ അയാളുടെ പേര് ചാർത്തിനൽകി.

ക്രിക്കറ്റിലെ ക്ലാസിക്​ ശൈലിക്കും വെടിക്കെട്ട്​ ശൈലിക്കും ഇടയിലായിരുന്നു അയാളുടെ ബാറ്റിങ്. ഏത് സമയത്ത് വേണമെങ്കിലും ട്രാൻഫർമേഷൻ ചെയ്യാം. 2015ൽ ഫിറോസ് ഷാ​ കോട്ട്‍ലയിൽ വെച്ച് 43 പന്തുകളിൽ നേടിയ 297 റൺസതിന്റെ ഉദാഹരണമാണ്. െഎസ്​ കട്ടപോലെ തണുത്തുറയാനും ഒാളങ്ങൾ വെട്ടിച്ച് തുഴഞ്ഞുനീങ്ങാനും തിരമാലകൾ പോലെ ആർത്തിരമ്പാനും അയാൾക്ക് സാധിക്കുമായിരുന്നു. ഒടുവിലൊരു നാൾ എല്ലാവരെയും അമ്പരപ്പിച്ച് അയാൾ കളി മതിയാക്കിപ്പോയി. കണ്ണിലേറ്റ പരിക്ക് മുതൽ ക്രിക്കറ്റ് ബോർഡിനോടുള്ളഉടക്ക് വരെ അതിന് കാരണമായി പറയപ്പെടുന്നു. എത്രയോ യൗവ്വനം അയാളിൽ ഉറവവറ്റാതെ പിന്നെയും ബാക്കിയുണ്ടായിരുന്നു. പലരുമയാളെ ഗ്രൗണ്ടിലേക്ക് തിരിച്ചുവിളിച്ചെങ്കിലും ഒരിക്കലുമത് സംഭവിച്ചില്ല. അങ്ങനെ അയാളുമൊരു മനോഹര ഓർമ മാത്രമായി മാറി.

Similar Posts