Cricket
Prasidh Krishna - Rajasthan Royals- IPL 2023

പ്രസിദ്ധ് കൃഷ്ണ-കുമാര്‍ സംഗക്കാര- സഞ്ജു സാംസണ്‍

Cricket

രാജസ്ഥാൻ റോയൽസ് ആരാധകർക്ക് സന്തോഷ വാർത്ത: പ്രസിദ്ധ് കൃഷ്ണ 'തിരിച്ചുവരുന്നു'

Web Desk
|
19 April 2023 12:31 PM GMT

കഴിഞ്ഞ വർഷം ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളായിരുന്നു കൃഷ്ണ

ജയ്പൂർ: 2023 ഐ.പി.എല്ലിന് മുന്നോടിയായി രാജസ്ഥാൻ റോയൽസിനേറ്റ ഏറ്റവും വലിയ തിരിച്ചടിയായിരുന്നു പേസര്‍ പ്രസിദ്ധ് കൃഷ്ണക്കേറ്റ പരിക്ക്. കഴിഞ്ഞ വർഷം ടീമിനെ ഫൈനലിലെത്തിക്കുന്നതിൽ നിർണായക പങ്കുവഹിച്ച താരങ്ങളിൽ ഒരാളായിരുന്നു കൃഷ്ണ. രാജസ്ഥാൻ റോയൽസിന്റെ വിക്കറ്റ് വേട്ടക്കാരിൽ രണ്ടാമതുള്ള പ്രസിദ്ധ്കൃഷ്ണ ഈ സീസണിലും ടീമിന്റെ തുറുപ്പ് ചീട്ടാകുമെന്ന് കരുതിയിരുന്നതാണ്.

എന്നാൽ അപ്രതീക്ഷിതമായേറ്റ പരിക്ക് താരത്തിനും ടീമിനും വെല്ലുവിളിയാകുകയായിരുന്നു. നിലവിൽ പോയിന്റ് പട്ടികയിൽ ഒന്നാം സ്ഥാനത്തുള്ള രാജസ്ഥാൻ റോയൽസ് ഇന്ന് ലക്‌നൗവിനെ നേരിടാനൊരുങ്ങുമ്പോൾ ടീമിനും ആരാധകർക്കും ആശ്വാസമാവുകയാണ് പ്രസിദ്ധ് കൃഷ്ണയുടെ 'തിരിച്ചുവരവ്'. രാജസ്ഥാൻ റോയൽസ് പങ്കുവെച്ചൊരു ട്വീറ്റാണ് അഭ്യൂഹങ്ങൾക്ക് തുടക്കമിട്ടത്. താരത്തിന്റെ 23ാം ജേഴ്‌സിയുടെ ചിത്രങ്ങളാണ് രാജസ്ഥാൻ പങ്കുവെച്ചത്.

ഇതോടെ താരം തിരിച്ചുവരുന്നു എന്ന തരത്തിലുള്ള ട്വീറ്റുകൾ സമൂഹമാധ്യമങ്ങളിൽ ചർച്ചയായി. എന്നാൽ സസ്‌പെൻസ് പൊളിച്ച് രാജസ്ഥാൻ റോയൽസ് തന്നെ രംഗത്ത് എത്തി. പ്രസിദ്ധ് കൃഷ്ണയുടെ തിരിച്ചുവരവ് കളി കാണാനാണെന്ന് മാത്രം. ഹോം ഗ്രൗണ്ടായ ജയ്പൂരിൽ ടീമിനെ പിന്തുണക്കാൻ ആരാണ് എത്തിയതെന്ന് നോക്കൂ എന്ന് തലക്കെട്ടോടെ രാജസ്ഥാൻ റോയൽസ് തന്നെ ചിത്രം പങ്കുവെച്ചു. പരിശീലകൻ കുമാർ സംഗക്കാര കൃഷ്ണക്ക് ജേഴ്‌സി കൈമാറുന്ന ചിത്രം പങ്കുവെച്ചായിരുന്നു രാജസ്ഥാൻ റോയൽസിന്റെ ട്വീറ്റ്. അതേസമയം കൃഷ്ണയുടെ സേവനം ഈ ഐപിഎല്ലിന് ലഭിക്കുമോ എന്ന് ഇപ്പോഴും വ്യക്തമല്ല. ഈ സീസൺ മുഴുവനും താരത്തിന് നഷ്ടമാകുമെന്നായിരുന്നു റിപ്പോർട്ടുകൾ.

2018ൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന് വേണ്ടിയാണ് പ്രസിദ്ധ് കൃഷ്ണ ഐ.പി.എല്ലിൽ അരങ്ങേറുന്നത്. ബംഗളൂരു വേരുകളുള്ള കൃഷ്ണ, 51 മത്സരങ്ങൾ ഐ.പി.എല്ലിൽ കളിച്ചിട്ടുണ്ട്. കഴിഞ്ഞ സീസണിൽ 19 വിക്കറ്റുകളാണ് പ്രസിദ്ധ് കൃഷ്ണ വീഴ്ത്തിയത്. അന്താരാഷ്ട്ര ക്രിക്കറ്റിൽ ഇന്ത്യക്കായും താരം അരങ്ങേറിയിട്ടുണ്ട്. 14 ഏകദിനങ്ങൾ ഇന്ത്യക്കായി കളിച്ചു. ഫിറ്റ്‌നസ് പ്രശ്‌നം കാരണം ഈ സീസൺ ഐ.പി.എൽ പ്രസിദ്ധ് കൃഷ്ണക്ക് നഷ്ടമാകുമെന്ന് രാജസ്ഥാൻ ടീം നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യത്തിൽ പുതിയ അപ്‌ഡേഷനൊന്നും രാജസ്ഥൻ റോയൽസ് നൽകിയിട്ടില്ല.



Similar Posts