ബൗളിങ് ഓപ്ഷനുകൾ ഹൈദരാബാദിനെ തുണച്ചില്ല; അവസാന പന്തിൽ ഗുജറാത്തിന് തകർപ്പൻ ജയം
|ഹൈദരാബാദ് ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു
'ദൈവമേ പാവത്തുങ്ങൾക്ക് ഇത്രയും ബൗളിങ് ഓപ്ഷനുകൾ നൽകരുതേയെന്ന' ട്രോളുകൾ മാറ്റിവെക്കാം. മികച്ച ബൗളിങ് നിരയുണ്ടായിട്ടും മികച്ച ടോട്ടൽ പ്രതിരോധിക്കാൻ സൺറൈസേഴ്സ് ഹൈദരാബാദിനായില്ല, ഇന്ത്യൻ പ്രീമിയർ ലീഗ് പോയൻറ് പട്ടികയിൽ ഒന്നും രണ്ടും സ്ഥാനത്തുള്ള ടീമുകളുടെ പോരാട്ടത്തിൽ ഗുജറാത്ത് ടൈറ്റൻസിന് വിജയം. ഹൈദരാബാദ് ഉയർത്തിയ 196 റൺസ് വിജയ ലക്ഷ്യം അവസാന പന്തിൽ ഗുജറാത്ത് മറികടക്കുകയായിരുന്നു. റാഷിദ് ഖാനാണ് അവസാന പന്തിൽ സിക്‌സറിടിച്ച് ടീമിന് വിജയം സമ്മാനിച്ചത്. അർധ സെഞ്ച്വറി നേടിയ വൃദ്ധിമാൻ സാഹ(68), രാഹുൽ തേവാട്ടിയ (40), റാഷിദ് ഖാൻ (31) എന്നിവരുടെ തകർപ്പൻ പ്രകടനമാണ് ഗുജറാത്തിന് തുണയായത്.
അതിവേഗതയുടെ പര്യായമായി ടൂർണമെൻറിൽ പേരെടുത്ത ഉംറാൻ മാലിക് നാലു ഓവറിൽ 25 റൺസ് വിട്ടു നൽകി അഞ്ചു വിക്കറ്റെടുത്തു. വൃദ്ധിമാൻ സാഹ, ശുഭ്മാൻ ഗിൽ, ഡേവിഡ് മില്ലർ, അഭിനവ് മനോഹർ എന്നിവരെയൊക്കെ ഉംറാൻ ബൗൾഡാക്കിയപ്പോൾ ഹാർദിക് പാണ്ഡ്യയെ മാർകോ ജൻസെന്റെ കൈകളിലെത്തിച്ചു. എന്നാൽ ഹൈദരാബാദ് നിരയിലെ മറ്റാർക്കും വിക്കറ്റുകൾ വീഴ്ത്താനായില്ല. നേരത്തെ അർധസെഞ്ച്വറിയുമായി അഭിഷേക് ശർമയും(65) ഐയ്ഡൻ മർക്രമും (56) അടിച്ചുതകർത്തതോടെയാണ് സൺറൈസേഴ്സ് ഹൈദരാബാദ് മികച്ച സ്‌കോറിലെത്തിയത്.
ടോസ് നേടി ബോളിങ് തിരിഞ്ഞെടുത്ത ഗുജറാത്ത് ടൈറ്റൻസിന് മികച്ച തുടക്കമാണ് മുഹമ്മദ് ഷമി നൽകിയത്. കേവലം അഞ്ചു റൺസ് നേടിയ ക്യാപ്റ്റനും ഓപ്പണറുമായ കെയ്ൻ വില്യംസണെ ഷമി ബൗൾഡാക്കി. വൺഡൗണായെത്തി രണ്ടു ഫോറും ഒരു സിക്സറുമടക്കം 16 റൺസ് നേടിയ രാഹുൽ ത്രിപാതിയെ എൽബിഡബ്ലു ആക്കി ഷമി തിരിച്ചയക്കുകയും ചെയ്തു. ഓപ്പണർ അഭിഷേക് ശർമയും പിന്നീട് വന്ന ഐയ്ഡൻ മർക്രമും ചേർന്നതോടെ ടീം സ്‌കോർ മുന്നോടു കുതിച്ചു. ഒടുവിൽ അൽസാരി ജോസഫിന്റെ പന്തിൽ ശർമ ബൗൾഡായതോടെ കൂട്ടുകെട്ട് പൊളിഞ്ഞു. ശേഷം വന്ന നിക്കോളാസ് പൂരനെ ഷമി ശുഭ്മാൻ ഗില്ലിന്റെ കൈകളിലെത്തിച്ചു. മർക്രമിനെ യാഷ് ദയാലിന്റെ പന്തിൽ ഡേവിഡ് മില്ലർ പിടികൂടിയതോടെ സ്‌കോറിങ് വേഗം കുറഞ്ഞു.
മൂന്നു റൺസ് മാത്രം നേടിയ വാഷിങ്ഡൺ സുന്ദറിനെ അൽസാരി ജോസഫ് റൺഔട്ടാക്കി. 25 റൺസുമായി ശശാങ്ക് സിങ്ങും എട്ടു റൺസുമായി മാർകോ ജാൻസെനും പുറത്താകാതെ നിന്നു. ഗുജറാത്തിനായി ഷമി മൂന്നും യാഷ് ദയാൽ അൽസാരി ജോസഫ് എന്നിവർ ഒന്നും വിക്കറ്റ് നേടി.
Gujarat Titans win over Sunrisers Hyderabad