പോയി രഞ്ജി കളിച്ച് തിരിച്ചുവരൂ';അവസാന ടെസ്റ്റിൽ പടിദാർ കളിച്ചേക്കില്ല,നിർണായക മാറ്റങ്ങൾക്ക് ഇന്ത്യ
|പരിക്ക് ഭേദമാകാത്ത കെഎൽ രാഹുൽ കളിക്കില്ലെന്നാണ് റിപ്പോർട്ട്
ന്യൂഡൽഹി: ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയിൽ നിരന്തരം പരാജയപ്പെടുന്ന മധ്യനിര ബാറ്റർ രജത് പടിദാറിനെ അവസാന ടെസ്റ്റ് മത്സരത്തിൽ നിന്ന് ഒഴിവാക്കാൻ സാധ്യത. പകരം ദേവ്ദത്ത് പടിക്കൽ അന്തിമ ഇലവനിലേക്ക് മടങ്ങിയെത്തിയേക്കും. ഫോം കണ്ടെത്താൻ പ്രയാസപ്പെടുന്ന 30 കാരനോട് രഞ്ജി ട്രോഫി കളിക്കാൻ സെലക്ഷൻ കമ്മിറ്റി ആവശ്യപ്പെട്ടേക്കുമെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. ഇതിനകം പരമ്പര (3-1) സ്വന്തമാക്കിയ ഇന്ത്യ മാർച്ച് ഏഴിന് ധരംശാലയിൽ നടക്കുന്ന മത്സരത്തിൽ നിരവധി മാറ്റങ്ങൾക്കാണ് തയാറെടുക്കുന്നത്.
രഞ്ജി ട്രോഫി സെമിയിൽ വിദർഭയെ നേരിടുന്ന മധ്യപ്രദേശ് ടീമിലേക്കാണ് രജത് പടിദാറിനെ പരിഗണിക്കുക.ഇംഗ്ലണ്ട് പര്യടനത്തിൽ ആറ് ഇന്നിങ്സുകളിൽ നിന്നായി 32 റൺസാണ് റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ താരത്തിന്റെ ഏറ്റവും ഉയർന്ന സ്കോർ. രണ്ട് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി. നിർണായക മത്സരത്തിൽ സമ്മർദ്ദത്തിനടിപ്പെട്ട് പുറത്താകുന്നത് ആതിഥേയരുടെ പ്രകടനത്തെയും വലിയതോതിൽ ബാധിച്ചിരുന്നു. പടിദാറിന് ശേഷം ക്രീസിലെത്തിയ ധ്രുവ് ജുറേലിന്റെ ചെറുത്തുനിൽപ്പാണ് റാഞ്ചി ടെസ്റ്റിലടക്കം ഇന്ത്യക്ക് വിജയം സമ്മാനിച്ചത്.
അതേസമയം, പരിക്കിന്റെ പിടിയിലുള്ള കെ.എൽ രാഹുലിന്റെ മടങ്ങിവരവിലും അവ്യക്തത തുടരുകയാണ്. അവസാന ടെസ്റ്റിലും മടങ്ങിയെത്തില്ലെന്നാണ് റിപ്പോർട്ട്. വിദഗ്ധ ചികിത്സക്കായി താരം ലണ്ടനിലേക്ക് പോയിരിക്കുകയാണ്. ഇതോടെ ധരംശാല ടെസ്റ്റിലേക്കും പരിഗണിക്കാനിടയില്ല. നേരത്തെ താരം 90 ശതമാനം ഫിറ്റായെന്ന് റിപ്പോർട്ടുണ്ടായിരുന്നെങ്കിലും നാലാം ടെസ്റ്റിലേക്കും മടങ്ങിയെത്തിയില്ല. പരമ്പര നേടിയതിനാൽ താരത്തെ തിരക്കിട്ട് തിരിച്ചുവിളിക്കേണ്ടതില്ലെന്ന നിലപാടിലാണ് സെലക്ഷൻ കമ്മിറ്റിയും.