കോഹ്ലിയുടെ ടീമിൽ ഞാനുണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ: ശ്രീശാന്ത്
|സഞ്ജു സാംസണും സച്ചിൻ ബേബിയും അടക്കം താൻ വഴികാട്ടിയവരെല്ലാം ക്രിക്കറ്റ് ലോകത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു
ഇന്ത്യൻ മുൻ ക്യാപ്റ്റന് വിരാട് കോഹ്ലി നയിച്ച ലോകകപ്പ് ടീമുകളിൽ താൻ ഉണ്ടായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടുമായിരുന്നു എന്ന് മുൻ ഇന്ത്യൻ താരവും മലയാളിയുമായ എസ് ശ്രീശാന്ത്.
2019 ഏകദിന ലോകകപ്പിലും 2021 ടി20 ലോകകപ്പിലുമാണ് കോഹ്ലി ഇന്ത്യയെ നയിച്ചത്. 2019 ൽ സെമിയിൽ ന്യൂസിലാന്റിനോട് പരാജയപ്പെട്ട് പുറത്തായപ്പോൾ 2021 ൽ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താവാനായിരുന്നു വിധി.
"വിരാട് കോഹ്ലിയുടെ നായകത്വത്തിന് കീഴിൽ ഞാൻ ഇന്ത്യൻ ടീമിന്റെ ഭാഗമായിരുന്നെങ്കിൽ ഇന്ത്യ ലോകകപ്പ് നേടിയേനെ"- ശ്രീശാന്ത് പറഞ്ഞു. ഓഡിയോ ചാറ്റ് റൂമായ ക്രിക് ചാറ്റിലാണ് ശ്രീശാന്തിന്റെ പ്രസ്താവന.
സഞ്ജു സാംസണും സച്ചിൻ ബേബിയും അടക്കം താൻ വഴികാട്ടിയവരെല്ലാം ക്രിക്കറ്റ് ലോകത്ത് മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ടെന്നും ശ്രീശാന്ത് കൂട്ടിച്ചേർത്തു. 2011ലെ ഏകദിന ലോകകപ്പ് ഇന്ത്യ നേടിയതിന് ശേഷം വികാരാധീനനായി സച്ചിൻ ടെണ്ടുൽക്കറിനൊപ്പം നിന്നതും ശ്രീശാന്ത് അനുസ്മരിച്ചു. ആ ലോകകപ്പ് സച്ചിൻ ടെണ്ടുൽക്കറിനായാണ് തങ്ങൾ നേടിക്കൊടുത്തത് എന്ന് അദ്ദേഹം പറഞ്ഞു. ഈ വർഷം മാർച്ചിലാണ് ശ്രീശാന്ത് ആഭ്യന്തര ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ തീരുമാനം പ്രഖ്യാപിച്ചത്.