അഫ്ഗാനെതിരെയും ഗില്ലുണ്ടാകില്ല; പകരം ആരിറങ്ങും?
|ആസ്‌ത്രേലിയക്കെതിരെ ഗില്ലിന് പകരം ഇറങ്ങിയ ഇഷൻ കിഷൻ പൂജ്യത്തിന് പുറത്തായിരുന്നു
ഏകദിന ലോകകപ്പിൽ അഫ്ഗാനിസ്ഥാനെതിരെയുള്ള മത്സരത്തിലും ഇന്ത്യയുടെ സ്റ്റാർ ബാറ്റർ ശുഭ്മാൻ ഗില്ലുണ്ടാകില്ല. ഡെങ്കിപ്പനിയെ തുടർന്ന് ആസ്‌ത്രേലിയക്കെതിരെയുള്ള മത്സരത്തിൽ കളിക്കാതിരുന്ന താരം അഫ്ഗാനെതിരെയും ഇറങ്ങില്ലെന്ന് ബിസിസിഐ സ്ഥിരീകരിച്ചു. ആസ്‌ത്രേലിയക്കെതിരെ ഗില്ലിന് പകരം ഇഷൻ കിഷനാണ് രോഹിതിനൊപ്പം ഓപ്പണറായത്.
'ടീം ഇന്ത്യയുടെ ബാറ്റർ ശുഭ്മാൻ ഗിൽ ഒക്‌ടോബർ ഒമ്പതിന് ഡൽഹിയിലേക്ക് ടീമിനൊപ്പം യാത്ര ചെയ്യില്ല. ആസ്‌ത്രേലിയക്കെതിരെ ചെന്നൈയിൽ നടന്ന മത്സരം നഷ്ടപ്പെട്ട താരം അഫ്ഗാനെതിരെ ഒക്‌ടോബർ 11ന് ഡൽഹിയിൽ നടക്കുന്ന കളിയിലും കളിക്കില്ല. മെഡിക്കൽ സംഘത്തിന്റെ നിരീക്ഷണത്തിൽ താരം ചെന്നൈയിൽ തുടരും' ബിസിസിഐ വാർത്താകുറിപ്പിൽ പറഞ്ഞു.
തങ്ങൾ ഒരുങ്ങിയാണ് ടൂർണമെൻറിന് എത്തിയതെന്നും എല്ലാവർക്കും ആരോഗ്യ ക്ഷമതയുണ്ടെന്നും എന്നാൽ ഗിൽ 100 ശതമാനം ആരോഗ്യവാനല്ലെന്നും രോഹിത് ആസ്‌ത്രേലിയക്കെതിരെയുള്ള മത്സരത്തിന് മുന്നോടിയായുള്ള വാർത്താസമ്മേളനത്തിൽ പറഞ്ഞിരുന്നു.
ആസ്‌ത്രേലിയക്കെതിരെ പൂജ്യത്തിന് പുറത്തായെങ്കിലും ഇഷൻ കിഷൻ തന്നെയായിരിക്കും അഫ്ഗാനെതിരെയും ഓപ്പണറായി ഇറങ്ങുക. കഴിഞ്ഞ കളിയിൽ പൂജ്യത്തിന് പുറത്തായ ശ്രേയസ് അയ്യരും ടീമിൽ ഇടംപിടിക്കും.
ചെന്നൈയിലെ ചെപ്പോക്ക് സ്റ്റേഡിയത്തിൽ നടന്ന ഇന്ത്യ-ആസ്ട്രേലിയ മത്സരത്തിനായി ചെന്നൈയിലെത്തിയ ഇന്ത്യൻ സംഘത്തിൽ ഗില്ലുമുണ്ടായിരുന്നു. ഇതിനിടെയാണ് താരത്തിനു ഡെങ്കി ബാധിച്ചത്.
ചെറിയ കാലയളവുകൊണ്ടു തന്നെ ഇന്ത്യയുടെ വിശ്വസ്ത ഓപണറായി മാറിയ ഗിൽ ഈ വർഷം കത്തുന്ന ഫോമിലാണുള്ളത്. ഏഴു സെഞ്ച്വറി ഉൾപ്പെടെ 1,230 റൺസാണ് ഈ വർഷം മാത്രം താരം അടിച്ചുകൂട്ടിയത്.
India's star batsman Shubman Gill is out for the ODI World Cup match against Afghanistan.